ചന്ദ്രശേഖര്‍ ആസാദിന് പ്രതിഷേധ മാര്‍ച്ച് നടത്താന്‍ അനുമതി നിഷേധിച്ച് ദില്ലി പൊലീസ്

By Web TeamFirst Published Dec 20, 2019, 12:20 PM IST
Highlights

ജുമാ മസ്ജിദില്‍ നിന്ന് ജന്തര്‍ മന്തറിലേക്ക് ചന്ദ്രശേഖര്‍ ആസാദ് നടത്താനിരുന്ന മാര്‍ച്ചിനാണ് പൊലീസ് അനുമതി നിഷേധിച്ചിരിക്കുന്നത്. ജവഹര്‍ലാല്‍ നെഹ്റു, ജാമിയ മിലിയ ഇസ്ലാമിയ എന്നീ സര്‍വകലാശാലകളിലെ വിദ്യാര്‍ത്ഥികള്‍ മാര്‍ച്ചില്‍ പങ്കെടുക്കുമെന്നാണ് കരുതപ്പെടുന്നത്

ദില്ലി: പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധം രാജ്യമാകെ അലയടിക്കുമ്പോള്‍ ഭീം ആര്‍മി തലവന്‍ ചന്ദ്രശേഖര്‍ ആസാദിന്  പ്രതിഷേധ മാര്‍ച്ച് നടത്താനുള്ള അനുമതി നിഷേധിച്ച് ദില്ലി പൊലീസ്. ജുമാ മസ്ജിദില്‍ നിന്ന് ജന്തര്‍ മന്തറിലേക്ക് ചന്ദ്രശേഖര്‍ ആസാദ് നടത്താനിരുന്ന മാര്‍ച്ചിനാണ് പൊലീസ് അനുമതി നിഷേധിച്ചിരിക്കുന്നത്.

ജവഹര്‍ലാല്‍ നെഹ്റു, ജാമിയ മിലിയ ഇസ്ലാമിയ എന്നീ സര്‍വകലാശാലകളിലെ വിദ്യാര്‍ത്ഥികളും മാര്‍ച്ചില്‍ പങ്കെടുക്കുമെന്നാണ് കരുതപ്പെടുന്നത്. നേരത്തെ, പൗരത്വ നിയമ ഭേദഗതിക്കെതിരെ സമരം ചെയ്യുന്ന ജാമിയ മിലിയ വിദ്യാര്‍ഥികള്‍ക്ക് പിന്തുണയുമായി ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് എത്തിയിരുന്നു.

ഞായറാഴ്ച അര്‍ധരാത്രിയാണ് ആസാദ് ക്യാമ്പസിലെത്തിയത്. കാറിന് മുകളില്‍ കയറിയിരുന്നാണ് ആസാദ് വിദ്യാര്‍ഥികളെ അഭിസംബോധന ചെയ്തത്. ഞാനിവിടെ വന്നത് സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനാണ്. സഹോദരങ്ങള്‍ വിയര്‍പ്പൊഴുക്കുമ്പോള്‍ ഞങ്ങള്‍ രക്തം നല്‍കും. പൊലീസിന്‍റെ ആദ്യ ബുള്ളറ്റ് ഏറ്റുവാങ്ങാനാണെന്നും ആസാദ് പറഞ്ഞിരുന്നു.

അതേസമയം, പൗരത്വ ഭേദഗതിക്കെതിരെയുള്ള പ്രതിഷേധങ്ങൾ ഉത്തരേന്ത്യയിൽ തുടരുകയാണ്. പഴയ ദില്ലി കേന്ദ്രീകരിച്ച് ഇന്നും പ്രതിഷേധങ്ങൾ നടക്കും. ജാമിയ ഉൾപ്പെടെ ക്യാമ്പസുകളിലും പ്രതിഷേധങ്ങൾ തുടരും. സമരത്തിന് ഏകീകൃത രൂപത്തിനായി വിവിധ സംഘടനകളുടെ യോഗം വിളിക്കുമെന്ന് സ്വരാജ് അഭയാൻ നേതാവ് യോഗേന്ദ്ര യാദവ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഇതിനിടെ ചൊവ്വാഴ്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ഔദ്യോഗിക വസതിയിലേക്ക് ജാമിയ വിദ്യാർത്ഥികൾ മാർച്ച് പ്രഖ്യാപിച്ചിട്ടുണ്ട്.

click me!