
മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രിയാകാൻ തയ്യാറാണെന്ന എൻസിപി നേതാവ് അജിത് പവാറിന്റെ പരാമർശത്തിൽ പ്രതികരണവുമായി ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്. മുഖ്യമന്ത്രിയാകണമെന്ന് ആരെങ്കിലും ആഗ്രഹിക്കുന്നതിൽ തെറ്റില്ലെന്നും എന്നാൽ എല്ലാവർക്കും എത്തിപ്പെടാൻ പറ്റുന്ന സ്ഥാനമല്ല അതെന്നുമാണ് ഫഡ്നാവിസ് പ്രതികരിച്ചത്.
"ഇക്കാര്യം സംബന്ധിച്ചുള്ള അജിത് പവാറിന്റെ അഭിമുഖം ഞാൻ കണ്ടില്ല. മുഖ്യമന്ത്രിയാകണമെന്ന് ആരെങ്കിലും ആഗ്രഹിക്കുന്നതിൽ തെറ്റൊന്നുമില്ല. ഒരുപാട് പേർക്ക് ഇഷ്ടമുള്ള കാര്യമാണത്. എന്നാൽ, എല്ലാവർക്കും മുഖ്യമന്ത്രിയാകാൻ പറ്റില്ല. അജിത് പവാറിന് എല്ലാവിധ ആശംസകളും നേരുന്നു". ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞു.
മുഖ്യമന്ത്രി സ്ഥാനത്തിന് അവകാശവാദം ഉന്നയിക്കാന്‍ 2024 വരെ കാത്തിരിക്കേണ്ടതില്ലെന്നും ഇപ്പോള്‍ തന്നെ അതിന് താൻ തയ്യാറാണെന്നും ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിൽ അജിത് പവാര്‍ അഭിപ്രായപ്പെട്ടിരുന്നു. മുഖ്യമന്ത്രിയാകാന്‍ ആഗ്രഹമുണ്ടോയെന്ന മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന്, 100 ശതമാനം ആഗ്രഹമുണ്ടെന്നായിരുന്നു പവാറിന്റെ മറുപടി. അജിത് പവാർ എന്‍സിപി വിട്ട് ബിജെപിയില്‍ ചേര്‍ന്നേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് മുഖ്യമന്ത്രിസ്ഥാനം സംബന്ധിച്ച അഭിപ്രായം അദ്ദേഹം തുറന്നുപറഞ്ഞത്. ഇത് വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു.
Read Also: സുഡാന്‍ സംഘര്‍ഷം; ഇന്ത്യക്കാരടക്കം 157 പേര്‍ ജിദ്ദയില്‍, സൗദി രക്ഷപ്പെടുത്തിയത് കപ്പല്‍ മാര്‍ഗം