Hijab row: ഹിജാബിന് അനുവാദമില്ല, മംഗളൂരു സർക്കാർ കോളേജിൽ 20 വിദ്യാർത്ഥിനികൾ ബിരുദ പഠനം നിർത്തി

By Web TeamFirst Published Jun 16, 2022, 1:53 PM IST
Highlights

Hijab row:  ഹിജാബ് അനുവദിക്കാത്തതിന്‍റെ പേരില്‍ മംഗളൂരു സര്‍ക്കാര്‍ കോളേജിലെ 20 വിദ്യാര്‍ത്ഥിനികള്‍ ബിരുദ പഠനം അവസാനിപ്പിച്ചു. കോളേജിലേക്ക് ഇനിയില്ലെന്നും സ്വകാര്യ കംമ്പ്യൂട്ടര്‍ സെന്‍ററില്‍ തുടര്‍പഠനത്തിന് ചേരുമെന്നും വിദ്യാര്‍ത്ഥിനികള്‍ വ്യക്തമാക്കി

മംഗളൂരു: ഹിജാബ് (Hijab) അനുവദിക്കാത്തതിന്‍റെ പേരില്‍ മംഗളൂരു സര്‍ക്കാര്‍ കോളേജിലെ 20 വിദ്യാര്‍ത്ഥിനികള്‍ ബിരുദ പഠനം അവസാനിപ്പിച്ചു. കോളേജിലേക്ക് ഇനിയില്ലെന്നും സ്വകാര്യ കംമ്പ്യൂട്ടര്‍ സെന്‍ററില്‍ തുടര്‍പഠനത്തിന് ചേരുമെന്നും വിദ്യാര്‍ത്ഥിനികള്‍ വ്യക്തമാക്കി. എന്നാല്‍ ഹൈക്കോടതി ഉത്തരവ് അനുസരിച്ച് ഒരു കാരണവശാലും ഹിജാബ് അനുവദിക്കില്ലെന്ന് കോളേജ് അധികൃതര്‍ ചൂണ്ടിക്കാട്ടി.

മംഗളൂരു ഹലേങ്ങാടി സര്‍ക്കാര്‍ കോളേജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനികളാണ് ടിസി വാങ്ങിയത്. ഹിജാബ് ധരിക്കാതെ ക്ലാസിലിരിക്കാന്‍ കഴിയില്ലെന്ന് ചൂണ്ടികാട്ടി വിദ്യാര്‍ത്ഥിനികള്‍ കോളേജ് പ്രിന്‍സിപ്പളിന് കത്ത് നല്‍കിയിരുന്നു. തയ്യല്‍ പഠിക്കാനും കംമ്പ്യൂട്ടര്‍ പഠനത്തിനുമായി പോകുമെന്നാണ് ഇവരുടെ രക്ഷിതാക്കള്‍ കോളേജ് അധികൃതരെ അറിയിച്ചിരിക്കുന്നത്. 

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഹിജാബ് ധരിച്ച് പ്രായോഗിക പരീക്ഷയ്ക്ക് എത്തിയ വിദ്യാര്‍ത്ഥിനികളോട് ഹിജാബ് അഴിച്ചുമാറ്റണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന് വിസ്സമ്മതിച്ച വിദ്യാര്‍ത്ഥിനികള്‍ പ്രധാന കവാടത്തിന് മുന്നില്‍ പ്രതിഷേധിച്ചിരുന്നു. മറ്റ് വിദ്യാര്‍ത്ഥികളെ കൂടി സംഘടിപ്പിച്ച് ആസൂത്രിതമായ പ്രതിഷേധത്തിന് ശ്രമിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി നാല് വിദ്യാര്‍ത്ഥിനികളെ അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തിരുന്നു. 

Read more: ഹിജാബ് വിവാദം വീണ്ടും; കർണാടകത്തിൽ 6 കോളേജ് വിദ്യാർത്ഥിനികളെ സസ്പെൻഡ് ചെയ്തു

ഇതിന് പിന്നാലെയാണ് 19 വിദ്യാര്‍ത്ഥിനികള്‍ കഴിഞ്ഞ ദിവസവും ഒരു വിദ്യാര്‍ത്ഥിനി ഇന്നും എത്തി ടിസി വാങ്ങിയത്. കഴി‌ഞ്ഞ ഒന്നരമാസത്തോളം ഇവര്‍ കൃത്യമായി ക്ലാസിലെത്താറില്ലെന്ന് കോളേജ് അധികൃതര്‍ വ്യക്തമാക്കി. വര്‍ഷങ്ങളായി ഹിജാബ് ധരിച്ചാണ് എത്തുന്നതെന്നും മൗലികാവകാശങ്ങളുടെ ഭാഗമെന്നും ചൂണ്ടികാട്ടി ജില്ലാ വിദ്യാഭ്യാസ വകുപ്പിന് നാല് വിദ്യാര്‍ത്ഥിനികള്‍ പരാതി നല്‍കിയെങ്കിലും തള്ളിയിരുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് നിരോധിച്ചുള്ള ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ പ്രത്യേക ഇളവ് നല്‍കാനാകില്ലെന്നാണ് കോളേജ് അധികൃതരുടെ നിലപാട്. 

Read more:മംഗളുരു യൂണിവേഴ്സിറ്റിയില്‍ വീണ്ടും ഹിജാബ് വിലക്ക്, വിദ്യാ‍‍ർത്ഥികളെ തടഞ്ഞു, ക്ലാസ് ബഹിഷ്കരിച്ച് പ്രതിഷേധം

പ്രതീകാത്മക ചിത്രം

click me!