ജമ്മു കശ്മീരിലെ സുരക്ഷാ സാഹചര്യം വിലയിരുത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, അതിർത്തി കടന്നുള്ള ഭീകരവാദത്തിനെതിരെ കർശന നടപടിക്ക് നിർദ്ദേശം നൽകി. ഭീകരമുക്ത ജമ്മു കശ്മീർ എന്ന ലക്ഷ്യം വേഗത്തിൽ നടപ്പാക്കാനും അദ്ദേഹം ആവശ്യപ്പെട്ടു

ദില്ലി: അതിർത്തി കടന്നുള്ള ഭീകരവാദത്തിനെതിരെ കർശന നടപടിക്ക് നിർദ്ദേശം നൽകി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ജമ്മു കശ്മീരിൽ ഇപ്പോഴുള്ള എല്ലാ ഭീകരരെയും ഉന്മൂലനം ചെയ്യണമെന്ന് സുരക്ഷാ സാഹചര്യം വിലയിരുത്തിയ യോഗത്തിൽ അമിത് ഷാ നിർദ്ദേശിച്ചു. ഭീകരമുക്ത ജമ്മു കശ്മമീർ എന്ന ലക്ഷ്യം എത്രയും വേഗത്തിൽ നടപ്പാക്കാൻ നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഒരു മാസത്തിനിടെ ഇത് രണ്ടാം തവണയാണ് സുരക്ഷാകാര്യ യോഗങ്ങൾക്കായി അമിത് ഷാ ജമ്മു കശ്മീരിൽ എത്തുന്നത്. ഇന്നലെ ജമ്മു കശ്മീരിലെ ലോക് ഭവനിൽ സുരക്ഷാ സേനകളുടയെും സർക്കാരിന്റെയും സംയുക്ത യോഗത്തിലാണ് ഭീകരപ്രവർത്തനങ്ങൾക്കെതിരെ കടുത്ത നടപടിയിലേക്ക് കടക്കാൻ അമിത് ഷാ നിർദ്ദേശിച്ചത്. ഭീകരതയോട് സന്ധിയില്ല എന്നതാണ് സർക്കാർ നയം. നിലവിൽ നടക്കുന്ന ഭീകരവിരുദ്ധ നടപടികളിൽ അമിത് ഷാ സുരക്ഷസേനയെ അഭിനന്ദിച്ചു. എന്നാൽ ഭീകരമുക്ത ജമ്മുകശ്മീർ എന്നതാണ് സർക്കാരിന്റെ ലക്ഷ്യം. ഇതിന് ഊന്നൽ നൽകണം. മഞ്ഞു കാലത്തിനിടെ ഇന്ത്യൻ മേഖലയിലേക്ക് കടന്ന ഭീകരരെ ഉന്മൂലനം ചെയ്യാൻ കൂടുതൽ സംയുക്ത ഓപ്പറേഷനുകൾ നടത്തണം. ഇതിനായി വനമേഖലകളിൽ പരിശോധന നടത്തണം. അന്താരാഷ്ട്ര അതിർത്തിയിലും നിയന്ത്രണ രേഖയിലും സുരക്ഷയ്ക്കായി കൂടുതൽ സാങ്കേതിക സംവിധാനങ്ങൾ സ്ഥാപിക്കും. ഭീകരർക്ക് പ്രാദേശിക സഹായം നൽകുന്ന സംവിധാനങ്ങൾ പൂർണ്ണമായി തകർക്കണം. വിഘടനവാദ ആശയങ്ങൾ പ്രചരിക്കുന്നത് തടയാൻ വേണ്ട നടപടികൾ സ്വീകരിക്കണം. ഇത്തരം ആശയങ്ങൾ പ്രചരിപ്പിക്കുന്നവരെ കണ്ടെത്തി നടപടികളിലേക്ക് കടക്കാനും അമിത് ഷാ നിർദ്ദേശിച്ചു. യുവാക്കൾ ഭീകരപ്രവർത്തനങ്ങളിലേക്ക് പോകുന്നത് തടയാൻ സ്റ്റാർട്ട് അപ്പ് പദ്ധതികൾ നടപ്പാക്കണമെന്ന് ജമ്മു കശ്മീർ സർക്കാരിനോടും അദ്ദേഹം ആവശ്യപ്പെട്ടു. ഇതിന് സേനയുടെ പിന്തുണയും നൽകണം. യോഗത്തിൽ ലഫ് ഗവർണർ മനോജ് മിശ്ര, കരസേന മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി, വടക്കൻ കമാൻഡർ ലഫ് ജനറൽ പ്രതീക് ശർമ്മ, സിആർപിഎഫ് , ജമ്മു കശ്മീർ പൊലീസ്, ഐബി അടക്കം വിഭാഗങ്ങളുടെ ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു.