ധർമ്മപുരിയിൽ മലയാളികളുടെ മൃതദേഹം കണ്ടെത്തിയ സംഭവം; ഇറിഡിയം വ്യാപാരവുമായി ബന്ധമെന്ന് വിവരം

By Web TeamFirst Published Jul 21, 2022, 7:38 PM IST
Highlights

കൊല്ലപ്പെട്ട മലയാളികളായ ശിവകുമാർ വിശ്വനാഥനും നെവിൽ ഗ്രിഗറി ബ്രൂസിന്റെയും സാമ്പത്തിക ഇടപാടുകൾ സംശയകരമാണെന്നാണ് ധർമ്മപുരി പൊലീസ് പറയുന്നത്

ചെന്നൈ: തമിഴ്നാട് ധര്‍മ്മപുരിയിൽ റോഡരികിൽ മലയാളികളുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിന് പിന്നിൽ ഇറിഡിയം വ്യാപാര തട്ടിപ്പെന്ന് സൂചന. കണ്ടെത്തിയ മൃതദേഹങ്ങൾ തിരുവനന്തപുരം, കൊച്ചി സ്വദേശികളുടേതാണ്. ഇറിഡിയം വ്യാപാരത്തിന് എത്തിയപ്പോഴാണ് മലയാളികളായ ഇരുവരും കൊല്ലപ്പെട്ടതെന്നാണ് ധർമ്മപുരി പൊലീസ് സംശയിക്കുന്നത്. കേസിൽ ഇന്നലെ അറസ്റ്റിലായ മേട്ടൂർ സ്വദേശിയെ പൊലീസ് ചോദ്യം ചെയ്യുകയാണ്.

കൊല്ലപ്പെട്ട മലയാളികളായ ശിവകുമാർ വിശ്വനാഥനും നെവിൽ ഗ്രിഗറി ബ്രൂസിന്റെയും സാമ്പത്തിക ഇടപാടുകൾ സംശയകരമാണെന്നാണ് ധർമ്മപുരി പൊലീസ് പറയുന്നത്. കൊല്ലപ്പെടുന്നതിന് തലേദിവസം ഇരുവരും തങ്ങിയ സേലത്തെ ഹോട്ടലിലെ സി സി ടി വിയിൽ പതിഞ്ഞ ദൃശ്യങ്ങളെ അടിസ്ഥാനമാക്കിയുള്ള അന്വേഷണത്തിലാണ് മേട്ടൂ‍ർ സ്വദേശിയെ പൊലീസ് പിടികൂടിയത്. കർണാടക, തമിഴ്നാട് എന്നിവിടങ്ങളിൽ നിന്നുള്ള അന്തർ സംസ്ഥാന ലോബികളിൽ ഉൾപ്പെട്ടവരുമായി ഇറിഡിയം വ്യാപാരത്തിനായാണ് മലയാളികൾ ധർമപുരിയിൽ എത്തിയതെന്നാണ് പൊലീസിന് കിട്ടിയിരിക്കുന്ന വിവരം. അറസ്റ്റിലായ മേട്ടൂർ സ്വദേശിയിൽ നിന്നാണ് ഈ നിർണായക വിവരം പൊലീസിന് ലഭിച്ചത്.

അന്താരാഷ്ട്ര വിപണിയിൽ വൻ വിലയുള്ള ലോഹമാണ് ഇറിഡിയം. എങ്കിലും റൈസ് പുള്ളർ, താഴികക്കുടം തുടങ്ങിയ പേരുകളിൽ ഇറിഡിയത്തിൽ നിർമിച്ചതെന്ന് വിശ്വസിപ്പിച്ച വസ്തുക്കളും അനധികൃത വിപണിയിൽ സജീവമാണ്. ഇവ കാട്ടി അന്ധവിശ്വാസം ചൂഷണം ചെയ്ത് തട്ടിപ്പ് നടത്തുന്ന അന്തർസംസ്ഥാന സംഘങ്ങൾ സജീവമാണ്. രണ്ടു പേരുടേയും മൃതശരീരത്തിൽ പരിക്കുകളുണ്ടായിരുന്നു. എന്നാൽ മൃതദേഹങ്ങൾ കണ്ടെത്തിയ സ്ഥലത്ത് പിടിവലി നടന്ന ലക്ഷണങ്ങളില്ല. മറ്റെവിടെയോ വെച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹങ്ങൾ പാഗൽപ്പട്ടി വനമേഖലയിലെ ക്വാറിക്ക് സമീപം കൊണ്ടുവന്ന് തള്ളുകയായിരുന്നു എന്നാണ് നിഗമനം.

സേലം ഓമല്ലൂർ ടോൾ ഗേറ്റിലൂടെ കൊല്ലപ്പെട്ടവരുടെ കാർ കടന്നുപോകുന്ന സി സി ടി വി ദൃശ്യങ്ങൾ പൊലീസിന് കിട്ടിയിട്ടുണ്ട്. അതിനുശേഷം ധർമപുരി എത്തുന്നത് വരെ ദേശീയപാതയിലെ ടോൾ പ്ലാസകളിലൂടെ കാർ പോയിട്ടില്ല. ഓമല്ലൂരിനും ധർമപുരിക്കും ഇടയിൽ ഇടറോഡുകളിലൂടെയാണ് ശിവകുമാറും നെവിലും സഞ്ചരിച്ചത്. ഇതുവഴി ഇവരെ തട്ടിക്കൊണ്ടു പോയതാകാനുള്ള സാധ്യതയും പൊലീസ് തള്ളുന്നില്ല.

click me!