സുപ്രീം കോടതി ഉത്തരവുണ്ടായിട്ടും, ക്ഷേത്ര ട്രസ്റ്റി ബോർഡ് അനുമതി നൽകാത്തതിനെത്തുടർന്ന് നവംബർ 24ന് ദീപത്തൂണിൽ ദീപം തെളിയിച്ചില്ല. പകരം പതിവുപോലെ ഉച്ചിപ്പിള്ളയാർ ക്ഷേത്രത്തിന് സമീപം തന്നെയാണ് ദീപം തെളിയിച്ചത്.
മധുര: തിരുപ്പരൻകുൻട്രം ദീപത്തൂണിൽ ദീപം തെളിക്കാതിരുന്നതിൽ ക്ഷേത്രം ദേവസ്ഥാനത്തെ പഴിച്ച് മധുര ജില്ലാ കളക്ടർ. ഉത്തരവ് നടപ്പാക്കാതിരുന്നതിൽ മാപ്പ് ചോദിച്ചു കളക്ടർ സുപ്രീം കോടതിയിൽ റിപ്പോർട്ട് നൽകി. അതേസമയം ദീപത്തൂണിൽ ദീപം തെളിക്കാൻ നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട് സ്വദേശി, സുപ്രീം കോടതിയിൽ പുതിയ ഹർജി നൽകി. കളക്ടർക്കെതിരെ ഹൈന്ദവ സംഘടനകൾ കോടതിയലക്ഷ്യ ഹർജിയും ഫയൽ ചെയ്തിട്ടുണ്ട്.
നൂറ്റാണ്ടുകളായി മധുരയിലുള്ള തിരുപ്പരൻകുൻട്രം കുന്നിന്റെ മധ്യഭാഗത്തുള്ള ഉച്ചിപ്പിള്ളയാർ ക്ഷേത്രത്തിന് സമീപമുള്ള ദീപമണ്ഡപത്തിലാണ് കാർത്തിക മഹാദീപം തെളിയിക്കാറുള്ളത്. എന്നാൽ, കുന്നിന്റെ മുകൾഭാഗത്ത് ദർഗയ്ക്ക് ഏകദേശം 50 മീറ്റർ അകലെയുള്ള കൽത്തൂണിൽ ദീപം തെളിയിക്കണമെന്ന് ഹിന്ദു സംഘടനകൾ ആവശ്യപ്പെട്ടതോടെയാണ് തർക്കം രൂക്ഷമായത്. ഈ കൽത്തൂൺ പുരാതനമായ ദീപത്തൂൺ ആണെന്നും ക്ഷേത്രഭൂമിയിലാണെന്നും ഹിന്ദു സംഘടനകൾ വാദിക്കുന്നു. എന്നാൽ ബ്രിട്ടീഷ് ഭരണകാലത്ത് സർവേ ആവശ്യങ്ങൾക്കായി സ്ഥാപിച്ച കല്ലാണ് ഇതെന്നാണ് തമിഴ്നാട് പുരാവസ്തു വകുപ്പിന്റെ റിപ്പോർട്ട്.
2025 ഡിസംബറിൽ മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് തർക്കത്തിലിരിക്കുന്ന ദീപത്തൂണിൽ കാർത്തിക ദീപം തെളിയിക്കാൻ അനുമതി നൽകിയിരുന്നു. എന്നാൽ ക്രമസമാധാന പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ഭരണകൂടം ഇത് തടഞ്ഞു. 2026 നവംബർ 20ന് സുപ്രീം കോടതി ഇടക്കാല ഉത്തരവിലൂടെ, നവംബർ 24ന് നടക്കുന്ന കാർത്തിക ദീപം ഉത്സവത്തിന് ഒറ്റത്തവണത്തേക്കുള്ള ക്രമീകരണമെന്ന നിലയിൽ ദീപത്തൂണിൽ ദീപം തെളിയിക്കാൻ അനുമതി നൽകി.
ക്ഷേത്ര ഭരണസമിതിയും ഉദ്യോഗസ്ഥരും ചേർന്ന് നിയന്ത്രിതമായി ചടങ്ങ് നടത്തണമെന്നായിരുന്നു നിർദ്ദേശം. സുപ്രീം കോടതി ഉത്തരവുണ്ടായിട്ടും, ക്ഷേത്ര ട്രസ്റ്റി ബോർഡ് അനുമതി നൽകാത്തതിനെത്തുടർന്ന് നവംബർ 24ന് ദീപത്തൂണിൽ ദീപം തെളിയിച്ചില്ല. പകരം പതിവുപോലെ ഉച്ചിപ്പിള്ളയാർ ക്ഷേത്രത്തിന് സമീപം തന്നെയാണ് ദീപം തെളിയിച്ചത്.
















