ഒന്നിച്ചെതിർത്ത് സംസ്ഥാനങ്ങൾ: പെട്രോളിനും ഡീസലിനും ജിഎസ്ടി ഏർപ്പെടുത്തുന്നതിൽ ചർച്ച മാറ്റിവച്ചു

By Asianet MalayalamFirst Published Sep 17, 2021, 5:06 PM IST
Highlights

പെട്രോളും ഡീസലും ജിഎസ്ടിയിൽ ഉൾപ്പെടുത്താനുള്ള നീക്കത്തെ ശക്തമായി എതിർക്കുമെന്ന് കേരളവും മഹാരാഷ്ട്രയും അടക്കമുള്ള സംസ്ഥാനങ്ങൾ നേരത്തെ വ്യക്തമാക്കിയിരുന്നു.  

​​ദില്ലി: പെട്രോളും ഡീസലും ജിഎസ്ടിയിലേക്ക് കൊണ്ടു വരാനുള്ള നീക്കത്തെ എതിർത്ത് സംസ്ഥാനങ്ങൾ. ഇന്ന് ചേർന്ന ജിഎസ്ടി കൗൺസിൽ യോ​ഗം ഈ വിഷയം ച‍ർച്ചയ്ക്ക് എടുത്തെങ്കിലും എല്ലാ സംസ്ഥാനങ്ങളും കൂടി ഒന്നിച്ച് എതിർത്തു. ഇതോടെ വിഷയം പിന്നീട് ചർച്ച ചെയ്യാനായി മാറ്റിവച്ചു. വിഷയം ച‍ർച്ച ചെയ്യാനുള്ള സമയമായില്ലെന്ന വിലയിരുത്തലോടെയാണ് നിർദേശം ചർച്ച ചെയ്യുന്നത് കൗൺസിൽ യോ​ഗം നീട്ടിവച്ചത്. 

പെട്രോളും ഡീസലും ജിഎസ്ടിയിൽ ഉൾപ്പെടുത്താനുള്ള നീക്കത്തെ ശക്തമായി എതിർക്കുമെന്ന് കേരളവും മഹാരാഷ്ട്രയും അടക്കമുള്ള സംസ്ഥാനങ്ങൾ നേരത്തെ വ്യക്തമാക്കിയിരുന്നു.  വെളിച്ചെണ്ണയുടെ ജിഎസ്ടി നിരക്ക് ഉയർത്താനുള്ള നിർദേശവും വിശദമായ പഠനത്തിനായി മാറ്റിവച്ചു. കേരളമടക്കമുള്ള സംസ്ഥാനങ്ങൾ വെളിച്ചണ്ണയുടെ നിരക്ക് ഉയർത്തുന്നതിനെതിരെ നിലപാട് എടുത്തിരുന്നു. ഒരു ലിറ്റർ താഴെയുള്ള വെളിച്ചെണ്ണയ്ക്ക് 18 ശതമാനം ജിഎസ്ടി ചുമത്തണം എന്നായിരുന്നു ശുപാർശ. നിലവിൽ അഞ്ച് ശതമാനമാണ് വെളിച്ചെണ്ണയുടെ ജിഎസ്ടി.

പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങള്‍ക്കൊപ്പം വിഷയത്തില്‍ പ്രതിഷേധവുമായി ഉത്തർപ്രദേശും കൗണ്‍സില്‍ ചേരുന്നതിന് മുന്‍പ് രംഗത്തെത്തിയിരുന്നു. പെട്രോളും ഡീസലും ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തുന്നത് സംസ്ഥാനങ്ങള്‍ക്ക് വലിയ വരുമാന നഷ്ടത്തിന് കാരണമാകുമെന്ന് യുപി ധനമന്ത്രി സുരേഷ് ഖന്ന നേരത്തെ പറഞ്ഞിരുന്നു. ജനതാല്‍പ്പര്യത്തിന് വിരുദ്ധമായി നടപടിയായിരിക്കും ഇതെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു.

പെട്രോളും ഡീസലും ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തുന്നതില്‍ കേന്ദ്രം അനുകൂലമാണെങ്കിലും പ്രതിഷേധം അവഗണിച്ച് ഏകപക്ഷീയമായ തീരുമാനമുണ്ടാകില്ലെന്നാണ് സൂചന. എന്ത് തീരുമാനമെടുക്കണമെങ്കിലും ജിഎസ്ടി കൗൺസിലിലെ നാലില്‍ മൂന്ന് അംഗങ്ങളുടെ പിന്തുണ വേണമെന്നതാണ് ജിഎസ്ടി ചട്ടം.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!