
മുംബൈ: സംവരണ പ്രക്ഷോഭത്തിനിടെ മഹാരാഷ്ട്ര സെക്രട്ടേറിയറ്റിൽ വെള്ളിയാഴ്ച അരങ്ങേറിയത് നാടകീട രംഗങ്ങൾ. ഡെപ്യൂട്ടി സ്പീക്കറും മൂന്ന് എംഎൽഎമാരും സംസ്ഥാന സെക്രട്ടേറിയറ്റ് കെട്ടിടത്തിന്റെ മൂന്നാം നിലയിൽ നിന്ന് താഴേക്ക് ചാടി. ഒന്നാം നിലയിൽ സ്ഥാപിച്ചിരുന്ന സുരക്ഷാ വലയിലേക്കാണ് ഇവർ ചെന്നുവീണത്. അതുകൊണ്ടുതന്നെ ആർക്കും പരിക്കേറ്റിട്ടില്ല.
ധാംഗർ സമുദായത്തെ പട്ടിക വർഗത്തിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് മഹാരാഷ്ട്രയിൽ പ്രക്ഷോഭം നടന്നുവരികയാണ്. ഇതിനിടെയാണ് നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ നർഹരി സിർവാളും മറ്റ് മൂന്ന് ജനപ്രതിനിധികളും സെക്രട്ടേറിയറ്റ് കെട്ടിടത്തിന്റെ മൂന്നാം നിലയിൽ കയറിയ ശേഷം താഴേക്ക് ചാടിയത്. എന്നാൽ സെക്രട്ടേറിയറ്റിൽ ആത്മഹത്യാ ശ്രമങ്ങൾ തടയാൻ ലക്ഷ്യമിട്ട് 2018ൽ സുരക്ഷാ വലകൾ സ്ഥാപിച്ചിരുന്നു. കെട്ടിടത്തിന്റെ ഒന്നാം നിലയിലാണ് ഈ വലകളുള്ളത്. മൂന്നാം നിലയിൽ നിന്ന് ചാടിയ ഡെപ്യൂട്ടി സ്പീക്കറും മറ്റ് മൂന്ന് ജനപ്രതിനിധികളും ഈ വലയിലേക്കാണ് വീണത്.
വലയിൽ പിടിച്ച് എഴുന്നേൽക്കുന്ന വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. പൊലീസ് ഉദ്യോഗസ്ഥരും സ്ഥലത്തുണ്ടായിരുന്നു. ധാംഗർ സമുദായത്തെ എസ്.ടി പട്ടികയിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഏതാനും എംഎൽഎമാരുടെ നേതൃത്വത്തിൽ നേരത്തെ സെക്രട്ടേറിയറ്റ് കോംപ്ലക്സിൽ പ്രതിഷേധം അരങ്ങേറിയിരുന്നു. മന്ത്രിസഭാ യോഗം നടക്കുന്ന സമയത്തായിരുന്നു പ്രതിഷേധം. നിലവിൽ ഒബിസി പട്ടിയിൽ ഉൾപ്പെട്ട ധാംഗർ സമുദായത്തെ പട്ടിക വർഗ സമുദായമായി പരിഗണിക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam