
പുനെ: ലോക്ക്ഡൗൺ മൂലം പുനെയിൽ കുടുങ്ങിയ മലയാളികളെ നാട്ടിലെത്തിക്കുന്നതിനായി കോൺഗ്രസ് ഏർപ്പെടുത്തിയ സൗജന്യ ബസുകളിലെ ആദ്യ രണ്ട് ബസുകൾ പിംപ്രിയില്‍ നിന്ന് യാത്രതിരിച്ചു. എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാലിന്റെ നിർദേശപ്രകാരം ഓൾ ഇന്ത്യ പ്രൊഫഷണൽ കോൺഗ്രസ് മഹാരാഷ്ട്ര സംസ്ഥാന സെക്രട്ടറി മാത്യു ആന്റണിയാണ് ബസുകള്‍ സ്പോണ്‍സര്‍ ചെയ്തത്.
മഹാരാഷ്ട്രയിൽനിന്ന് മൊത്തം 20 ബസുകളാണ് കോൺഗ്രസ് സജ്ജമാക്കിയത്. പുനെയിൽനിന്ന് പത്തനംതിട്ട, ആലപ്പുഴ എന്നിവിടങ്ങളിലേക്ക് രണ്ടു ബസുകളിലായി 48 പേരാണ് യാത്ര തിരിച്ചത്. വിദ്യാർഥികൾ, ജോലി നഷ്ടപ്പെട്ടവർ, സാമ്പത്തിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവർ തുടങ്ങിയവർക്കാണ് ബസ് യാത്രയ്ക്ക് ആദ്യപരിഗണന നൽകിയതെന്ന് മാത്യു ആന്റണി പറഞ്ഞു. പൂർണമായും ലോക്‌ഡൗൺ മാനദണ്ഡങ്ങൾ പാലിച്ചാണ് ബസ് യാത്രയെന്നും അദ്ദേഹം പറഞ്ഞു.
ഭക്ഷണം, വെള്ളം എന്നിവയും സൗജന്യമായി നൽകുന്നുണ്ട്. യാത്രക്കാർക്ക് വേണ്ട എല്ലാ യാത്രാ രേഖകളും തയ്യാറാക്കിയ മിഴി ഗ്രുപ്പ് പ്രസിഡന്റ് അരുൺ കൃഷ്ണയുടെ നേതൃത്വത്തിലുള്ള സംഘമാണ് തയ്യാറാക്കി നൽകിയത്. പുനെ ജില്ലാ കോൺഗ്രസ് പ്രസിഡണ്ട് രമേഷ് ബാഗ്‌വെ, പിംപ്രി-ചിഞ്ച്‌വാഡ് ജില്ലാ കോൺഗ്രസ്സ് പ്രസിഡന്‍റ് സച്ചിൻ സാഥെ, കോൺഗ്രസ്സ് സംസ്ഥാന ജനറൽ സെക്രട്ടറി അഭയ് ഛാജെദ്, എന്നിവർ ചേർന്ന് ബസിന്റെ ഫ്ലാഗ് ഓഫ് ചടങ്ങ് നിർവഹിച്ചു.
ചടങ്ങിൽ എംപിസിസി. അംഗം ഷാനി നൗഷാദ്, ജില്ലാ വൈസ് പ്രസിഡന്റ് സജി വർക്കി, ജില്ലാ സെക്രട്ടറി രവി എൻപി, യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി ജിഫിൻ ജോൺസൺ, പ്രൊഫഷണൽ കോൺഗ്രസ് ജില്ലാ സെക്രട്ടറി ലേഖ നായർ, മിഴി ഗ്രൂപ്പ് പ്രസിഡന്റ് അരുൺ കൃഷ്ണ, പികെഎംജെ നേതാവ് അഡ്വ. കരീം പുനെ, മോയിൻ പുണെ തുടങ്ങിയവർ പങ്കെടുത്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam