
നിരോധിത സംഘടനയായ സിഖ്‌സ് ഫോർ ജസ്റ്റിസുമായി ബന്ധപ്പെട്ടുള്ള ആപ്പുകൾ, വെബ്‌സൈറ്റ്, സോഷ്യൽ മീഡിയ അക്കൗണ്ടുകൾ എന്നിവ നിരോധിക്കാൻ വാർത്ത വിതരണ പ്രക്ഷേപണ മന്ത്രാലയം ഉത്തരവിട്ടു. നിയമവിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമം,1967 നു കീഴിൽ നിയമവിരുദ്ധമായി പ്രഖ്യാപിക്കപ്പെട്ട സംഘടനയാണ് സിഖ്‌സ് ഫോർ ജസ്റ്റിസ് (SFJ). ഇതുമായി അടുത്ത ബന്ധമുള്ളതും വിദേശരാജ്യം ആസ്ഥാനമായുമുള്ളതുമായ "പഞ്ചാബ് പൊളിറ്റിക്സ് ടിവി"യുടെ ആപ്പുകൾ, വെബ്‌സൈറ്റ്, സോഷ്യൽ മീഡിയ അക്കൗണ്ടുകൾ എന്നിവ നിരോധിക്കാൻ ആണ് കേന്ദ്ര വാർത്ത വിതരണ പ്രക്ഷേപണ മന്ത്രാലയം ഉത്തരവിട്ടിരിക്കുന്നത്.
ഇപ്പോൾ നടക്കുന്ന സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകളിൽ പൊതു ക്രമസമാധാനം തടസ്സപ്പെടുത്താൻ "പഞ്ചാബ് പൊളിറ്റിക്സ് ടിവി" ചാനൽ ഓൺലൈൻ മാധ്യമത്തിലൂടെ ശ്രമിക്കുന്നുവെന്ന ഇന്റലിജൻസ് വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ചാനലിന്റെ ഡിജിറ്റൽ മാധ്യമ വിഭാഗങ്ങളെ നിരോധിക്കാൻ തീരുമാനിച്ചത്. ഫെബ്രുവരി 18-ന് ഐടി ചട്ടങ്ങൾക്ക് കീഴിലുള്ള അടിയന്തര അധികാരങ്ങൾ ഉപയോഗിച്ചാണ് മന്ത്രാലയം നടപടി സ്വീകരിച്ചത്.
നിരോധിച്ച ആപ്പുകൾ, വെബ്‌സൈറ്റ്, സോഷ്യൽ മീഡിയ അക്കൗണ്ടുകൾ എന്നിവയുടെ ഉള്ളടക്കങ്ങൾ സാമുദായിക അനൈക്യവും വിഘടനവാദവും ഉണർത്താൻ കഴിവുള്ളവയാണെന്നും കൂടാതെ ഇന്ത്യയുടെ പരമാധികാരത്തിനും അഖണ്ഡതയ്ക്കും സുരക്ഷയ്ക്കും പൊതു സമാധാനത്തിനും ഹാനികരമാണെന്നും കണ്ടെത്തി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam