
ദില്ലി: വയോധിക ദമ്പതികളെ തോക്കിൻ മുനയിൽ നിർത്തി സ്വർണവും പണവും വാഹനവും അടക്കം മോഷ്ടിച്ച സംഭവത്തിൽ രണ്ട് പേർ പിടിയിൽ. വീട്ടിൽ നിന്ന് മോഷ്ടിച്ച സാധനങ്ങൾ കൊണ്ട് പോകാനായി വയോധിക ദമ്പതികളുടെ കാർ തന്നെയായിരുന്നു മോഷ്ടാക്കൾ ഉപയോഗിച്ചത്. ദില്ലി സർവ്വകലാശാലയിലെ മുൻ പ്രൊഫസറെയും ഭാര്യയേയും തിങ്കളാഴ്ചയാണ് സ്വന്തം വീട്ടിൽ വച്ച് കൊള്ളയടിച്ചത്. യുപി സ്വദേശികളായ രണ്ട് പേരാണ് സംഭവത്തിൽ അറസ്റ്റിലായിട്ടുള്ളത്. വിജയ്നഗർ സ്വദേശിയായ സൂരജ് എന്ന അഖിൽ, ജോൻചന സ്വദേശിയായ സച്ചിൻ എന്നിവരാണ് അറസ്റ്റിലായത്. വീടിനേക്കുറിച്ച് വ്യക്തമായ ധാരണയോടെയാണ് സംഘം മോഷണത്തിന് കയറിയതെന്ന് പൊലീസ് നേരത്തെ തന്നെ വിശദമാക്കിയിരുന്നു.
സ്വർണം, വെള്ളി ആഭരണങ്ങൾ, പണം, മൊബൈൽ ഫോണുകൾ അടക്കമുള്ളവയാണ് ദില്ലി അശോക് വിഹാറിലെ വീട്ടിൽ നിന്ന് കൊള്ളയടിക്കപ്പെട്ടത്. സംഭവത്തിൽ മോഷ്ടാക്കൾക്ക് വീടിനേക്കുറിച്ചും വീട്ടിലുള്ള വിലപിടിപ്പുള്ള വസ്തുക്കളേക്കുറിച്ചും വ്യക്തമായ ധാരണ നൽകിയത് ഈ വീട്ടിലെ ജോലിക്കാരിയാണെന്നാണ് ഒടുവിൽ വരുന്ന വിവരങ്ങൾ. ടാക്സി കാറിലും ഓട്ടോറിക്ഷയിലുമായാണ് സംഘം അശോക് വിഹാറിലേക്ക് എത്തിയത്. നാല് പേരായിരുന്നു സംഘത്തിലുണ്ടായിരുന്നത്. രണ്ട് പേർ ദമ്പതികളെ തോക്കിൻ മുനയിൽ നിർത്തിയ ശേഷം ശേഷിച്ച രണ്ട് പേരാണ് സ്വർണവും പണവും അടക്കമുള്ളവ കൊള്ളയടിച്ചത്. ലക്ഷങ്ങൾ വിലയുള്ള വസ്തുക്കളാണ് മോഷണം പോയത്. മോഷണ വസ്തുക്കളുമായി വീട്ടുകാരന്റെ കാറുമായി സംഘം രക്ഷപ്പെടുകയായിരുന്നു.
സംഘത്തിലൊരാളുടെ ബന്ധുവാണ് ഈ വീട്ടിലെ ജോലിക്കാരിയെന്നാണ് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നത്. വീടിനേക്കുറിച്ചും വീട്ടിലെ വിലപിടിപ്പുള്ള വസ്തുക്കളേക്കുറിച്ചും വ്യക്തമായ ധാരണയുണ്ടായിരുന്ന വീട്ടുകാരി ഇത് ബന്ധുവിനെ അറിയിച്ചിരുന്നു. പൊലീസ് ചോദ്യം ചെയ്യലിൽ ഇക്കാര്യം വീട്ടുജോലിക്കാരി കുറ്റസമ്മതം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സിസിടിവി ദൃശ്യങ്ങൾ പൊലീസ് പുറത്ത് വിട്ടത്. സൂരജും സച്ചിനും ഇതിന് മുൻപും പല കേസുകളിൽ പ്രതികളാണ്. കൊള്ള, മോഷണം, കൊലപാതക ശ്രമം അടക്കം 17 എഫ്ഐആറുകളാണ് സൂരജിനെതിരെ പലയിടങ്ങളിലുള്ളത്. സച്ചിനെതിരെ 14കേസുകളാണ് നിലവിലുള്ളത്. സംഘത്തിൽ നിന്നും മോഷണ വസ്തുക്കളുടെ ഒരു ഭാഗം കണ്ടെത്താൻ പൊലീസുകാർക്ക് സാധിച്ചതായാണ് ദില്ലി പൊലീസ് വിശദമാക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam