ദില്ലി: പൗരത്വ നിയമ ഭേദഗതിയെ ചൊല്ലി ദില്ലി സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തിൽ രാഷ്ട്രപതി ഭവനിലേക്ക് മാര്‍ച്ച് നടത്തുമെന്ന്  കോൺഗ്രസ്. മുതിര്‍ന്ന നേതാക്കൾ അണിനിരക്കുന്ന പ്രതിഷേധ മാര്‍ച്ചാണ് സംഘടിപ്പിക്കുന്നത്. കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും മൻമോഹൻസിംങ് എകെ ആന്‍റണി അടക്കുമുള്ള മുതിര്‍ന്ന നേതാക്കളുടെ വലിയ നിര മാര്‍ച്ചിൽ അണിനിരക്കുമെന്ന് കോൺഗ്രസ് അറിയിച്ചു.

ദില്ലിയിൽ കലാപം പടര്‍ന്ന് പിടിക്കുന്നതിന് പിന്നിൽ ബിജെപി ഗൂഢാലോചനയാണ്. ബിജെപി നേതാക്കൾ വിദ്വേഷ പ്രസംഗം നടത്തുന്നു. ഇതാണ് കലാപത്തിന് ഇടയാക്കിയത്. സ്ഥിതി നിയന്ത്രിക്കാൻ കേന്ദ്ര സര്‍ക്കാരോ ദില്ലി സര്‍ക്കാരോ ഇടപെടുന്നില്ലെന്ന് പ്രവര്‍ത്തക സമിതി യോഗത്തിന് ശേഷം കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി ആരോപിച്ചു, ദില്ലി അക്രമങ്ങളുടെ ഉത്തരവാദിത്തം ആഭ്യന്തര മന്ത്രി അമിത്ഷാക്കാണ്. കലാപത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്ത് അമിത് ഷാ രാജിവക്കണം എന്നും  സോണിയാ ഗാന്ധി ആവശ്യപ്പെട്ടു. 

ദില്ലി നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് തന്നെ ബിജെപി ഗൂഢാലോചന പ്രകടമായിരുന്നു. ദില്ലിയിൽ നിലവിലെ സ്ഥിതി അതീവ ഗുരുതരമാണെന്നും സോണിയാ ഗാന്ധി പറഞ്ഞു. കലാപം നിയന്ത്രിക്കുന്നതിൽ കേന്ദ്ര സര്‍ക്കാരിന്‍റെ വീഴ്ചകൾ എണ്ണിപ്പറഞ്ഞായിരുന്നു സോണിയാ ഗാന്ധിയുടെ വാര്‍ത്താ സമ്മേളനം. 

രാജ്യത്തിന്‍റെ ആഭ്യന്തര മന്ത്രി എവിടേയാണ്? കലാപം തുടങ്ങിയപ്പോൾ ദില്ലി മുഖ്യമന്ത്രി എന്ത് ചെയ്യുകയായിരുന്നു? രഹസ്യാന്വേഷണ വിഭാഗത്തിൽ നിന്ന് എന്ത് വിവരമാണ് കിട്ടിയത്. അതിൽ എന്ത് നടപടിയാണ് എടുത്തത് ? കലാപ ബാധിതമേഖലകളിൽ എത്ര പൊലീസിനെ വിന്യസിച്ചു? തുടങ്ങിയ ചോദ്യങ്ങളാണ് പ്രവര്‍ത്തക സമിതിയോഗത്തിന് ശേഷം സോണിയാ ഗാന്ധി ഉന്നയിച്ചത്.

ദില്ലിയിൽ സമാധാനം പുനസ്ഥാപിക്കാൻ നടപടി വേണമെന്നാണ് കോൺഗ്രസ് ആവശ്യം. പ്രവര്‍ത്തക സമിതി യോഗത്തിലാണ് പ്രതിഷേധ മാര്‍ച്ച് അടക്കമുള്ള കാര്യങ്ങളിൽ തീരുമാനം ഉണ്ടായത്. ദില്ലിയിൽ സമാധാനം ആവശ്യപ്പെട്ട് രാഷ്ട്രപതി രാംനാഥ് കോവിന്ദിന് നിവേദനം നൽകാനും കോൺഗ്രസ് തീരുമാനം ഉണ്ട്. 

നിര്‍ണ്ണായക പ്രവര്‍ത്തക സമിതിയോഗത്തിൽ രാഹുൽ ഗാന്ധി പങ്കെടുത്തിട്ടില്ല. രാഹുൽ ഗാന്ധി വിദേശത്താണെന്ന വിവരമാണ് കോൺഗ്രസ് വൃത്തങ്ങൾ നൽകുന്നത്.