
ഭോപ്പാൽ: മധ്യപ്രദേശിൽ ദില്ലി-മുംബൈ എക്സ്പ്രസ് വേയിൽ ഡീസൽ കയറ്റി വന്ന ടാങ്കർ മറിഞ്ഞു. ഡ്രൈവർക്ക് വാഹനം നിയന്ത്രിക്കാൻ കഴിയാതെ വന്നതോടെ ടാങ്കർ റോഡിലേക്ക് തലകീഴായി മറിയുകയായിരുന്നു. മധ്യപ്രദേശിലെ ഇൻഡോറിന് സമീപം എക്സ്പ്രസ് വേയിലാണ് സംഭവം. ടാങ്കറിൽ നിന്നും ഡീസൽ റോഡിലേക്കും സമീപത്തെ ഓടയിലേക്കും ഒഴുകി. അപകടത്തിന് പിന്നാലെ ടാങ്കറിൽ നിന്ന് ചോർന്നൊലിച്ച ഡീസൽ ശേഖരിക്കാനായി പാത്രങ്ങളും കാനുകളുമായി പ്രദേശവാസികളായ ഗ്രാമീണർ. തടിച്ചുകൂടി. സ്ഥലത്തെത്തിയ ഗ്രാമീണർ, ടാങ്കറിലെ ചോർച്ചയിൽ നിന്ന് ഒഴുകിപ്പോയ ഡീസൽ ബക്കറ്റുകളിലും പ്ലാസ്റ്റിക് കാനുകളിലും നിറച്ചെടുക്കാൻ മത്സരിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്.
വൻ തീപിടുത്ത സാധ്യതയുള്ള ഗുരുതരമായ അപകടസാഹചര്യമായിരുന്നിട്ടും അത് വകവെക്കാതെയാണ് മുതിർന്നവരും കുട്ടികളും അടങ്ങുന്ന സംഘം ഇന്ധനം ശേഖരിക്കാൻ ഓടിയെത്തിയത്. ലോറിയിൽ നിന്നും സമീപത്തെ ഓടയിലേക്ക് ഒഴുകിയ ഡീസൽ വലിയ പാത്രങ്ങളും കന്നാസുകളുമായെത്തിയാണ് നാട്ടുകാർ ശേഖരിച്ചത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസും എക്സ്പ്രസ്‌വേ മാനേജ്‌മെന്റ് സംഘവും പ്രദേശത്ത് തടിച്ചുകൂടിയ ജനങ്ങളെ മാറ്റുകയും വലിയ ദുരന്തം ഒഴിവാക്കാൻ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കുകയും ചെയ്തു. കൂടുതൽ വാഹനഗതാഗതം തടയുന്നതിനായി അപകടം നടന്ന ഭാഗം ബാരിക്കേഡുകൾ ഉപയോഗിച്ച് അടയ്ക്കുകയും ചെയ്തു. അപകടത്തിൽ പരിക്കേറ്റ ടാങ്കർ ഡ്രൈവറെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam