കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ്: മത്സരിക്കാനുറച്ച് ദിഗ്‌വിജയ് സിംഗ്, നാമനിർദ്ദേശ പത്രിക വാങ്ങും

By Web TeamFirst Published Sep 29, 2022, 8:45 AM IST
Highlights

രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടിനെ അധ്യക്ഷ സ്ഥാനാർത്ഥിയാക്കുന്നതിനായി കോണ്‍ഗ്രസില്‍ വീണ്ടും സമവായ ശ്രമങ്ങള്‍ നടക്കുന്നുണ്ട്

ദില്ലി: കോൺഗ്രസ് ദേശീയ അധ്യക്ഷ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ദിഗ് വിജയ് സിംഗ് തീരുമാനിച്ചു. ഇന്ന് ഇദ്ദേഹം നാമനിർദ്ദേശ പത്രിക വാങ്ങുമെന്നാണ് വിവരം. നാളെയാണ് നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന ദിവസം. ഇന്ന് ദിഗ് വിജയ് സിംഗ് മുതിർന്ന നേതാക്കളുമായി ചർച്ച നടത്തും.

രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടിനെ അധ്യക്ഷ സ്ഥാനാർത്ഥിയാക്കുന്നതിനായി കോണ്‍ഗ്രസില്‍ വീണ്ടും സമവായ ശ്രമങ്ങള്‍ നടക്കുന്നുണ്ട്. ഗെലോട്ട് ഇപ്പോഴും പരിഗണനയില്‍ ഉണ്ടെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ വ്യകത്മാക്കി.

രാജസ്ഥാനിലെ എംഎല്‍എമാരുടെ നീക്കം ഹൈക്കമാന്‍റും ഗെലോട്ടുമായുള്ള ബന്ധത്തില്‍ താത്കാലിക വിള്ളല്‍ വീഴ്ത്തിയിരുന്നു.എന്നാല്‍ അധ്യക്ഷ പദവിയിലേക്ക് അദ്ദേഹത്തെ പരിഗണിക്കുന്നത് ഒഴിവാക്കിയിട്ടില്ലെന്നും ഇപ്പോഴും ഗെലോട്ട് തന്നെയാണ് മുഖ്യ പരിഗണനയില്‍ തുടരുന്നതെന്നുമാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറയുന്നത്. മുതിർന്ന നേതാക്കള്‍ ഗെലോട്ടുമായി സംസാരിക്കുന്നുണ്ട്.  

നാളെ ദില്ലിയിലെത്തുന്ന ഗെലോട്ട് സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും. ആശയവിനിമയത്തിലുടെ മഞ്ഞുരുക്കമുണ്ടാകുമെന്നാണ് നേതാക്കള്‍ കരുതുന്നത്. എങ്കിലും നാടകീയ സംഭവങ്ങളിലേക്ക് കാര്യങ്ങള്‍ നീങ്ങിയതിനാല്‍ ഗെലോട്ടിന് ഒരു പദവി മാത്രമേ കൈകാര്യം ചെയ്യാനാകൂവെന്നതിൽ ഹൈക്കമാന്‍റ് വിട്ടുവീഴ്ച ചെയ്യില്ല. ദില്ലിയിലേക്ക് വരാനിരിക്കെ അടുപ്പക്കാരായ മന്ത്രിമാരുമായി ഗെലോട്ട് ചർച്ച നടത്തിയിരുന്നു.
 

click me!