
ജയ്പൂർ: രാജസ്ഥാനിലെ ജോധ്പുരിൽ അമ്മയെ മുറിയിൽ പൂട്ടിയിട്ട ശേഷം 22 ദിവസം പ്രായമുള്ള കുഞ്ഞിനെ ബന്ധുക്കായ സ്ത്രീകൾ ചവിട്ടിക്കൊന്നു. നവംബർ 15നാണ് കൊലപാതകം നടന്നത്. സംഭവത്തിൽ 4 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മഞ്ജു, ഗീത, മംമ്ത, രാമേശ്വരി എന്നിവരാണ് അറസ്റ്റിലായത്. കുഞ്ഞിനെ ചവിട്ടി കൊലപ്പെടുത്തിയാൽ വിവാഹം ഉടൻ നടക്കുമെന്ന അന്ധവിശ്വാസത്തിന്‍റെ പുറത്താണ് നടുക്കുന്ന കൊലപാതകം നടന്നത്. കുട്ടിയുടെ മാതാവിനെ വീട്ടിൽ പൂട്ടിയിട്ട ശേഷമാണ് ഇവർ കുഞ്ഞിനെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. കുട്ടിയുടെ പിതാവിന്‍റെ സഹോദരിമാണ് കേസിലെ പ്രതികൾ.
ഒക്ടോബർ 24നാണ് ദമ്പതികൾക്ക് കുഞ്ഞ് പിറന്നത്. കുട്ടിയുടെ അമ്മയെ വീട്ടിൽ പൂട്ടിയിട്ട ശേഷം ചില പൂജകൾ നടത്തിയ ശേഷമാണ് ഇവർ ഹീന കൃത്യം നടപ്പാക്കിയത്. ഒരു സ്ത്രീ തന്റെ മടിയിൽ കുഞ്ഞിനെ പിടിച്ച് കിടത്തി എന്തോ ജപിക്കുന്നതായും മറ്റ് ചില സ്ത്രീകള്‍ ചുറ്റുമിരുന്ന് ജപം നടത്തുന്നതുമായ വീഡിയോ ഇതിനകം പുറത്ത് വന്നിട്ടുണ്ട്. നാടോടി ദേവതയായ ഭേരുവിനെ ആരാധിച്ചിരുന്നവരാണ് പ്രതികളെന്ന് പൊലീസ് പറയുന്നു. ഏറെ നാളായി ആലോചനകൾ നടക്കുന്നുണ്ടെങ്കിലും ഇവരുടെ കല്യാണം നടന്നിരുന്നില്ല.
സഹോദരിമാർ വിവാഹം കഴിക്കാൻ ആഗ്രഹിച്ചിരുന്നുവെന്നും വിവാഹാഭ്യർഥനകൾ മുടങ്ങിയതോടെ ദുരാചാരം നടത്തുകയായിരുന്നുവെന്നും പിതാവ് പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. വിവാഹം ഉടൻ നടക്കാൻ തന്റെ കുഞ്ഞിനെ ചവിട്ടി കൊലപ്പെടുത്തിയാൽ മതിയെന്ന് അവർ വിശ്വസിച്ചിരുന്നുവെന്നും കുട്ടിയുടെ പിതാവ് വെളിപ്പെടുത്തിയതായി എൻഡിടിവി റിപ്പോർട്ട് ചെയ്തു. പ്രതികളെ ചോദ്യം ചെയ്തു വരികയാണെന്നും ഏതെങ്കിലും മന്ത്രവാദിയുടെ വാക്ക് കേട്ടാണോ കൊലപാതകമെന്നതടക്കം അന്വേഷിച്ച് വരികയാണെന്ന് പൊലീസ് അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam