
ബംഗ്ലൂരു: കര്‍ണാടകയില്‍ വിശ്വാസ വോട്ടെടുപ്പില്‍ പരാജയപ്പെട്ട് കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാര്‍ താഴെവീണതിന് പിന്നാലെ വിമത എംഎല്‍ എമാര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി. ചില പ്രത്യേക താല്‍പര്യക്കാര്‍ തുടക്കം മുതല്‍ തന്നെ കര്‍ണാടകയിലെ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യസര്‍ക്കാരിനെ ലക്ഷ്യം വെച്ചിരുന്നുവെന്നും അവരുടെ ദുരാഗ്രഹം വിജയിച്ചുവെന്നും രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു.
'ചില പ്രത്യേക താല്‍പര്യക്കാര്‍ തുടക്കം മുതല്‍ തന്നെ കര്‍ണാടകയിലെ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യസര്‍ക്കാരിനെ ലക്ഷ്യം വെച്ചിരുന്നു. അധികാരത്തിലേക്കുള്ള വഴിയിലെ ഭീഷണിയായാണ് സഖ്യത്തെ അവര്‍ കണക്കാക്കിയത്. അവരില്‍ പുറത്തു നിന്നുള്ളവരും അകത്തുനിന്നുള്ളവരും ഉള്‍പ്പെടുന്നു. അവരുടെ ദുരാഗ്രഹം വിജയിച്ചു. ജനാധിപത്യവും സത്യസന്ധതയും കര്‍ണാടകയിലെ ജനങ്ങളും പരാജയപ്പെട്ടുവെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി.
കര്‍ണാടകയില്‍ കോണ്‍ഗ്രസ്-ദള്‍ സഖ്യത്തിലെ ചില എംഎല്‍എമാര്‍ രാജി നല്‍കിയതിനെത്തുടര്‍ന്നുണ്ടായ രാഷ്ട്രീയ അനിശ്ചിതത്വം കുമാരസ്വാമി സര്‍ക്കാരിന്‍റെ രാജിയില്‍ അവസാനിക്കുകയായിരുന്നു.
പതിനാല് മാസം നീണ്ടുനിന്ന കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യസര്‍ക്കാരാണ് വിശ്വാസവോട്ടെടുപ്പില്‍ താഴെവീണത്. വിശ്വാസവോട്ടെടുപ്പില്‍ പങ്കെടുത്ത 204 എംഎല്‍എമാരില്‍ 99 പേര്‍ അനുകൂലിക്കുകയും 105 പേര്‍ എതിര്‍ക്കുകയും ചെയ്തതോടെയാണ് കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ താഴെവീണത്.
16 വിമത എംഎൽഎമാർ രാജിവെക്കുകയും രണ്ട് സ്വതന്ത്ര എംഎൽഎമാർ പിന്തുണ പിൻവലിക്കുകയും ചെയ്തതോടെ ഉണ്ടായ പ്രതിസന്ധിയാണ് കര്‍ണാടകയില്‍ വിശ്വാസവോട്ടിലേക്ക് എത്തിയത്. സഖ്യസര്‍ക്കാര്‍ വീഴാതിരിക്കാന്‍ ആവുന്നതെല്ലാം കോണ്‍ഗ്രസ് ശ്രമിച്ചെങ്കിലും ഒടുവില്‍ ബിജെപിക്ക് മുമ്പില്‍ അടിയറവ് പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam