ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററും മുൻ ഐബി തലവനുമായിരുന്ന ദിനേശ്വർ ശർമ അന്തരിച്ചു

By Web TeamFirst Published Dec 4, 2020, 6:12 PM IST
Highlights

കേരള കേഡർ ഐപിഎസ് ഉദ്യോഗസ്ഥനായിരുന്ന ദിനേശ്വർ ശർമ്മ കൊല്ലം, തൃശ്ശൂർ ജില്ലകളിൽ പൊലീസ് മേധാവിയായി പ്രവർത്തിച്ചിട്ടുണ്ട്. വിഭജനത്തിന് മുൻപ്  കശ്മീർ താഴ്വരയിൽ സമാധാനം ഉറപ്പാക്കാനുള്ള ചർച്ചകൾക്ക് അദ്ദേഹം മധ്യസ്ഥനായി പ്രവർത്തിച്ചിരുന്നു.

ചെന്നൈ: ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററും മുൻ ഇൻ്റലിജൻസ് ബ്യൂറോ തലവനുമായിരുന്ന ദിനേശ്വർ ശർമ അന്തരിച്ചു. 66 വയസായിരുന്നു. ജമ്മു കശ്മീരിലെ അഭ്യന്തര സംഘർഷം പരിഹരിക്കാൻ നടത്തിയ മധ്യസ്ഥ നീക്കങ്ങളിലൂടെ സമീപകാലത്ത് അദ്ദേഹം വാർത്തകളിൽ നിറഞ്ഞിരുന്നു. ചെന്നൈയിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയായിരുന്നു അദ്ദേഹത്തിൻ്റെ അന്ത്യം. 

1976 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായിരുന്ന ദിനേശ്വർ ശർമ്മ കേരള കേഡറിലാണ് തൻ്റെ സർവ്വീസ്  ആരംഭിച്ചത്. ആലപ്പുഴ എ.എസ്.പിയായി ഔദ്യോഗിക ജീവിതം ആരംഭിച്ച അദ്ദേഹം മലബാർ സെപ്ഷ്യൽ പൊലീസ് ഡെപ്യൂട്ടി കമാൻഡണ്ടൻ്, കോഴിക്കോട് റൂറൽ എഎസ്പി എന്നി നിലകളിൽ പ്രവർത്തിച്ചിരുന്നു. പിന്നീട് കൊല്ലം, തൃശ്ശൂർ ജില്ലകളിൽ എസ്.പിയായി ജോലി ചെയ്ത് ദിനേശ്വർ ശർമ്മ സംസ്ഥാന ഇൻലിജൻസ് ബ്യൂറോയിലും സേവനം അനുഷ്ഠിച്ചു.

രണ്ട് പതിറ്റാണ്ടോളം കേരളത്തിൽ ജോലി ചെയ്ത ദിനേശ്വർ പിന്നീട് ദേശീയ പൊലീസ് അക്കാദമിയിൽ സീനിയർ ഇൻസ്ട്രക്ടർ, സിആർപിഎഫ് അക്കാദമി എസ്.എസ്.പി, ബിഎസ്എഫ് ഡിഐജി തുടങ്ങി വിവിധ പദവികൾ അലങ്കരിച്ചു. 2003-05 കാലഘട്ടത്തിൽ അദ്ദേഹം കശ്മീരിൻ്റ ചുമതലയോടെ ഐബിയിൽ ജോ.ഡയറക്ടറായി പ്രവർത്തിച്ചിട്ടുണ്ട്. 2005 മുതൽ 2008 വരെ സിആർപിഎഫ് ഐജിയായും അദ്ദേഹം കശ്മീരിൽ തുടർന്നു. 2015 മുതൽ 2017 വരെയാണ് അദ്ദേഹം ഐബിയുടെ തലവനായി പ്രവർത്തിച്ചത്. 

ഈ പദവിയിൽ നിന്നും വിരമിച്ചതിന് പിന്നാലെയാണ് കേന്ദ്രസർക്കാർ അദ്ദേഹത്തെ കശ്മീരിൽ മധ്യസ്ഥ ചർച്ചകൾക്കായി നിയമിച്ചത്. താഴ്വരയിൽ സമാധാനം ഉറപ്പാക്കാൻ നേതാക്കളുമായും കശ്മീരിലെ വിവിധ സാമൂഹിക മേഖലകളിലുള്ളവരുമായും അദ്ദേഹം നിരന്തരം സമ്പർക്കം പുലർത്തിയിരുന്നു. 2019-ൽ കശ്മീരിൻ്റെ പ്രത്യേക പദവി എടുത്തു കളയും വരെ അദ്ദേഹം അവിടെയുണ്ടായിരുന്നു. പിന്നീട് 2019 നവംബറിലാണ് ശർമ്മയെ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററായി കേന്ദ്രം നിയമിച്ചത്.

ദിനേശ്വർ ശർമ്മയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചനം രേഖപ്പെടുത്തി. ഇന്ത്യൻ പൊലീസിനും കേന്ദ്ര സുരക്ഷാ സേനകൾക്കും വലിയ സംഭവാനകളും ഉത്തേജനവും നൽകിയ വ്യക്തിയായിരുന്നു ദിനേശ്വർ ശർമ്മയെന്ന് പ്രധാനമന്ത്രി അനുശോചനക്കുറിപ്പിൽ പറഞ്ഞു. സർവ്വീസിലിരിക്കുമ്പോൾ നിരവധി ഓപ്പറേഷനുകളിൽ അദ്ദേഹം ഭാഗമാക്കുകയും തീവ്രവാദവിരുദ്ധ പ്രവർത്തനങ്ങൾക്ക് നിർണായക നേതൃത്വം വഹിക്കുകയും ചെയ്തിരുന്നുവെന്ന് പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു. 

ദിനേശ്വർ ശർമ്മയുടെ നിര്യാണത്തിൽ കശ്മീർ മുൻമുഖ്യമന്ത്രിമാരായ മെഹബൂബ്ബ മുഫ്തിയും ഒമർ അബ്ദുള്ളയും അനുശോചനം രേഖപ്പെടുത്തി. തീർത്തും മാന്യനായ വ്യക്തിയായിരുന്നു ദിന്വേശർ ശർമ്മ. ഒരു മധ്യസ്ഥനെന്ന നിലയിൽ കശ്മീരിൽ സമാധാനം ഉറപ്പാക്കാനും ഇന്ത്യയുടെ ഇതര ഭാഗങ്ങളുമായി കശ്മീരിനെ ബന്ധിപ്പിച്ചു നിർത്താനും അദ്ദേഹം ആത്മാർത്ഥമായി പരിശ്രമിച്ചു - മെഹബൂബ്ബ മുഫ്തി ട്വിറ്ററിൽ കുറിച്ചു. കശ്മീരിനെ കൃത്യമായി മനസിലാക്കിയ മനുഷ്യനായിരുന്നു ദിന്വേശർ ശർമ്മയെന്ന് ഒമർ അബ്ദുള്ള പറഞ്ഞു. എന്നാൽ അദ്ദേഹത്തിൻ്റെ വീക്ഷണം തിരിച്ചറിയാത്ത വാക്കുകൾ കേൾക്കാത്ത ഒരു സർക്കാരിന് വേണ്ടിയാണ് അദ്ദേഹം മധ്യസ്ഥനായി വന്നതന്നെും ഒമർ ട്വിറ്ററിലൂടെ അഭിപ്രായപ്പെട്ടു. 

click me!