പടക്കമില്ല, വെളിച്ചം മാത്രം; ദില്ലിയിൽ ഇത് ഹരിത ദീപാവലി, അന്തരീക്ഷ മലിനീകരണം രൂക്ഷം

Published : Oct 27, 2019, 09:39 AM ISTUpdated : Oct 27, 2019, 10:54 AM IST
പടക്കമില്ല, വെളിച്ചം മാത്രം; ദില്ലിയിൽ ഇത് ഹരിത ദീപാവലി, അന്തരീക്ഷ മലിനീകരണം രൂക്ഷം

Synopsis

ദില്ലിയില്‍ ഇത്തവണയും പടക്കമില്ലാത്ത ദീപാവലി ആഘോഷം. ഹരിത ദീപാവലി എന്ന ആശയത്തിലേക്ക് വെളിച്ചമുയര്‍ത്തുകയാണ് ദില്ലിയിലെ ആഘോഷ പരിപാടികള്‍. 

ദില്ലി: ദീപങ്ങളുടെയും പടക്കങ്ങളുടെയും ഉത്സവം കൂടിയാണ് ദീപാവലി. എന്നാല്‍, വായു മലിനീകരണം കണക്കിലെടുത്ത് ദില്ലിയിൽ ഇത്തവണ പടക്കങ്ങൾക്ക് കർശന നിയന്ത്രണമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഹരിത ദീപാവലി എന്ന ആശയത്തിലേക്ക് വെളിച്ചമുയര്‍ത്തുകയാണ് ദില്ലിയിലെ ആഘോഷ പരിപാടികള്‍. പടക്കങ്ങള്‍ക്ക് പകരമായി ടൂറിസം വകുപ്പ് ഏർപ്പെടുത്തിയ വൻ ലേസർ ഷോ ജനങ്ങൾ ഏറ്റെടുത്തുകഴിഞ്ഞു. 

വായുമലിനീകരണമാണ് ദില്ലിയിലെ ദീപാവലി ആഘോഷങ്ങളുടെ പ്രധാന വില്ലൻ. പടക്കവിപണികളിൽ മുമ്പത്തെ പോലെ തിരക്കില്ല. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ദില്ലി ടൂറിസം വകുപ്പ് നഗര ഹൃദയത്തിൽ ഇത്തരത്തിൽ ലേസർ ഷോ സംഘടിപ്പിക്കുന്നത്. ലേസർ ലൈറ്റുകൾക്കൊപ്പം ശബ്ദവും വിസ്മയം തീർത്തപ്പോൾ ആൾക്കൂട്ടം ഇരമ്പിയെത്തി. ലേസർ ഷോയ്ക്ക് ഓളം കൂട്ടാൻ പ്രശസ്ത ബോളിവുഡ് പിന്നണി ഗായകൻ ജാവേദ് അലിയുടെ സംഗീത നിശയും ഒരുക്കിയിട്ടുണ്ട്. 

 

പുത്തൻ പരിപാടി ഇരുകൈകളും നീട്ടി ഏറ്റെടുക്കുകയാണ് ദില്ലിയിലെ ജനങ്ങൾ. ഛോട്ടി ദീപാവലി ദിവസമായിട്ടും ശനിയാഴ്ച നഗരത്തിൽ പടക്കം പൊട്ടിക്കാത്തത് ഇതിന് തെളിവാണ്. നാല് ദിവസം നീണ്ടുനിൽക്കുന്ന ലേസർ ഷോ കൊണാട്ട് പ്ലേസിലാണ് സംഘടിപ്പിച്ചിരിക്കുന്നത്. എല്ലാ ദിവസവും വൈകീട്ട് ആറ് മുതൽ പത്തുവരെയാണ് ഷോ. ഒരു മണിക്കൂർ നീണ്ടുനിൽക്കുന്നതാണ് ഓരോ ഷോയും. പ്രവേശനം സൗജന്യമാണ്. ലേസർ ഷോയ്ക്കൊപ്പം ഭക്ഷ്യ, വിപണനമേളകളും ഒരുക്കിയിട്ടുണ്ട്. സെൻട്രൽ പാർക്കിൽ ശനിയാഴ്ച ആരംഭിച്ച ലേസർ ഷോ 29-ന് സമാപിക്കും.

മലിനീകരണ തോത് കണക്കാക്കുന്ന എയർ പൊലൂഷൻ ഇന്‍റെക്സ് പ്രകാരം പൂജ്യം മുതൽ 50 വരെയുള്ള വായു മലിനീകരണമാണ് മനുഷ്യവാസം പ്രശ്നങ്ങളില്ലാതെ സാധ്യമാകുന്ന തോത്. എന്നാൽ, ദില്ലിയിലെ ശരാശരി തോത് 200നും അപ്പുറമാണെന്നതാണ് യാഥാർഥ്യം. കഴിഞ്ഞ ദീപാവലിക്കാലത്ത് പടക്ക വിൽപന സുപ്രീംകോടതി വിലക്കിയതോടെ മുന്‍ വര്‍ഷത്തെക്കാള്‍ മലിനീകരണ തോത് കുറയ്ക്കാന്‍ കഴിഞ്ഞെന്നാണ് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് വിയിരുത്തുന്നത്. മലിനീകരണ തോത് കഴിഞ്ഞ തവണ 319 ആയിരുന്നു എന്നാണ് മലിനീകരണ നിയന്ത്രണ ബോർഡിന്‍റെ കണക്കുകള്‍ പറയുന്നത്. സുപ്രീകോടതി വിധി ഫലം ചെയ്തെന്ന് ചുരുക്കം.

PREV
click me!

Recommended Stories

ബജ്റം​ഗ്ദൾ ശൗര്യയാത്രക്ക് നേരെ കല്ലേറെന്ന് ആരോപണം, പിന്നാലെ സംഘർഷം, ഹരിദ്വാറിൽ കനത്ത സുരക്ഷ
ഇന്ത്യയിലെ പ്രധാന ന​ഗരത്തിലെ റോഡിന് ഡോണൾഡ് ട്രംപിന്റെ പേരിടും, പ്രഖ്യാപനവുമായി തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി