'അഴിമതിക്കേസിലെ പ്രതിക്കൊപ്പം അമിത് ഷാ'; 2017 ലെ ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവച്ചു, സംവിധായകനെതിരെ കേസ്

By Web TeamFirst Published May 16, 2022, 7:38 PM IST
Highlights

കേസെടുത്തതിന് പിന്നാലെ സംവിധായകൻ തന്‍റെ സമൂഹമാധ്യമ അക്കൗണ്ടുകൾ ഡീ ആക്ടിവേറ്റ് ചെയ്തു

അഹമ്മദാബാദ്: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ജാർഖണ്ഡിൽ അഴിമതിക്കേസിൽ അറസ്റ്റിലായ ഐ എ എസ് ഓഫീസർ പൂജ സിംഗാളും ഒരുമിച്ച് നൽക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചതിന് സംവിധായകനെതിരെ കേസെടുത്ത് ഗുജറാത്ത് പൊലീസ്. മുംബൈയിൽ നിന്നുള്ള സംവിധായകൻ അവിനാശ് ദാസിനെതിരെയാണ് കേസെടുത്തത്. പിന്നാലെ സംവിധായകൻ തന്‍റെ സമൂഹമാധ്യമ അക്കൗണ്ടുകൾ ഡീ ആക്ടിവേറ്റ് ചെയ്തു.

കേസെടുത്തത് അഹമ്മദാബാദ് ക്രൈം ബ്രാഞ്ച്

അമിത് ഷായ്ക്കൊപ്പം വേദി പങ്കിടുന്ന പൂജാ സിംഗാളിന്‍റെ ചിത്രമാണ് സംവിധായകൻ സമൂഹ മാധ്യമത്തിലൂടെ പങ്കുവച്ചത്. 2017ൽ എടുത്ത ചിത്രമാണ് സംവിധായകൻ ഇക്കഴിഞ്ഞ 8 ാം തിയ്യതി പോസ്റ്റ് ചെയ്തത്. അറസ്റ്റിന് മുൻപുള്ള ചിത്രമെന്ന അടിക്കുറിപ്പോടെയായിരുന്നു ഇത്. ആളുകളെ തെറ്റിധരിപ്പിക്കുന്നതാണ് ചിത്രമെന്നും രാജ്യത്തിന്‍റെ ആഭ്യന്തര മന്ത്രിയെ അപമാനിക്കാനുള്ള ശ്രമമാണിതെന്നും ചൂണ്ടിക്കാട്ടിയാണ് അഹമ്മദാബാദ് ക്രൈം ബ്രാഞ്ച് കേസെടുത്തത്. എന്നാൽ ഈ ഒരൊറ്റക്കേസ് മാത്രമല്ല സംവിധായകനെതിരെ എടുത്തിട്ടുള്ളതെന്ന് പ്രസ്താവനയിൽ ജില്ലാ ക്രൈംബ്രാഞ്ച് പറയുന്നുണ്ട്. ത്രിവർണ നിറത്തുള്ള വസ്ത്രം ധരിച്ച് നിൽക്കുന്ന സ്ത്രീയുടെ ചിത്രവും സംവിധായകൻ പങ്കുവച്ചിട്ടുണ്ട്. ഇത് ദേശീയ പതാകയോടുള്ള അനാദരവാണ്. ഇത് കൂടി ചേർത്താണ് സംവിധായകനെതിരായ നിയമ നടപടിയെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ജാർഖണ്ഡിൽ ഖനന വകുപ്പ് സെക്രട്ടറിയായ പൂജയെ ഇക്കഴിഞ്ഞ ആഴ്ചയാണ് അഴിമതിക്കേസിൽ ഇഡി അറസ്റ്റ് ചെയ്യുന്നത്. തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട് 18 കോടി വെട്ടിച്ചെന്നാണ് കേസ്. ഇഡി നടത്തിയ റെയ്ഡിൽ പൂജയുടെ ചാർട്ടേഡ് അക്കൗണ്ടന്‍റിന്‍റെ വീട്ടിൽ നിന്ന് 19 കോടി പിടികൂടിയിരുന്നു. അനാർക്കലി ഓഫ് ആരാ, രാത് ബാക്കി ഹൈ എന്നീ ഹിന്ദി ചിത്രങ്ങളുടെ സംവിധായകനാണ് അവിനാശ് ദാസ്.

click me!