അല്‍ക്ക ലാംബയെ ദില്ലി നിയമസഭ സ്പീക്കര്‍ അയോഗ്യയാക്കി

By Web TeamFirst Published Sep 19, 2019, 8:00 PM IST
Highlights

അല്‍ക്ക ലാംബ ചന്ദിനി ചൗക്കില്‍ നിന്നുള്ള നിയമസഭ അംഗമാണ്. ഭരണഘടനയുടെ പത്താം ഷെഡ്യൂളിലെ പാരഗ്രാഫ് രണ്ടിലെ ഒന്ന് എ വകുപ്പ് പ്രകാരമാണ് നടപടി എന്നാണ് സ്പീക്കര്‍ ഇറക്കിയ ഉത്തരവില്‍ പറയുന്നത്. 

ദില്ലി: ആംആദ്മി പാര്‍ട്ടി വിട്ട എംഎല്‍എ അല്‍ക്ക ലാംബയെ ദില്ലി നിയമസഭ സ്പീക്കര്‍ അയോഗ്യയാക്കി. ദില്ലി നിയമസഭ സ്പീക്കര്‍ രാം നിവാസ് ഗോയല്‍ ഇത് സംബന്ധിച്ച ഓഡര്‍ പുറത്തുവിട്ടു. അടുത്തിടെ താന്‍ ആംആദ്മി പാര്‍ട്ടി വിട്ട് കോണ്‍ഗ്രസില്‍ ചേരുന്നതായി അല്‍ക്ക പ്രഖ്യാപിച്ചിരുന്നു. ആംആദ്മി എംഎല്‍എ സൗരവ് ഭരധ്വാജിന്‍റെ പരാതിയിലാണ് നിയമസഭ സ്പീക്കറുടെ നടപടി. 

അല്‍ക്ക ലാംബ ചന്ദിനി ചൗക്കില്‍ നിന്നുള്ള നിയമസഭ അംഗമാണ്. ഭരണഘടനയുടെ പത്താം ഷെഡ്യൂളിലെ പാരഗ്രാഫ് രണ്ടിലെ ഒന്ന് എ വകുപ്പ് പ്രകാരമാണ് നടപടി എന്നാണ് സ്പീക്കര്‍ ഇറക്കിയ ഉത്തരവില്‍ പറയുന്നത്. സെപ്തംബര്‍ 6 മുതല്‍ ഓഡര്‍ പ്രബല്യത്തിലുണ്ടെന്നാണ് പറയുന്നത്. കഴിഞ്ഞ സെപ്തംബര്‍ 6നാണ് അല്‍ക്ക ലാംബ കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയെ സന്ദര്‍ശിച്ച് കോണ്‍ഗ്രസ് പ്രവേശനം പരസ്യമാക്കിയത്.

എന്നാല്‍ ട്വിറ്ററില്‍ ഈ നടപടിക്കെതിരെ പ്രതികരിച്ച അല്‍ക്ക. അധികാരത്തിന്‍റെ ധാര്‍ഷ്ഠ്യം എല്ലാകാലത്തും നിലനില്‍ക്കില്ലെന്ന് പറഞ്ഞു. പാര്‍ട്ടിയിലേയും ഭരണത്തിലേയും ഒരാളുടെ ആധിപത്യത്തിനെതിരായ തന്‍റെ പോരാട്ടത്തില്‍ പ്രേരണയായ പ്രവര്‍ത്തകര്‍ക്കും, എല്ലാവര്‍ക്കും നന്ദിയെന്നും അല്‍ക്ക പറഞ്ഞു. തന്‍റെ പോരാട്ടം വിജയിക്കുമെന്നും അവര്‍ പറയുന്നു.

click me!