പ്രവാചക നിന്ദ : യുപിയിലെ പൊളിക്കലുകൾ സ്റ്റേ ചെയ്യാൻ വിസമ്മതിച്ച് സുപ്രീകോടതി, യുപി സർക്കാരിന് നോട്ടീസയച്ചു

Published : Jun 16, 2022, 01:57 PM ISTUpdated : Jun 16, 2022, 01:59 PM IST
പ്രവാചക നിന്ദ : യുപിയിലെ പൊളിക്കലുകൾ സ്റ്റേ ചെയ്യാൻ വിസമ്മതിച്ച് സുപ്രീകോടതി, യുപി സർക്കാരിന് നോട്ടീസയച്ചു

Synopsis

നിയമപരമായി അല്ലാതെ ഒരു പൊളിക്കൽ നടപടിയും പാടില്ലെന്ന് കോടതി, അടുത്ത ചൊവ്വാഴ്ച കേസിൽ വീണ്ടും വാദം കേൾക്കും

ദില്ലി: നബിവിരുദ്ധ പരാ‍മർശവുമായി ബന്ധപ്പെട്ട പ്രതിഷേധത്തിൽ പങ്കെടുത്തവരുടെ വീട് പൊളിക്കുന്നത് സ്റ്റേ ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീംകോടതി. നിയമപരമായി അല്ലാതെ ഒരു പൊളിക്കൽ നടപടിയും പാടില്ലെന്ന് നിർദേശിച്ച കോടതി, യുപി സർക്കാരിന് നോട്ടീസയച്ചു. മൂന്ന് ദിവസത്തിനകം നോട്ടീസിന് മറുപടി നൽകണമെന്ന് യുപി സർക്കാരിനോട് കോടതി ആവശ്യപ്പെട്ടു. അടുത്ത ചൊവ്വാഴ്ച കേസിൽ വീണ്ടും വാദം കേൾക്കും. 

കേസ് പരിഗണിക്കവേ, പ്രയാഗ്‍രാജിൽ കെട്ടിടങ്ങൾ പൊളിക്കുന്നതിന് മുന്നോടിയായി നടപടിക്രമങ്ങൾ യുപി സർക്കാർ പാലിച്ചിരുന്നോയെന്ന് സുപ്രീംകോടതി ചോദിച്ചു. പൊളിക്കുന്നത് സംബന്ധിച്ച് ഒരു മാസം മുമ്പ് നോട്ടീസ് നൽകിയതാണെന്ന് യുപി സർക്കാർ കോടതിയെ അറിയിച്ചു. എല്ലാ നടപടികൾ പൂർത്തിയാക്കിയാണ് പൊളിക്കാനുള്ള ഉത്തരവിറക്കിയത്. ഇതിൽ വിശദമായ സത്യവാങ്മൂലം നൽകാമെന്നും സർക്കാർ കോടതിയെ അറിയിച്ചു. ഇക്കാര്യം രേഖപ്പെടുത്തിയ കോടതി, വീട് പൊളിക്കപ്പെട്ടവർ എന്തുകൊണ്ട് കോടതിയെ സമീപിക്കുന്നില്ലെന്ന് ചോദിച്ചു. ഒരു മതത്തെ ലക്ഷ്യമിട്ടുള്ള നടപടിയാണ് പൊളിക്കലിന്റെ പേരിൽ നടക്കുന്നതെന്ന് ഹർജിക്കാർ വാദിച്ചു. അനധികൃതമായി പ്രവർത്തിക്കുന്ന കെട്ടിടങ്ങൾ പൊളിച്ചു നീക്കുന്നത് തടയാനാകില്ലെന്ന് ജസ്റ്റിസ് എ.എസ്ബൊപ്പണ്ണ, ജസ്റ്റിസ് വിക്രംനാഥ് എന്നിവർ ഉൾപ്പെട്ട അവധിക്കാല ബെഞ്ച് വ്യക്തമാക്കി.

പ്രവാചക നിന്ദ : പ്രതിഷേധത്തിൽ പങ്കെടുത്തവരുടെ വ്യക്തിവിവരം പുറത്തുവിട്ടതിൽ വിശദീകരണം തേടി ജാർഖണ്ഡ് സർക്കാർ

പ്രവാചക നിന്ദയിൽ പ്രതിഷേധിച്ച്  റാഞ്ചിയിൽ ജൂൺ 10ന് നടന്ന പ്രതിഷേധത്തിൽ പങ്കെടുത്തവരുടെ ഫോട്ടോ പതിച്ച നോട്ടീസ് പുറത്തിറക്കിയ സംഭവം നിയമവിരുദ്ധമെന്ന് സംസ്ഥാന ആഭ്യന്തര സെക്രട്ടറി. നോട്ടീസ് പുറത്തിറക്കിയ സംഭവത്തിൽ രാജീവ് അരുൺ ഏക്ക, റാഞ്ചി സീനിയർ സ്പെഷ്യൽ സൂപ്രണ്ടിൽ നിന്ന് വിശദീകരണം തേടി. പ്രതിഷേധത്തിൽ പങ്കെടുത്തത്തിന്റെ പേരിൽ വ്യക്തിവിവരങ്ങൾ തടസ്സപ്പെടുത്തരുതെന്ന് അലഹാബാദ് ഹൈക്കോടതി, കഴിഞ്ഞ ദിവസം യുപി സർക്കാരിനോട് നിർദേശിച്ചിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് ആഭ്യന്തര വകുപ്പ് സെക്രട്ടറി റാഞ്ചി എസ്എസ്‍പിക്ക് നോട്ടീസ് നൽകിയത്. നോട്ടീസ് പതിച്ചതിന്റെ കാരണം വ്യക്തമാക്കാൻ എസ്എസ്‍പിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഭരണഘടന ഉറപ്പ് നൽകുന്ന മൗലികാവകാശങ്ങളുടെ ലംഘനമാണ് നടപടിയെന്നും  രാജീവ് അരുൺ ഏക്ക ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ബിജെപി നേതാക്കളുടെ നബിവിരുദ്ധ പരാമർശത്തിൽ പ്രതിഷേധിച്ച് ഈ മാസം 10ന് വെള്ളിയാഴ്ച പ്രാർത്ഥനയ്ക്ക് ശേഷം ഉണ്ടായ പ്രതിഷേധത്തിൽ റാഞ്ചിയിൽ, രണ്ടുപേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. സംഭവത്തിൽ 29 പേരെ അറസ്റ്റ് ചെയ്ത റാഞ്ചി പൊലീസ്, ചൊവ്വാഴ്ച 30 പേരുടെ വ്യക്തിവിവരങ്ങൾ ഉൾപ്പെടുത്തി നോട്ടീസുകൾ പുറത്തിറക്കുകയായിരുന്നു. സംഭവം വിവാദമായതോടെ നോട്ടീസുകൾ നീക്കം ചെയ്തു. സാങ്കേതിക പ്രശ്നങ്ങളുണ്ടെന്നും പരിഹരിച്ച ശേഷം നോട്ടീസുകൾ വീണ്ടും പതിക്കും എന്ന് വ്യക്തമാക്കിയായിരുന്നു ഈ നടപടി. 

PREV
Read more Articles on
click me!

Recommended Stories

'പക്ഷപാതപരമായി പ്രവർത്തിക്കുന്നു', ജസ്റ്റിസ് ജി ആർ സ്വാമിനാഥനെ ഇംപീച്ച് ചെയ്യാൻ ലോക്സഭാ സ്പീക്കർക്ക് നോട്ടീസ് നൽകി പ്രതിപക്ഷം
‘എനിക്കും വീട്ടില്‍ പോകണം, എത്രയും വേഗത്തിൽ പറത്താം, സോറി’; യാത്രക്കാരോട് വികാരാധീനനായി ഇന്‍ഡിഗോ പൈലറ്റ്-VIDEO