പശ്ചിമ അറബിക്കടലിലെ ന്യൂനമർദ്ദം സലാല തീരത്തിനടുത്ത്, കേരളത്തിന് ഭീതിയില്ല, ഒമാനിലുള്ളവർ സൂക്ഷിക്കണം

By Web TeamFirst Published May 30, 2020, 2:46 PM IST
Highlights

കൂടുതൽ ശക്തി പ്രാപിച്ച് അടുത്ത 12 മണിക്കൂറിൽ തീവ്രന്യൂനമർദമായി മാറി വടക്ക്-പടിഞ്ഞാറ് ദിശയിൽ സഞ്ചരിക്കുമെന്ന് പ്രതീക്ഷിക്കുന്നു

തിരുവനന്തപുരം: മധ്യ-പശ്ചിമ അറബിക്കടലിൽ യെമൻ-ഒമാൻ തീരത്തോട് അടുത്ത് രൂപം കൊണ്ട ശക്തമായ ന്യൂനമർദം സലാല തീരത്തിന് തൊട്ടടുത്തെത്തി. ഏറ്റവുമൊടുവിൽ വിവരം ലഭിക്കുമ്പോൾ 17.3°N അക്ഷാംശത്തിലും 54.2°E രേഖാംശത്തിലുമാണെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇത് ഒമാനിലെ സലാലയിൽ നിന്ന് 30 കിമീ അകലെയാണ്. 

കൂടുതൽ ശക്തി പ്രാപിച്ച് അടുത്ത 12 മണിക്കൂറിൽ തീവ്രന്യൂനമർദമായി മാറി വടക്ക്-പടിഞ്ഞാറ് ദിശയിൽ സഞ്ചരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് കേരളത്തിലെ കാലാവസ്ഥയെ ബാധിക്കാൻ സാധ്യതയില്ല. അടുത്ത 48 മണിക്കൂറിൽ കേരള തീരത്തിനടുത്തായി തെക്ക് കിഴക്കൻ അറബിക്കടലിൽ ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുണ്ട്. 

ന്യൂനമർദം രൂപപ്പെടുന്നതിൻറെ പശ്ചാത്തലത്തിൽ കേരളത്തിൽ ശക്തമായ മഴ അടുത്ത അഞ്ച് ദിവസവും തുടരുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. ശക്തമായ കാറ്റും കടലാക്രമണത്തിനുള്ള സാധ്യതയും ഉണ്ട്. മുന്നൊരുക്കങ്ങൾ നടത്തേണ്ടതാണ്.  ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ കേരള തീരത്ത് നിന്ന് കടലിൽ പോകുന്നത് പൂർണ്ണമായി നിരോധിച്ചിരിക്കുകയാണ്.

click me!