രാജ്യത്ത് കൊവിഡ് ഭീതി ശക്തം; ഇന്നലെ രോഗം സ്ഥിരീകരിച്ചത് 437 പേർക്ക്; മരണം 41

By Web TeamFirst Published Apr 2, 2020, 6:13 AM IST
Highlights

ഇന്നലെ മഹാരാഷ്ട്രയിലാണ് ഏറ്റവുമധികം മരണം റിപ്പോര്‍ട്ട് ചെയ്തത്. നാല് പേരാണ് മരിച്ചത്. ധാരാവിയിലെ ചേരിയിലും കൊവിഡ് മരണം ഉണ്ടായത് ആശങ്ക വർധിപ്പിച്ചു

ദില്ലി: രാജ്യത്ത് കൊവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം 1828 ആയി. 41 പേരാണ് ഇതുവരെ മരിച്ചത്. ഇന്നലെ മാത്രം 437പേർക്ക് രോഗം സ്ഥിരീകരിച്ചു. സ്ഥിതിഗതികൾ വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് മുഖ്യമന്ത്രിമാരുമായി വിഡിയോ കോണ്‍ഫറൻസ് വഴി സംസാരിക്കും. നിസാമുദ്ദീനിലെ മർകസ് കേന്ദ്രത്തിൽ നിന്നും മടങ്ങിയവരിലെ രോഗബാധയാണ് കൊവിഡ് കേസുകൾ കൂടാൻ ഇടയാക്കുന്നതെന്ന് ഇന്നലെ ആരോഗ്യമന്ത്രാലയം പറഞ്ഞിരുന്നു.

ഇന്നലെ മഹാരാഷ്ട്രയിലാണ് ഏറ്റവുമധികം മരണം റിപ്പോര്‍ട്ട് ചെയ്തത്. നാല് പേരാണ് മരിച്ചത്. ധാരാവിയിലെ ചേരിയിലും കൊവിഡ് മരണം ഉണ്ടായത് ആശങ്ക വർധിപ്പിച്ചു. ചേരിയില്‍ രോഗം ബാധിച്ച് 56 കാരനാണ് മരിച്ചത്. ഇയാളുടെ ബന്ധുക്കളെ ക്വാറന്‍റൈൻ ചെയ്തിട്ടുണ്ട്. ഇവിടെ ഒരു കൈക്കുഞ്ഞിനും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 

മുംബൈയിൽ കൊവിഡ് ബാധിച്ച് 51 കാരനും മരിച്ചിരുന്നു. ആകെ 16 പേരാണ് സംസ്ഥാനത്ത് മാത്രം രോഗം ബാധിച്ച് മരിച്ചത്. ചേരികളിൽ രോഗം പടരുന്നത് ആശങ്കയോടെയാണ് ആരോഗ്യ മന്ത്രാലയം കാണുന്നത്. മഹാരാഷ്ട്രയിൽ ഇന്നലെ 33 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചിരുന്നു. ആകെ രോഗികളുടെ എണ്ണം ഇതോടെ 335 ആയി.

ഗുജറാത്തിൽ അ‍ഞ്ച് പേർക്ക് കൂടി രോ​ഗം സ്ഥിരീകരിച്ചു. ഇവിടെ കൊവിഡ് രോഗികളുടെ എണ്ണം 87 ആയി. ആന്ധ്രയിൽ  67 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. തമിഴ്നാട്ടിൽ 110 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. എല്ലാവരും നിസാമുദ്ദീനിൽ നിന്ന് മടങ്ങിയെത്തിയവരാണ്. വിദേശികളും ഇക്കൂട്ടത്തിലുണ്ട്. നിസാമുദ്ദീനിൽ നിന്ന് മടങ്ങി എത്തിയവരിൽ മാത്രം 190 പേർക്കാണ് തമിഴ്നാട്ടിൽ വൈറസ് ബാധ സ്ഥിരീകരിച്ചത്. രണ്ട് ദിവസത്തിനുള്ളിൽ 200 ലധികം പേർക്ക് സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചത് ആശങ്ക വർധിപ്പിച്ചിട്ടുണ്ട്. കോയമ്പത്തൂരിലാണ് കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത്.

രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലായി 15.4 ടൺ പ്രതിരോധ സാമഗ്രികൾ എത്തിച്ചുവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം പറഞ്ഞു. റെയിൽവെ കോച്ചുകളിൽ 3.2 ലക്ഷം കിടക്കകൾ സജ്ജമാക്കി ചികിത്സ  സംവിധാനം ശക്തമാക്കുമെന്നും അറിയിച്ചിട്ടുണ്ട്. റെയിൽവെ നിരീക്ഷണ സംവിധാനം ശക്തമാണെന്നും ലോക്ക് ഡൗൺ ഫലപ്രദമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

click me!