അന്തരീക്ഷ മലിനീകരണം: ചെന്നൈ ഭയപ്പെടണം; കേരളത്തിന് ആശങ്ക വേണ്ട

By Web TeamFirst Published Nov 4, 2019, 1:10 PM IST
Highlights

കഴിഞ്ഞ മൂന്നു വർഷങ്ങളിലെ ഏറ്റവും ​ഗുരുതരമായ മലിനീകരണത്തിലൂടെയാണ് ദില്ലി കടന്നു പോയിക്കൊണ്ടിരിക്കുന്നത്. ആരോ​ഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചും ഓഫീസ് സമയം പുനക്രമീകരിച്ചും വാഹനങ്ങൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയുമാണ് സർക്കാരും ജനങ്ങളും ഈ അവസ്ഥയെ പ്രതിരോധിക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുന്നത്. 

ദില്ലി: ദില്ലിയെ ശ്വാസം മുട്ടിച്ചു കൊണ്ടിരിക്കുന്ന അന്തരീക്ഷ മലിനീകരണം ചെന്നൈ ന​ഗരത്തെയും ബാധിക്കുന്നതായി റിപ്പോർട്ട്. എന്നാൽ ഇക്കാര്യത്തിൽ കേരളം ആശങ്കപ്പെടേണ്ടതില്ലെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ''ദില്ലിയിൽ നിന്നുള്ള കാറ്റിന്റെ ​ഗതി ചെന്നൈയിലേക്ക് എത്തുന്നത് കൊണ്ടാണ് ചെന്നൈ, തമിഴ്നാടിന്റെ ചില പ്രദേശങ്ങൾ എന്നിവ വായുമലിനീകരണത്തിന് സാധ്യത രേഖപ്പെടുത്തുന്നത്. പൊതുവെ വരണ്ട കാലാവസ്ഥ നിലനിൽക്കുന്ന ചെന്നൈയിൽ മഴയില്ലാത്തതും മലിനീകരണത്തോത് വർദ്ധിക്കാൻ കാരണമാകുന്നുണ്ട്. എന്നാൽ കേരളത്തിൽ പകൽ സമയങ്ങൾ ചൂട് അനുഭവപ്പെടുന്നുണ്ടെങ്കിലും വൈകുന്നേരങ്ങളിലും രാത്രിയിലും മഴ ലഭിക്കുന്നുണ്ട്. അതുകൊണ്ട് തന്ന ദില്ലിയിലെ അന്തരീക്ഷ മലിനീകരണം കേരളത്തെ ബാധിക്കുമെന്ന ആശങ്ക വേണ്ട.'' കാലാവസ്ഥ ​ഗവേഷകനായ രാജീവൻ എരിക്കുളം പറയുന്നു. 

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വിഷപ്പുകയിൽ ശ്വാസം മുട്ടിപ്പിടയുകയാണ് രാജ്യ തലസ്ഥാനം. നവംബർ അഞ്ച് വരെ നോ‍‍യി‍ഡയിലെ സ്കൂളുകൾക്ക് അവധി നൽകിയിരിക്കുകയാണ്. കഴിഞ്ഞ മൂന്നു വർഷങ്ങളിലെ ഏറ്റവും ​ഗുരുതരമായ മലിനീകരണത്തിലൂടെയാണ് ദില്ലി കടന്നു പോയിക്കൊണ്ടിരിക്കുന്നത്. ആരോ​ഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചും ഓഫീസ് സമയം പുനക്രമീകരിച്ചും, വാഹനങ്ങൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയുമാണ് സർക്കാരും ജനങ്ങളും ഈ അവസ്ഥയെ പ്രതിരോധിക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുന്നത്. 

പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിൽ കൊയ്ത്തു കഴിഞ്ഞ പാടത്ത് വൈക്കോൽ കൂട്ടിയിട്ട് കത്തിക്കുന്നതാണ് അന്തരീക്ഷ മലിനീകരണത്തിന്റെ പ്രധാന കാരണം എന്ന് വിദ​ഗ്ദ്ധർ വിലയിരുത്തുന്നു. മാത്രമല്ല, ദീപാവലി ദിനത്തെ പടക്കം പൊട്ടിക്കലുകളും വായു മലിനീകരണത്തിന് കാരണമായിട്ടുണ്ട്. 

click me!