
ദില്ലി: മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധം ശക്തമാവുന്നതിനിടെ ദില്ലിയിലെ സുരക്ഷാ സാഹചര്യം വിലയിരുത്തി കേന്ദ്ര സർക്കാർ. സുപ്രീം കോടതി നിയന്ത്രണങ്ങൾ നീക്കാൻ നൽകിയ നിർദ്ദേശം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൽ ചേർന്ന ഉന്നതല യോഗം വിലയിരുത്തി. തെരുവിൽ പ്രതിഷേധിക്കില്ലെന്ന ബോണ്ട് ആർക്കും ഒപ്പിട്ടു നൽകിയിട്ടില്ലെന്ന് അഭിജിത്ത് ദീപ്കെ അറിയിച്ചു. അതേസമയം, ഗ്യാനേഷ് കുമാറിന്റെ നീക്കം എന്ത് എന്നതിൽ അവ്യക്തത തുടരുകയാണ്. സമരം ശക്തമായതോടെ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ സ്ഥാനത്ത് തുടരുമോ എന്നതാണ് ഉറ്റുനോക്കുന്നത്.
അതേസമയം, രാജ്യ തലസ്ഥാനത്ത് ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് വ്യാപക പ്രതിഷേധം തുടരുകയാണ്. പലയിടത്തും പ്രതിഷേധക്കാരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കി. പൊലീസ് മർദ്ദിച്ചെന്ന് ജോൺ ബ്രിട്ടാസ് എംപിയും ഇടത് സംഘടന നേതാക്കളും പരാതിപ്പെട്ടു. പരിക്കേറ്റ ബ്രിട്ടാസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇടതു സംഘടനകളുടെ പ്രതിഷേധത്തിൽ സംഘർഷമുണ്ടായി. പൊലീസ് വാനിൽ മർദ്ദനമെന്ന് ഇടതു സംഘടനകൾ പറയുന്നു. നേഹയെ ഇടുങ്ങിയ അറകളുള്ള വാഹനത്തിലാണ് കസ്റ്റഡിയിലെടുത്തത്.
ഇന്നലത്തെ നിയന്ത്രണങ്ങൾ നീക്കി മെട്രോ സ്റ്റേഷനുകൾ അടക്കം തുറന്നതോടെ ദില്ലിയിലെ പല മേഖലകളിലും പ്രതിഷേധം തുടരുകയാണ്. കൊണാട്ട് പ്ലേസിലെ സെൻട്രൽ പാർക്കിന് അടുത്ത് എഐഎസ്എഫ്, എസ്എഫ്ഐ എന്നീ സംഘടനകളുടെ നേതൃത്വത്തിൽ രാവിലെ 11:30 നാണ് പ്രതിഷേധം തുടങ്ങിയത്. ഇന്നർ സർക്കിളിലേക്ക് കയറിയ ഉടൻ പ്രതിഷേധക്കാരെ പൊലീസ് ബലം പ്രയോഗിച്ച് കസ്റ്റഡിയിൽ എടുക്കാൻ തുടങ്ങി. ബസ്സുകളിലേക്ക് പ്രവര്‍ത്തകരം വലിച്ച് കയറ്റാൻ നോക്കിയത് സംഘർഷത്തിന് ഇടയാക്കി. പൊലീസിനെ വെട്ടിച്ച് ചിലർ ഓടിയതോടെ ഏറെ നേരം സ്ഥലത്ത് സംഘർഷാവസ്ഥ തുടർന്നു. എസ്എഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് ആദർശ് എം സജിക്ക് ഉൾപ്പെടെ പരിക്കേറ്റു.
ഇതിനിടയിലാണ് ജോൺ ബ്രിട്ടാസ് എംപി നടപടി ചോദ്യം ചെയ്ത് കൊണാട്ട് പ്ലേസിൽ എത്തിയത്. പൊലീസുമായി ജോൺ ബ്രിട്ടാസ് ഏറെ നേരം തർക്കിച്ചു. ഇതോടെ എംപിയേയും പൊലീസ് വലിച്ചിഴച്ച് വാഹനത്തിൽ കയറ്റി. കുറച്ചുദൂരം കൊണ്ടു പോയ ശേഷം ഡിസിപിയുടെ നിർദ്ദേശപ്രകാരം ബ്രിട്ടാസിനെ വഴിയിൽ ഇറക്കി വിടുകയായിരുന്നു. തന്നെ പൊലീസ് മർദ്ദിച്ചു എന്ന് ജോൺ ബ്രിട്ടാസ് പറഞ്ഞു. ആനി രാജ അടക്കം നേതാക്കളെയും പൊലീസ് ബലം പ്രയോഗിച്ച് വാഹനത്തിൽ കയറ്റി. എസ്എഫ്ഐ, ഡിവൈഎഫ്ഐ നേതാക്കളെ കസ്റ്റഡിയിലെടുത്ത് നീക്കിയത് ഇടുങ്ങിയ ഇരുമ്പറകൾ ഉള്ള വാഹനത്തിലാണെന്നാണ് പരാതി. വാഹനത്തിനകത്തുവെച്ച് പൊലീസ് മർദ്ദിച്ചെന്നും നേതാക്കൾ പറഞ്ഞു.
ആർകെ ആശ്രം മെട്രോ സ്റ്റേഷന് താഴെയാണ് ഐസയുടെയും ഫ്രറ്റേണിറ്റിയുടെയും നേതൃത്വത്തിൽ ഇന്ന് പ്രതിഷേധങ്ങൾ നടന്നത്. കേരളത്തിൽ നിന്നുള്ള നിരവധി വിദ്യാർത്ഥികളും ഫ്രറ്റേണിറ്റിയുടെ പ്രതിഷേധത്തിൽ ഉണ്ടായിരുന്നു. ഐസയുടെ പ്രകടനം തടഞ്ഞ പൊലീസ് ഒരു സംഘത്തെ അറസ്റ്റ് ചെയ്ത് നീക്കിയെങ്കിലും നേഹാ ബോറയുടെ നേതൃത്വത്തിലുള്ളവർ കൊണാട്ട് പ്ലേസിലേക്ക് ഓടിയെത്തി. നേഹയെ കൊണാട്ട് പ്ലേസിൽ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തു.
പലയിടത്തും മാധ്യമപ്രവർത്തകരെ പൊലീസ് പ്രതിഷേധക്കാർക്കൊപ്പം ബസുകളിലേക്ക് കയറ്റിയത് വലിയ പ്രതിഷേധത്തിന് ഇടയാക്കി. ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ടർ സജിൻ ശോഭ അടക്കമുള്ളവരെ പോലീസ് ബലം പ്രയോഗിച്ച് ബസ്സിൽ കയറ്റി. അരമണിക്കൂർ കഴിഞ്ഞാണ് മാധ്യമപ്രവർത്തകരെ ഇറക്കിവിട്ടത്. യൂത്ത് കോൺഗ്രസ്, എൻഎസ്‌യുഐ പ്രവർത്തകർ റായ്‌സീന റോഡിൽ പ്രതിഷേധിച്ചു. ജന്തർ മന്ദറിനകത്തേക്ക് കയറാൻ ഇന്നും പൊലീസ് ആർക്കും അനുവാദം നൽകിയില്ല. എന്നാൽ ജന്തർ മന്ദറിന് തൊട്ടടുത്തുള്ള കൊണാട്ട് പ്ലേസും അതിനടുത്തുള്ള ആർ കെ ആശ്രം മാർഗുമെല്ലാം സമര കേന്ദ്രങ്ങളായി മാറുന്ന കാഴ്ചയ്ക്കാണ് ദില്ലി സാക്ഷ്യം വഹിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam