രാജ്യത്ത് ആദ്യ പക്ഷിപ്പനി മരണം ദില്ലിയിൽ; 11 വയസുകാരന്‍ മരിച്ചു, ജാഗ്രത വേണമെന്ന് കേന്ദ്രം

By Web TeamFirst Published Jul 21, 2021, 8:50 AM IST
Highlights

കുട്ടിയെ ചികിത്സിച്ച ആരോഗ്യ പ്രവര്‍ത്തകര്‍ നിരീക്ഷണത്തിലാണ്. ജാഗ്രത വേണമെന്ന് കേന്ദ്രം നിർദ്ദേശിച്ചു.

ദില്ലി:  കൊവിഡിന് പിന്നാലെ രാജ്യത്ത് പക്ഷിപ്പനി ഭീഷണിയും. ഹരിയാനയിൽ നിന്നുള്ള പതിനൊന്നുകാരൻ  ദില്ലി എയിംസിൽ പക്ഷിപ്പനി ബാധിച്ച് മരിച്ചു. കുട്ടിയെ ചികിത്സിച്ച ആരോഗ്യ പ്രവര്‍ത്തകർ ഉൾപ്പെടെ നിരീക്ഷണത്തിലാണ്. ജാഗ്രത വേണമെന്ന് കേന്ദ്രം നിർദ്ദേശിച്ചു.

രാജ്യത്ത് ആദ്യമായാണ് മനുഷ്യരിൽ എച്ച് 5 എൻ1 സ്ഥിരീകരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. ഒരാഴ്ച്ചയായി എംയിസിൽ ന്യൂമോണിയ ബാധിച്ച് ചികിത്സയിലായിരുന്നു ഹരിയാന സ്വദേശി സൂശിൽ. കൊവിഡാണെന്ന് ആദ്യം കരുതിയതെങ്കിലും പുണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ പരിശോധനയിലാണ് പക്ഷിപ്പനി വൈറസായ എച്ച് 5 എൻ1 സ്ഥിരീകരിച്ചത്. കുട്ടിയുമായി സമ്പർക്കത്തിൽ വന്ന ഹരിയാന സ്വദേശിയായ ആശുപത്രി ജോലിക്കാരനോട് നിരീക്ഷണത്തിൽ പോകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ സമ്പർക്ക പട്ടിക തയ്യാറാക്കാനും വൈറസ് സാന്നിധ്യം പരിശോധിക്കാനും നാഷണൽ സെന്റർ ഫോർ ഡിസീസ് കൺട്രോളിലെ ഒരു സംഘം കുട്ടിയുടെ ഹരിയാനയിലെ ഗ്രാമത്തിലക്ക്  തിരിച്ചു.

വിഷയത്തിൽ അതീവജാഗ്രത പുലർത്താൻ കേന്ദ്രം നിർദ്ദേശം നൽകിയിട്ടുണ്ട്. നേരത്തെ കേരളം, മധ്യപ്രദേശ്, ഹരിയാന, ഹിമാചല്‍ പ്രദേശ്, ഗുജറാത്ത്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളില്‍ പക്ഷിപ്പനി വ്യാപിച്ചിരുന്നു. വൈറസ് വ്യാപനം തടയുന്നതിനായി രാജ്യത്തിന്റെ പല ഭാഗങ്ങളിലും പക്ഷികളെ കൊന്നിരുന്നു.എന്നാൽ മനുഷ്യനെ സാരമായി ബാധിക്കാത്ത എച്ച് 5 എൻ 8 വൈറസ് സാന്നിധ്യമായിരുന്നു അന്ന് സ്ഥിരീകരിച്ചത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!