
ദില്ലി: കേരളത്തിൽ നിന്നും ഒബിസി വിഭാഗത്തിലെ കൂടുതൽ വിദ്യാർത്ഥികൾ പ്രവേശനം നേടുന്നുവെന്ന ദില്ലി സർവകലാശാല (Delhi University) കമ്മിറ്റിയുടെ പഠന റിപ്പോർട്ട് വിവാദമാകുന്നു. ദില്ലിയുടെ അയൽ സംസ്ഥാനങ്ങളെക്കാൾ വിദ്യാർത്ഥികൾ കേരളത്തിൽ നിന്നെത്തുന്നുവെന്ന റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് സർവ്വകലാശാല പ്രവേശനത്തിന് എൻട്രൻസ് രീതി തീരുമാനിച്ചത്. റിപ്പോർട്ട് തയ്യാറാക്കിയത് കേരളത്തിനെതിരായ മുൻധാരണകളോടെയാണെന്ന വിമർശനവുമായി അധ്യാപക സംഘടനകൾ രംഗത്ത് വന്നു.
ദില്ലി സര്‍വ്വകലാശാലയിലെ പ്രവേശനങ്ങളെ കുറിച്ച് ഉയരുന്ന വിമര്‍ശനങ്ങൾ പഠിക്കാൻ നിയോഗിച്ച സമിതിയുടെ റിപ്പോർട്ടിലാണ് വിവാദ പരാമർശങ്ങളുള്ളത്. കേരളത്തിൽ നിന്നും കൂടുതൽ കുട്ടികൾ പ്രവേശനം നേടുന്നതിനെ സംശയത്തിന്‍റെ നിഴലിലാക്കുന്നതാണ് റിപ്പോർട്ടിലെ കണ്ടെത്തലുകൾ. ആദ്യ ഘട്ടത്തിൽ പ്രവേശനം നേടിയവരിൽ 84 ശതമാനവും സിബിഎസ്ഇ പരീക്ഷ എഴുതിയവരാണ്. 4 ശതമാനം മാത്രമാണ് കേരള ബോർഡ് വിദ്യാർത്ഥികൾ. ഹരിയാന ബോർഡ് വിദ്യാർത്ഥികളുടെ എണ്ണവും 4 ശതമാനത്തിനടുത്താണ്. എന്നാൽ ഇക്കാര്യം പരിഗണിക്കാതെയാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. ദില്ലിയുടെ അയൽ സംസ്ഥാനങ്ങളിൽ നിന്നുള്ളതിനേക്കാൾ വിദ്യാർത്ഥികൾ രാജ്യത്തിന്റെ ഒരു പ്രത്യേക പ്രദേശത്തുള്ള സംസ്ഥാനമായ കേരളത്തിൽ നിന്നും പ്രവേശനം നേടുന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നു.
കേരളത്തിൽ നിന്നെത്തുന്നവരിൽ അറുപത്തെട്ട് ശതമാനം പേരും ഒബിസി നോൺ ക്രീമി ലെയർ വിഭാഗത്തിൽ ഉള്‍പ്പെട്ടവരാണെന്ന കണ്ടെത്തലും റിപ്പോർട്ടിലുണ്ട്. ഇത്തരം പരാമർശങ്ങൾ ഒരു കേന്ദ്ര സർവകലശാലയ്ക്ക് ചേരുന്നതല്ല എന്ന വിമർശനവുമായി അധ്യാപക സംഘടനകൾ രംഗത്ത് വന്നു. ആദ്യഘട്ട പ്രവേശനം മാത്രം കണക്കിലെടുത്ത് സമിതി നടത്തിയ പഠനം ആപൂർണ്ണമാണ്. കേരളത്തിൽ നിന്ന് വിദ്യാർത്ഥികൾ പ്രവേശനം നേടുന്നതിനെ കുറിച്ച് മുൻവിധികളുടെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് തയ്യാറാക്കിയത് എന്നും അധ്യാപകർ ആരോപിച്ചു. റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് കട്ട് ഓഫ് മാർക്ക് സമ്പദായത്തിനു പകരം പ്രവേശനത്തിന് എൻട്രൻസ് ഏർപ്പെടുത്താൻ സർവ്വകലാശാല തീരുമാനിച്ചത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam