കശ്‍മീര്‍ വിഷയം ഇന്ത്യ ഐക്യരാഷ്ട്രസഭയില്‍ ഉന്നയിക്കില്ല

By Web TeamFirst Published Sep 19, 2019, 7:16 PM IST
Highlights

സെപ്തംബര്‍ 21 മുതല്‍ 27 വരെ നീണ്ടു നിൽക്കുന്ന അമേരിക്കൻ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ രാത്രിയാണ് പുറപ്പെടുന്നത്

ദില്ലി: കശ്മീർ പ്രശ്നം ഐക്യരാഷ്ട്ര സഭയിൽ ഉന്നയിക്കേണ്ടെന്ന് ഇന്ത്യയുടെ തീരുമാനം. ഈ മാസം 27-ന് ഐക്യരാഷ്ട്രസഭ പൊതുസഭയെ അഭിസംബോധന ചെയ്യുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി ഇക്കാര്യം ഉന്നയിക്കില്ലെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്താമാക്കി. കശ്മീർ വിഷയം ഐക്യരാഷ്ട്രസഭയിൽ പാകിസ്ഥാൻ നേരത്തെ ഉന്നയിച്ചിരുന്നുവെങ്കിലും ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്ന് കണ്ട് തള്ളിയിരുന്നു. ഇതിനെ തുട‍ർന്നാണ് ഐക്യരാഷ്ട്രസഭ പൊതുസഭയിൽ വിഷയം പരാമർശിക്കേണ്ടെന്ന് ഇന്ത്യ തീരുമാനിച്ചത്. 

സെപ്തംബര്‍ 21 മുതല്‍ 27 വരെ നീണ്ടു നിൽക്കുന്ന അമേരിക്കൻ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ രാത്രിയാണ് പുറപ്പെടുന്നത്. ന്യൂയോർക്കിലും ഹൂസ്റ്റണിലും നടക്കുന്ന പരിപാടികളിൽ പങ്കെടുക്കുന്ന മോദി ഇരുപത്തിനാലിന്  അമേരിക്കൻ പ്രസിഡന്‍റ് ഡോണഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തും. ഈ കൂടിക്കാഴ്ചക്ക് ശേഷം ചില വലിയ പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്നാണ് സൂചന. 

സെപ്തംബര്‍ 27-നാണ് ഐക്യരാഷ്ട്രസഭയുടെ പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്തു പ്രധാനമന്ത്രി സംസാരിക്കുക. പ്രധാനമന്ത്രിയുടെ വിമാനത്തിന് പാകിസ്ഥാൻ വ്യോമപാത നിഷേധിച്ചത് അന്താരാഷ്ട്ര വേദികളിൽ  ഉന്നയിക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. വ്യാപാര മുൻഗണന പട്ടികയിൽ നിന്ന് ഇന്ത്യയെ ഒഴിവാക്കിയ തീരുമാനം അമേരിക്ക ഏകപക്ഷീയ എടുത്ത തീരുമാനമാണ്. ഇക്കാര്യത്തിലും ചർച്ചയുണ്ടാകുമെന്നാണ് സൂചന. 

click me!