
മുംബൈ: മഹാരാഷ്ട്രയെ വൻ ഭീതിയിലേക്ക് തള്ളിയിട്ടിരിക്കുകയാണ് ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ചേരിയായ ധാരാവിയിലെ കൊവിഡ് മരണം. ദില്ലി നിസാമുദ്ദീനിലെ മർകസിൽ മത സമ്മേളനത്തിൽ പങ്കെടുത്ത ബാലികാ നഗറിൽ നിന്നുള്ള 56കാരനാണ് മരിച്ചത്. കൊവിഡ് രോഗലക്ഷണങ്ങളുണ്ടായതിനാൽ പരിശോധന നടത്തിയപ്പോഴാണ് ഇയാൾക്ക് കൊവിഡ് ബാധ ഏറ്റിരുന്നതായി വ്യക്തമായത്.
തുടർന്നുള്ള അന്വേഷണത്തിലാണ് ഇദ്ദേഹവും നിസാമുദ്ദീനിൽ പോയിരുന്നുവെന്ന് കണ്ടെത്തിയത്. രോഗ ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് മാർച്ച് 23ന് ഇദ്ദേഹം മുംബൈയിലെ സ്വകാര്യ ക്ലിനിക്കിൽ ചികിത്സ തേടി. മാർച്ച് 29 ന് നില വഷളായതോടെ സയനിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ ജീവൻ രക്ഷിക്കാനായില്ല. ഇതിന് പിന്നാലെ നടത്തിയ കൊവിഡ് പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ഇദ്ദേഹം താമസിച്ച ഇടത്തെ ഏഴ് നിലകളുള്ള എട്ട് കെട്ടിടങ്ങൾ സീൽ ചെയ്തു. നിസാമുദീനിൽ നിന്നെത്തിയ മൂന്ന് പേർ കൂടി തെലങ്കാനയിൽ കൊവിഡ് ബാധിച്ചു മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്.
ധാരാവിയിലും പരിസര പ്രദേശത്തും അതീവ ജാഗ്രത പ്രഖ്യാപിച്ചിരിക്കുകയാണ് മുംബൈ കോർപ്പറേഷൻ. മരിച്ചയാൾ താമസിച്ചിരുന്ന കെട്ടിടവും സീൽ ചെയ്തിട്ടുണ്ട്. ഇദ്ദേഹത്തിന്റെ ബന്ധുക്കളായ ഏഴ് പേരെ ക്വാറന്‍റൈൻ ചെയ്തിട്ടുണ്ട്. ഇവരുടെ സാമ്പിളുകൾ ഇന്ന് പരിശോധനയ്ക്ക് അയക്കും. മുംബൈയിലെ നാല് ചേരികളിൽ നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നു. ഇന്നലെ മാത്രം മുംബൈയിൽ മലയാളിയടക്കം നാല് പേരാണ് മരിച്ചത്. സംസ്ഥാനത്ത് മരണസംഖ്യ 16 ആയി. 335പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്.
രാജ്യത്ത് കൊവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം 1828 ആയി. 41 പേരാണ് ഇതുവരെ മരിച്ചത്. ഇന്നലെ മാത്രം 437പേർക്ക് രോഗം സ്ഥിരീകരിച്ചു. ധാരാവിയിലേതടക്കം മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ മരണം റിപ്പോർട്ട് ചെയ്തത്. സ്ഥിതിഗതികൾ വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് മുഖ്യമന്ത്രിമാരുമായി വിഡിയോ കോണ്‍ഫറൻസ് വഴി സംസാരിക്കും. നിസാമുദ്ദീനിലെ മർകസ് കേന്ദ്രത്തിൽ നിന്നും മടങ്ങിയവരിലെ രോഗബാധയാണ് കൊവിഡ് കേസുകൾ കൂടാൻ ഇടയാക്കുന്നതെന്ന് ഇന്നലെ ആരോഗ്യമന്ത്രാലയം പറഞ്ഞിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam