Latest Videos

കോണ്‍ഗ്രസിന്‍റെ ഇഡി ഓഫീസ് മാര്‍ച്ചിന് അനുമതിയില്ല; ക്രമസമാധാന പ്രശ്നം ഉണ്ടാകുമെന്ന് പൊലീസ്, അനുമതി നിഷേധിച്ചു

By Web TeamFirst Published Jun 12, 2022, 11:32 PM IST
Highlights

ക്രമസമാധാന പ്രശ്നം ഉണ്ടാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ഇ ഡി ഓഫീസിലേക്ക് റാലി നടത്തിയാൽ അറസ്റ്റ് ചെയ്യുമെന്ന് നേതാക്കൾക്ക് ദില്ലി പൊലീസ് മുന്നറിയിപ്പ് നല്‍കി.

ദില്ലി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ ഇഡിക്ക് മുന്‍പാകെ ഹാജരാകുന്ന രാഹുൽ ഗാന്ധിക്കൊപ്പം നാളെ ഇഡി ഓഫീസിലേക്ക് കോൺഗ്രസ് നടത്താനിരുന്ന പ്രതിഷേധ മാർച്ചിന് ദില്ലി പൊലീസ് അനുമതി നിഷേധിച്ചു. ക്രമസമാധാന പ്രശ്നം ഉണ്ടാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ഇ ഡി ഓഫീസിലേക്ക് റാലി നടത്തിയാൽ അറസ്റ്റ് ചെയ്യുമെന്ന് നേതാക്കൾക്ക് ദില്ലി പൊലീസ് മുന്നറിയിപ്പ് നല്‍കി.

നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കള്ളപ്പണം വെളുപ്പിച്ചെന്ന പരാതിയില്‍ നാളെ രാവിലെ പതിനൊന്ന് മണിക്കാണ് രാഹുല്‍ ഗാന്ധി ഇഡിക്ക് മുന്‍പില്‍ ഹാജരാകുക. എഐസിസി ആസ്ഥാനത്ത് നിന്ന് പ്രതിഷേധ മാര്‍ച്ചോടെ രാഹുല്‍ ഗാന്ധിക്ക് ഐക്യദാര്‍ഡ്യം അറിയിച്ച് ഇഡി ഓഫീസിലേക്ക് റാലി നടക്കാനായിരുന്നു കോണ്‍ഗ്രസ് നേതാക്കളുടെ തീരുമാനം. രാജസ്ഥാന്‍, ഛത്തീസ് ഘട്ട് മുഖ്യമന്ത്രിമാര്‍, കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗങ്ങള്‍, എംപിമാര്‍ തുടങ്ങിയവര്‍ ദില്ലി പ്രതിഷേധത്തില്‍ അണിനിരക്കും എന്നായിരുന്നു വിവരം. എന്നാല്‍, ക്രമസമാധാന പ്രശ്നം ഉണ്ടാകുമെന്ന് ചൂണ്ടിക്കാട്ടി ദില്ലി പൊലീസ് അനുമതി നിഷേധിക്കുകയായിരുന്നു. വര്‍ഗീയ ലഹളയ്ക്കുള്ള സാധ്യത വരെ തള്ളികളയാന്‍ കഴിയില്ലെന്നാണ് പൊലീസ് ചൂണ്ടിക്കാണിക്കുന്നത്. എന്നാല്‍, പൊലീസിന്‍റെ നിര്‍ദ്ദേശം അവഗണിച്ച് പ്രതിഷേധം നടക്കുമെന്നാണ് സൂചന.

കേന്ദ്ര സര്‍ക്കാരിന്‍റെ പ്രതികാര രാഷ്ട്രീയത്തിനെതിരെ പ്രതിഷേധിക്കുമെന്നാണ് കോണ്‍ഗ്രസ് വ്യക്തമാക്കുന്നത്. രാഹുല്‍ ഗാന്ധിയുടെ മൊഴിയെടുക്കുന്നതിന് പിന്നാലെ 23ന് സോണിയ ഗാന്ധിയുടെ മൊഴിയുമെടുക്കും.  കള്ളപ്പണ നിരോധന നിയമത്തിലെ ക്രിമിനല്‍ നടപടി പ്രകാരം  മൊഴിയെടുക്കുന്നുവെന്നാണ് ഇരുവര്‍ക്കും ഇഡി നല്‍കിയ നോട്ടീസില്‍ വ്യക്തമാക്കുന്നത്. നാഷണല്‍ ഹെറാള്‍ഡ് പത്രത്തിന്‍റെ ഉടമസ്ഥരായ എജെഎല്‍ കമ്പനി സോണിയയും രാഹുലും ഡയറക്ടര്‍മാരായ യംഗ് ഇന്ത്യന്‍ കമ്പനി ഏറ്റെടുത്തില്‍ കളളപ്പണ ഇടപാടും വന്‍ നികുതി വെട്ടിപ്പും നടന്നുവെന്ന സുബ്രഹ്മണ്യന്‍ സ്വാമിയാണ് പരാതിയിലാണ് അന്വേഷണം നടക്കുന്നത്.  2015 ല്‍ കേസ് ഇഡി അവസാനിപ്പിച്ചെങ്കിലും സുബ്രഹ്മണ്യന്‍ സ്വാമിയുടെ പരാതിയില്‍ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി  തുടരന്വേഷണത്തിലേക്ക് കേന്ദ്രസര്‍ക്കാര്‍ നീങ്ങുകയായിരുന്നു. അതേസമയം രാഷ്ട്രീയ വേട്ടയെന്ന ആക്ഷേപത്തില്‍ ഇഡി നടപടി നേരിടുന്ന സമാനകക്ഷികളെ ഒപ്പം ചേര്ത്ത് രാഷ്ട്രീയ നീക്കത്തിന് കോണ്‍ഗ്രസ് തയ്യാറെടുക്കുന്നുവെന്നാണ് വിവരം. രാഷ്ട്രപതി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രതിപക്ഷ കക്ഷികളുടെ യോഗം വിളിക്കാനുള്ള മമത ബാനര്‍ജിയുടെ തീരുമാനത്തെ സോണിയ പിന്തുണച്ചത് ഭാവി നീക്കത്തിനുള്ള സൂചനയായി. 

click me!