
ദില്ലി: ദേവികുളം തെരഞ്ഞെടുപ്പ് റദ്ദാക്കിയ നടപടിക്കെതിരെ എ രാജ സുപ്രീം കോടതിയിൽ അപ്പീൽ ഫയൽ ചെയ്തു. ഹൈക്കോടതി വിധി ഔദ്യോഗിക രേഖകൾ പരിശോധിക്കാതെയാണെന്നാണ് ഹർജി. തൻ്റെ പൂർവികർ 1950 മുൻപ് കേരളത്തിലേക്ക് കുടിയേറിയവരാണ്. വിവാഹം നടന്നത് ഹിന്ദു ആചാരപ്രകാരം. ഹൈക്കോടതി വിധി റദ്ദാക്കണമെന്നും രാജ സുപ്രീം കോടതിയിൽ. അഭിഭാഷകൻ ജി പ്രകാശാണ് രാജയ്ക്കായി ഹർജി ഫയൽ ചെയ്തത്. ഹൈക്കോടതി വിധിക്ക് ഇടക്കാല സ്റ്റേ നൽകിയിരുന്നു. സംവരണത്തിന് എല്ലാ അർഹതയും ഉള്ള വ്യക്തി തന്നെയാണ് താൻ എന്ന് അപ്പീലിൽ രാജ പറയുന്നു.
ദേവികുളം നിയമസഭാ തെരഞ്ഞെടുപ്പ് വിധി റദ്ദാക്കിയ ഹൈക്കോടതി വിധിക്ക് ഇടക്കാല സ്റ്റേ അനുവദിച്ചിരുന്നു. സുപ്രീംകോടതിയെ സമീപിക്കുന്നതിനായി 10 ദിവസത്തെ സാവകാശം അനുവദിച്ചാണ് വിധി നടപ്പാക്കുന്നതിന് കോടതി സ്റ്റേ അനുവദിച്ചത്. നിയമസഭാംഗത്വത്തിൽ നിന്ന് അയോഗ്യനാക്കപ്പെട്ട എ രാജ നൽകിയ അപേക്ഷയിലാണ് ഉത്തരവ് പുറപ്പെടുവിച്ച അതേ ബെഞ്ച് തന്നെ സ്റ്റേ നൽകിയത്. സുപ്രീം കോടതിയിൽ അപ്പീൽ നൽകാൻ തീരുമാനിച്ച സാഹചര്യത്തിൽ ഉത്തരവ് നടപ്പാക്കുന്നതിന് സ്റ്റേ ചെയ്യണമെന്നായിരുന്നു ആവശ്യം. ഇത് അംഗീകരിച്ചാണ് സിംഗിൾ ബെഞ്ചിന്‍റെ നടപടി. സ്റ്റേ കാലയളവിൽ എംഎൽഎ എന്ന നിലയിൽ യാതൊരുവിധ പ്രതിഫലവും വാങ്ങാൻ പാടില്ലെന്നും നിർദേശിച്ചിട്ടുണ്ട്. എ രാജയുടെ നിയമസഭാംഗത്വം റദ്ദാക്കിയ കാര്യം തെരഞ്ഞെടുപ്പ് കമ്മീഷനേയും നിയമസഭാ സ്പീക്കറേൃയും അറിയിക്കാൻ കോടതി നിർദേശിച്ചിരുന്നു. ഈ തുടർ നടപടികൾക്കടക്കമാണ് സ്റ്റേ ഉത്തരവ് ബാധകമാകുക.
കഴിഞ്ഞ ദിവസമാണ് ദേവികുളം മണ്ഡലത്തിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഹൈക്കോടതി റദ്ദാക്കിയത്. പട്ടികജാതി സംവരണ വിഭാഗത്തിൽപ്പെട്ട ദേവികുളം മണ്ഡലത്തിൽ വ്യാജ ജാതി സർട്ടിഫിക്കറ്റ് ഹാജരാക്കിയാണ് സിപിഎമ്മിലെ എ രാജ മത്സരിച്ചതെന്ന യുഡിഎഫ് സ്ഥാനാർഥി ഡി കുമാറിന്‍റെ ഹർജി അംഗീകരിച്ചായിരുന്നു കോടതിയുടെ നടപടി. ക്രിസ്ത്യൻ മതാചാരം പിന്തുടരുന്ന രാജയ്ക്ക് പട്ടിക ജാതി സംവരണ മണ്ഡലത്തിൽ മത്സരിക്കാൻ അർഹതയില്ലെന്നായിരുന്നു ഹർജിയിലെ പ്രധാനവാദം. പരിവർത്തിത ക്രൈസ്തവ വിഭാഗത്തിൽപ്പെട്ടവരാണെന്നും മാട്ടുപ്പെട്ടി കുണ്ടള ഈസ്റ്റ് ഡിവിഷനിലെ സി എസ് ഐ. പള്ളിയിൽ മാമ്മോദീസാ സ്വീകരിച്ചവരാണ് രാജയുടെ മാതാപിതാക്കളെന്നും രാജയും അതേ മതത്തിൽപ്പെട്ടതാണെന്നും ഹർജിയിലുണ്ടായിരുന്നു. ഇത് അംഗീകരിച്ചാണ് ഹൈക്കോടതി ഉത്തരവിട്ടത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam