
ദില്ലി: ദില്ലിയിലെ കലാപത്തില്‍ മരിച്ചത് 30 ലേറെ പേരാണ്. എന്നാല്‍ ജീവിതം വഴിമുട്ടിപ്പോയവര്‍ എണ്ണാവുന്നതിലുമധികമാണ്. ചൊവ്വാഴ്ച കലാപത്തില്‍ ദില്ലിയിലെ 3000 കുട്ടികള്‍ പഠിക്കുന്ന ഒരു സീനിയര്‍ സെക്കന്‍ററി സ്കൂള്‍ കത്തി നശിച്ചുപോയി. രാവിലെ പരീക്ഷ കഴിഞ്ഞ് കുട്ടികളെല്ലാം പോയതിനാല്‍ വലിയ അപകടം ഒഴിവായെങ്കിലും കണ്ടാല്‍ തിരിച്ചറിയാകാനാവാത്ത വിധം കത്തി നശിച്ചിട്ടുണ്ട് ക്ലാസ് മുറികള്‍.
നൂറ് കണക്കിന് ടെക്സ്റ്റ് ബുക്കുകള്‍, നോട്ടുബുക്കുകള്‍ പരീക്ഷാ പേപ്പറുകള്‍, രേഖകള്‍ എല്ലാം ഒരുപിടി ചാരമായി. സ്കൂളിലെ സെക്യൂരിറ്റി ജീവനക്കാരന്‍ അപകടം കൂടാതെ രക്ഷപ്പെട്ടു. രാത്രി നാല് മണിയോടെയാണ് അക്രമികള്‍ സ്കൂളിന് തീയിട്ടത്. അഗ്നിശമസേനാ വിഭാഗം സംഭവസ്ഥലത്തെത്തിയത് നാലുമണിക്കൂറിന് ശേഷം എട്ടുമണിക്കാണ്.
''250 മുതല്‍ 300 ഓളം പേരാണ് പല ഭാഗത്തുനിന്നായി എത്തിയത്. ഇത്രയും പേര്‍ ആയുധങ്ങളുമായി വന്നപ്പോള്‍ എന്തുചെയ്യണമെന്ന് അറിയാതെ സെക്യൂരിറ്റി ജീവനക്കാരന്‍ കുഴങ്ങിപ്പോയി. അയാള്‍ സ്കൂളിന്‍റെ പിന്നിലെ ഗേറ്റിലൂടെ രക്ഷപ്പെട്ടു. തീ ഉയരുന്നത് എല്ലാവരും നോക്കി നിന്നു '' - അരുണ്‍ മോഡേണ്‍ സീനിയര്‍ സെക്കന്‍ററി സ്കൂളിലെ കാഷ്യര്‍ ആയ നീതു ചൗധരി എന്‍ഡിടിവിയോട് പറഞ്ഞു.
''ഞങ്ങള്‍ തുടര്‍ച്ചയായി പൊലീസിനെയും അഗ്നിശമനസേനയെയും വിളിച്ചുകൊണ്ടിരുന്നു. എന്നാല്‍ എല്ലായിടത്തും തിരക്കായതിനാല്‍ അവര്‍ക്ക് കൃത്യസമയത്ത് എത്താനായില്ല. ''നീതു പറഞ്ഞു.
ഇരച്ചെത്തിയ ആള്‍ക്കൂട്ടം അധ്യാപകരുടെ അലമാരകള്‍ കുത്തിത്തുറക്കുകയും മുഴുവന്‍ പേപ്പറുകളും വലിച്ചിട്ട് കത്തിക്കുകയും ചെയ്തു. മൂന്ന് ദിവസമായെങ്കിലും തീ പൂര്‍ണ്ണമായും കെട്ടടങ്ങിയിട്ടില്ല. ഇപ്പോഴും പുക ഉയരുന്നുണ്ട്. പുറത്ത് നിര്‍ത്തിയിട്ടിരുന്ന സ്കൂള്‍ ബസ്സും കത്തിച്ചു. കപ്യൂട്ടര്‍ മോണിറ്ററുകളും തകര്‍ക്കുകയും കത്തിക്കുകയും ചെയ്തു.
ക്ലാസ് മുറികളും കാന്‍റീനുകളുമൊന്നും വെറുതെ വിട്ടിട്ടില്ല. കുര്‍ക്കുറെ പാക്കറ്റുകളെല്ലാം നിലത്ത് ചിതറിക്കിടക്കുന്നുണ്ട്. കറുത്ത ചുമരുകള്‍, കത്തിക്കരിഞ്ഞ വസ്തുക്കള്‍, പ്രിന്‍സിപ്പാളിന്‍റെയും കാഷ്യറിന്‍റെയും തിരിച്ചറിയാന്‍ പോലുമാകാത്ത മുറികള്‍.. ഇതാണ് ആ സ്കൂളിലെ ഇപ്പോഴത്തെ ദയനീയാവസ്ഥ. പുസ്തകങ്ങളും യൂണിഫോമുകളും നഷ്ടപ്പെട്ട, സ്കൂളിലെ കുട്ടികള്‍ക്ക് സാമ്പത്തിക സഹായം ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam