ദില്ലിയില്‍ കലാപം നിയന്ത്രിക്കാൻ ഇടപെടണം, കോണ്‍ഗ്രസ് സംഘം ഇന്ന് രാഷ്ട്രപതിയെ കാണും

By Web TeamFirst Published Feb 27, 2020, 7:39 AM IST
Highlights

ഇതുവരേയും 106 പേര്‍ അറസ്റ്റിലായിട്ടുണ്ടെന്നും 18 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായും ദില്ലി പൊലീസ് വ്യക്തമാക്കി. 

ദില്ലി: ദില്ലി കലാപം നിയന്ത്രിക്കാൻ ഇടപെടണമൊന്നാവശ്യപ്പെട് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ നേതൃത്വത്തിലുള്ള സംഘം ഇന്ന് രാഷ്ട്രപതിയെ കാണും. കേന്ദ്രസേനയും ദില്ലി പൊലീസും കൈയ്യിലുണ്ടായിട്ടും കലാപം നിയന്ത്രിക്കാൻ കേന്ദ്രം ഇടപെട്ടില്ലന്ന ആക്ഷേപം സംഘം ഉന്നയിക്കും. ഇതേ വിഷയത്തിൽ രാഷ്ട്രപതിയുടെ വീട്ടിലേക്ക് മാർച്ച് നടത്താനും തീരുമാനമുണ്ട്. മുതിര്‍ന്ന നേതാക്കൾ അണിനിരക്കുന്ന പ്രതിഷേധ മാര്‍ച്ചാണ് സംഘടിപ്പിക്കുന്നത്. കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും മൻമോഹൻസിംങ് എകെ ആന്‍റണി അടക്കുമുള്ള നേതാക്കളുടെ വലിയ നിര മാര്‍ച്ചിൽ അണിനിരക്കും. 

ദില്ലി കലാപം നടക്കുമ്പോൾ ആഭ്യന്തര മന്ത്രി എവിടെയാണ്? അമിത്ഷാക്കെതിരെ ആഞ്ഞടിച്ച് സോണിയ

അതേ സമയം ദില്ലിയെ പിടിച്ചുകുലുക്കിയ കലാപങ്ങളും സംഘര്‍ഷങ്ങളും അയയുന്നുവെന്നത് ആശ്വസകരമാണ്. നിലവില്‍ ലഭിക്കുന്ന വിവരങ്ങളനുസരിച്ച് 27 പേരാണ് ദില്ലി കലാപത്തില്‍ ഇതുവരെ കൊല്ലപ്പെട്ടത്.  നിരവധിപ്പേര്‍ക്ക് പരിക്കേറ്റു. ഇതുവരേയും 106 പേര്‍ അറസ്റ്റിലായിട്ടുണ്ടെന്നും 18 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായും ദില്ലി പൊലീസ് വ്യക്തമാക്കി. എന്നാല്‍  സമാധാനത്തിലേക്ക് തിരിച്ച് വരുന്നതിനിടിയിലും ഇന്നലെ രാത്രി ദില്ലി മൗജ്പുരിയില്‍ ഒറ്റപ്പെട്ട അക്രമസംഭവങ്ങള്‍ അരങ്ങേറിയതായാണ് റിപ്പോര്‍ട്ട്. മൗജ്പുരി ജാഫ്രാബാദ് എന്നിവിടങ്ങളില്‍ സുരക്ഷാസേന ഫ്ലാഗ് മാര്‍ച്ച് നടത്തി.

ദില്ലി കലാപം: മരണസംഖ്യ 27 ആയി, 106 പേർ അറസ്റ്റിൽ, 18 കേസുകൾ രജിസ്റ്റർ ചെയ്തു

അതേ സമയം ദില്ലി കലാപത്തിന്‍റെ പശ്ചാത്തലത്തില്‍ ഇന്ത്യയിലുള്ള അമേരിക്കന്‍ പൗരന്‍മാര്‍ക്ക് യുഎസ് എംബസി ജാഗ്രത നിര്‍ദേശം നല്‍കി. ഫ്രാന്‍സ് റഷ്യ തുടങ്ങിയ രാജ്യങ്ങളും പൗരന്‍മാര്‍ക്ക് ജാഗ്രതാനിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വടക്ക് കിഴക്കന്‍ ദില്ലിയിലെ കലാപ ബാധിത മേഖലകളിലെ ജനജീവിതം പാടേ താറുമാറായിരിക്കുകയാണ്. നിത്യരോഗികളും, കൂലിപ്പണിക്കാരുമായ നിരവധി പേരുടെ ജീവിതം വഴിമുട്ടി. നിരവധിപ്പോരാണ് ഇവിടങ്ങളില്‍ നിന്നും പലായനം ചെയ്തത്. കലാപബാധിത പ്രദേശങ്ങളില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതോടെ സാധാരണ ജീവിതം ദുഷ്കരമായി. വീടിന് പുറത്തിറങ്ങാനാവാത്ത സ്ഥിതിയാണ്. 


 

click me!