
ദില്ലി: സ്ഥിതിഗതികള്‍ നിയന്ത്രവിധേയമായെന്ന് അമിത് ഷാ പറഞ്ഞതിന് ശേഷവും ദില്ലിയില്‍ അക്രമം തുടരുന്നു. അശോക് നഗറില്‍ പള്ളിക്ക് വീണ്ടും തീകൊളുത്തി. നേരത്തെ ഇവിടെ ഒരു പള്ളിക്ക് തീവെച്ചിരുന്നു. രണ്ട് മണിക്കൂറിന് ശേഷമാണ് ഫയര്‍ എഞ്ചിനെത്തി തീയണയ്ക്കാന്‍ ശ്രമിച്ചത്. എന്നാല്‍ ഫയര്‍ ഫോഴ്സ് പോയ ശേഷം തിരികെയെത്തിയ അക്രമികള്‍ വീണ്ടും ഇവിടേക്കെത്തി പള്ളിക്ക് തീകൊളുത്തുകയായിരുന്നു.
'സ്ഥിതിഗതികള്‍ ഇപ്പോഴും നിയന്ത്രണവിധേയമായിട്ടില്ല. അശോക് നഗറില്‍ ഇപ്പോള്‍ ഒരു പള്ളിക്ക് തീവെച്ചിരിക്കുകയാണ്. നേരത്തെ ഇവിടെ പള്ളിക്ക് തീവെച്ചിരുന്നു. രണ്ട് മണിക്കൂറിന് ശേഷമാണ് ഫയര്‍ എഞ്ചിനെത്തി തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ നടത്തിയത്. എന്നാല്‍ ഫയര്‍ ഫോഴ്സ് പോയതിന് പിന്നാലെ അക്രമികള്‍ തിരിച്ചെത്തി പള്ളിക്ക് വീണ്ടും തീകൊളുത്തുകയായിരുന്നു. മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ വന്‍തോതിലുള്ള അക്രമങ്ങള്‍ നടക്കുകയാണ്. മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ വെടിയുതിര്‍ക്കുന്ന സാഹചര്യമുണ്ട്. വാഹനങ്ങള്‍ പോകുന്ന വഴിയില്‍ കൂടി നില്‍ക്കുന്ന അക്രമികള്‍ ജയ് ശ്രീറാം വിളിക്കാന്‍ ആവശ്യപ്പെടുന്നു. മുസ്ലിം സമുദായത്തില്‍ നിന്നുള്ള ആരെയെങ്കിലും കണ്ടാല്‍ അവരെ ക്രൂരമായി ആക്രമിക്കുകയും അവരുടെ വാഹനങ്ങള്‍ക്ക് തീവെക്കുകയും ചെയ്യുകയാണ്. ദില്ലിയില്‍ ഇപ്പോഴും കലാപകാരികള്‍ അഴിഞ്ഞാടുകയാണ്. വാഹനങ്ങള്‍ തടഞ്ഞു നിര്‍ത്തി വാഹനങ്ങള്‍ ഓടിക്കുന്നവരോട് ജയ് ശ്രീറാം വിളിക്കാന്‍ അക്രമി സംഘം ആവശ്യപ്പെടുന്നുണ്ട്. ഇവിടെ പൊലീസിന്‍റെയോ കേന്ദ്രസേനയുടെയോ സാന്നിധ്യമില്ല'- ഏഷ്യാനെറ്റ് ന്യൂസ് ദില്ലി റിപ്പോര്‍ട്ടര്‍ പി ആര്‍ സുനില്‍ പറയുന്നു.
അതേസമയം ആഭ്യന്തരമന്ത്രി അമിത്ഷായുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം കഴിഞ്ഞ് മണിക്കൂറുകള്‍ പിന്നിട്ട ശേഷമാണ് കലാപസ്ഥലങ്ങളില്‍ കേന്ദ്രസേനയെത്തിയത്. സൈന്യവും ദില്ലി പോലീസും കൈയിലുണ്ടായിട്ടും കലാപം നിയന്ത്രിക്കുന്നതില്‍ കേന്ദ്രം മെല്ലപ്പോക്കിലാണ്. വര്‍ഗീയ. കലാപം പൊട്ടിപ്പുറപ്പെട്ടതിന് പിന്നാലെ രണ്ട് തവണയാണ് അമിത്ഷാ ഉന്നത തലയോഗം വിളിച്ചത്. ദില്ലി പോലീസ് നല്‍കിയ പ്രാഥമിക റിപ്പോര്‍ട്ടില്‍ ആവശ്യമെങ്കില്‍ സൈന്യത്തിന്‍റെ സഹായം തേടാമെന്ന ശുപാര്‍ശയുള്ള തായി സൂചനകള്‍ പുറത്ത് വന്നിരുന്നു. സൈന്യത്തിന്‍റെ സഹായം തേടണമെന്ന് രണ്ടാമത് നടന്ന ഉന്നത തലയോഗത്തില്‍ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും അമിത്ഷായോട് ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ സൈന്യത്തെ വിളിക്കേണ്ടതില്ലെന്നും ആവശ്യത്തിന് അർദ്ധസൈനിക വിഭാഗങ്ങളെ വിന്യസിച്ചിട്ടുണ്ടെന്നുമാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെ നിലപാട്. കലാപ പ്രദേശങ്ങളില്‍ സമാധാന യോഗം വിളിക്കാനും, പോലീസും ജനപ്രതിനിധികളും ചേര്‍ന്ന് സ്ഥിതിഗതികള്‍ നിയന്ത്രിക്കണമെന്നുമുള്ള നിര്‍ദ്ദേശമാണ് ഉന്നത തല യോഗത്തില്‍ ഉയര്‍ന്നത്.
"
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam