'സുരക്ഷിതന്‍, ഭയപ്പെടേണ്ട സാഹചര്യമില്ല'; ബ്രിട്ടീഷ് എണ്ണക്കപ്പലിലെ മലയാളി കുടുംബവുമായി ബന്ധപ്പെട്ടു

By Web TeamFirst Published Jul 26, 2019, 10:28 AM IST
Highlights

 ഇന്നലെ രാത്രി 10 മണിക്കാണ് ഡിജോ ഫോണിൽ അച്ഛനോടും അമ്മയോടും സംസാരിച്ചത്. 

ടെഹ്‍റാന്‍: ഇറാൻ പിടിച്ചെടുത്ത ബ്രിട്ടീഷ് എണ്ണക്കപ്പല്‍ സ്റ്റെനാ ഇംപാറോയിലെ മലയാളി ജീവനക്കാരിലൊരാളായ എറണാകുളം കളമശ്ശേരി സ്വദേശി ഡിജോ പാപ്പച്ചൻ  കുടുംബവുമായി സംസാരിച്ചു. ഇന്നലെ രാത്രി 10 മണിക്കാണ് ഡിജോ ഫോണിൽ അച്ഛനോടും അമ്മയോടും സംസാരിച്ചത്. താൻ സുരക്ഷിതനാണെന്നും ഭയപ്പെടേണ്ട സാഹചര്യമൊന്നുമില്ലെന്നും മകൻ പറഞ്ഞതായി അച്ഛൻ പാപ്പച്ചൻ പറഞ്ഞു.

കപ്പലിലുള്ള മറ്റൊരു മലായാളി തൃപ്പൂണിത്തറ സ്വദേശി  സിജു വി ഷേണായിയും കഴിഞ്ഞ ബുധനാഴ്ച കുടുംബവുമായി ബന്ധപ്പെട്ടിരുന്നു.  മൂന്ന് മിനിറ്റോളം കുടുംബാംഗങ്ങളുമായി ഫോണില്‍ സംസാരിച്ച സിജുവും ഭയപ്പെടേണ്ട സാഹചര്യമില്ലെന്നാണ് കുടുംബത്തെ അറിയിച്ചത്.

സിജുവിനെയും ഡിജോ പാപ്പച്ചനെയും കൂടാതെ പി ജി സുനില്‍കുമാര്‍, പ്രജിത്ത് എന്നിവരാണ് കപ്പലിലുള്ള മറ്റ് രണ്ട് മലയാളികള്‍. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ബ്രിട്ടന്‍റെ എണ്ണക്കപ്പലായ സ്റ്റെനാ ഇംപറോ ഹോര്‍മൂസ് കടലിടുക്കില്‍ വച്ച് ഇറാന്‍ പിടിച്ചെടുത്തത്. ഉപരോധം ലംഘിച്ച് സിറിയയിലേക്ക് എണ്ണ കടത്തുന്നു എന്നാരോപിച്ച് ഈ മാസം 4ന് ഗ്രേസ്-1 എന്ന ഇറാനിയന്‍ എണ്ണക്കപ്പല്‍ ബ്രിട്ടന്‍ പിടിച്ചെടുത്തതിന് പ്രതികാരമായിട്ടായിരുന്നു ഇറാന്‍റെ നടപടി. ഇറാന്‍റെ കപ്പല്‍ 30 ദിവസം തടങ്കലില്‍ വെക്കാനണ് ജിബ്രാള്‍ട്ടര്‍ സുപ്രീംകോടതി ഉത്തരവിട്ടത്.

click me!