
ദില്ലി-: ഹരിയാന-ദില്ലി അതിർത്തി ഗ്രാമങ്ങളിൽ ക്യാൻസർ രോഗികളുടെ എണ്ണം കൂടുന്നതായി റിപ്പോർട്ട്. മൂന്ന് ഗ്രാമങ്ങളില്‍ മാത്രം നൂറിലേറെ പേര്‍ ക്യാന്‍സര്‍ ബാധിതരാണെന്ന് കണ്ടെത്തി. രോഗം തിരിച്ചറിയാൻ വൈകുന്നത് ചികിത്സക്കും തിരിച്ചടിയാകുന്നു.
പരാമവധി ഗ്രാമങ്ങളിൽ നിന്ന് ആളുകളെ പരിശോധിക്കാൻ എത്തിക്കാനാണ് ശ്രമം. പുകയില ഉപയോഗമാണ് പ്രധാന കാരണമെന്നാണ് നിഗമനം. പ്രദേശത്ത് ഇത്തരം ലഹരി ഉപയോഗം സ്ത്രീകളിലടക്കം കൂടുതലാണ്. ഗ്രാമത്തിലൂടെ കടന്നുപോകുന്ന കനാലിലെ അതിമലിനമായ ജലവും ഒരുകാരണമായി വിലയിരുത്തുന്നു.
മുങ്കേഷ്പൂരിലെ അറുപത് കാരനായ മോത്തിലാൽ കഴിഞ്ഞ രണ്ട് വർഷമായി അർബുദ രോഗബാധിതനാണ്. തൊണ്ടയിലും അന്നനാളത്തിലുമാണ് അർബുദം ബാധിച്ചത്. മോത്തിലാലിനെ പോലെ മുങ്കേഷ്പൂരില്‍ മാത്രം 30 പേര്‍ അർബുദ ബാധിതരാണ്.
തൊട്ടെടുത്ത ഗ്രാമങ്ങളായ ഒജന്തിയിലും, കുത്തബ്ഖഢിലും ഇതുതന്നെയാണ് സ്ഥിതി. ഒജന്തിയിൽ 40 പേരും കുത്തബ്ഖഢിൽ 32 പേരും അർബുദത്തിന് ചികിത്സ തേടുന്നവരാണ്.
മൂന്നു ഗ്രാമങ്ങളിലായി 15000 പേരാണ് കഴിയുന്നത്.
അർബുദ ബാധിതര്‍ക്കെല്ലാം 50 വയസ്സിലേറെയാണ് പ്രായം. രോഗം ഗുരുതരമായ ശേഷമാണ് പലരും ഇവിടെ ചികിത്സതേടുന്നത്. രോഗത്തിന്‍റെ കാരണം സംബന്ധിച്ച് വിലയിരുത്തലുകളുണ്ടെങ്കിലും വിശദമായ പഠനം വേണമെന്ന നിലപാടിലാണ് ആരോഗ്യവിദഗ്ധരുടെ സംഘം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam