വിലക്കയറ്റത്തെക്കുറിച്ച് തിങ്കളാഴ്ച പാര്‍ലമെൻ്റിൽ ചര്‍ച്ച: ധനമന്ത്രി മറുപടി നൽകും

Published : Jul 29, 2022, 08:30 PM IST
വിലക്കയറ്റത്തെക്കുറിച്ച് തിങ്കളാഴ്ച പാര്‍ലമെൻ്റിൽ ചര്‍ച്ച: ധനമന്ത്രി മറുപടി നൽകും

Synopsis

രാഷ്ട്രപത്നി പരാമര്‍ശത്തിൽ കോണ്‍ഗ്രസ് ലോക്സഭാ കക്ഷി നേതാവ് അധിര്‍ രഞ്ജൻ ചൗധരി മാപ്പ് പറ‍ഞ്ഞതോടെയാണ് ചര്‍ച്ചയ്ക്ക് കേന്ദ്രം തയ്യാറായത്. 

ദില്ലി: രാജ്യത്ത് രൂക്ഷമായ വിലക്കയറ്റത്തെക്കുറിച്ച് ചര്‍ച്ച നടത്താൻ സന്നദ്ധത അറിയിച്ച് കേന്ദ്രസര്‍ക്കാര്‍. തിങ്കളാഴ്ചയാവും പാര്‍ലമെൻ്റിൽ വിലക്കയറ്റത്തെക്കുറിച്ച് ചര്‍ച്ച നടക്കുക. ലോക്സഭയിൽ നടക്കുന്ന ഹ്രസ്വ ചര്‍ച്ചയ്ക്ക് ശേഷം ധനമന്ത്രി നിര്‍മല സീതാരാമൻ മറുപടി പറയും.  വിലക്കയറ്റത്തിൽ ചർച്ച ആവശ്യപ്പെട്ട് പ്രതിപക്ഷം പാർലമെൻ്റിൽ പ്രതിഷേധം നടത്തി വരികയായിരുന്നു. 

രാഷ്ട്രപത്നി പരാമര്‍ശത്തിൽ കോണ്‍ഗ്രസ് ലോക്സഭാ കക്ഷി നേതാവ് അധിര്‍ രഞ്ജൻ ചൗധരി മാപ്പ് പറ‍ഞ്ഞതോടെയാണ് ചര്‍ച്ചയ്ക്ക് കേന്ദ്രം തയ്യാറായത്. ഇന്ന് വൈകിട്ടാണ് രാഷ്ട്രപത്നി പരാമര്‍ശത്തിൽ ഖേദം പ്രകടിപ്പിച്ച് അധിര്‍ രഞ്ജൻ ചൗധരി രാഷ്ട്രപതിക്ക് കത്തയച്ചത്.  

ഇന്നും അധിര്‍ രഞ്ജൻ്റെ പരാമര്‍ശത്തെ ചൊല്ലി പാര്‍ലമെൻ്റിൻ്റെ ഇരുസഭകളിലും ബഹളമുണ്ടാവുകയും സഭ 
തിങ്കളാഴ്ചത്തേക്ക്  പിരിയുകയും ചെയ്തിരുന്നു. സഭ നിര്‍ത്തിവെച്ചപ്പോള്‍ പാർലമെന്‍റിന് പുറത്തെ ഗാന്ധിപ്രതിമക്ക് മുന്‍പിലും എംപിമാർ പ്രതിഷേധിച്ചു. അധിർ ര‌‌ഞ്ജൻ ചൗധരിയുടെ രാഷ്ട്രപത്നി വിവാദത്തില്‍ കോണ്‍ഗ്രസിനെ പ്രതികൂട്ടില്‍ നിര്‍ത്തുന്നതിനിടെ കേന്ദ്ര അഭ്യന്തരമന്ത്രി അമിത് ഷാ രാവിലെ രാഷ്ട്രപതി ദ്രൗപദി മുർമുവിനെ സന്ദര്‍ശിച്ചു. സഹമന്ത്രിമാരോടൊപ്പം കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും രാഷ്ട്രപതിയെ കാണാനെത്തി.  

ഭരണഘടപദവി വഹിക്കുന്നവ‍ർ സ്ത്രീയായാലും പുരുഷനായാലും ഒരേ പോലെ ബഹുമാനിക്കേണ്ടതുണ്ടന്നതായിരുന്നു വിമത കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരിയുടെ വിമ‍ർശനം.  എന്നാല്‍ വിലക്കയറ്റവും നാണ്യപെരുപ്പവും പാ‍ർലമെന്‍റില്‍ ചർച്ച ചെയ്യാതിരിക്കാൻ രാഷ്ട്രപത്നി വിവാദം ബിജെപി ഉപയോഗിക്കുകയാണെന്ന് രാജ്യസഭ പ്രതിപക്ഷ നേതാവ് മല്ലികാർജ്ജുന്‍ ഖാര്‍ഗെ പ്രതികരിച്ചു. 

യുവമോർച്ച പ്രവർത്തകന്‍റെ കൊലപാതകം: കേസ് എൻഐഎക്ക്

ബെംഗളൂരു: സുള്ള്യയിലെ യുവമോര്‍ച്ച പ്രവര്‍ത്തകന്‍റെ കൊലപാതക കേസ് എന്‍ഐഎക്ക്. എന്‍ഐഎക്ക് കേസ് കൈമാറാൻ കർണാടക സർക്കാർ തീരുമാനിച്ചു. കേസില്‍ രണ്ട് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തിരുന്നു. കേരള അതിര്‍ത്തിക്ക് സമീപം ബെള്ളാരയില്‍ നിന്നാണ് രണ്ട് പ്രതികളും പിടിയിലായത്. കേരള രജിസട്രേഷന്‍ ബൈക്കില്‍ മാരകായുധങ്ങളുമായി എത്തിയവരാണ് യുവമോര്‍ച്ച നേതാവ് പ്രവീണ്‍ നെട്ടാരയെ കൊലപ്പെടുത്തിയത്. 29 കാരനായ സാക്കീര്‍, 27 കാരനായ മുഹമ്മദ് ഷെരീഫ് എന്നിവരാണ് അറസ്റ്റിലായത്. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ ഇവരാണ് കൊലപാതകത്തിന് പ്രധാന ആസൂത്രണം നടത്തിയത്. അറസ്റ്റിലായവരുടെ കൂടുതല്‍ വിശദാംശങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. 

എസ്ഡിപിഐ, പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ 15 പേരെ ചോദ്യം ചെയ്യുകയാണ്. കേരള രജിസ്ട്രേഷനിലുള്ള ബൈക്ക് കര്‍ണാടക പൊലീസിന്‍റെ കസ്റ്റഡിയിലുണ്ട്. കാസര്‍കോടിലേക്കും കണ്ണൂരിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. ആസൂത്രിത കൊലപാതകമെന്നാണ് ബിജെപി ആരോപണം. കനയ്യ ലാലിനെ പിന്തുണച്ച് കൊല്ലപ്പെട്ട പ്രവീണ്‍ നെട്ടാര്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റിട്ടിരുന്നു. ഇതിന് പ്രതികാരമായാണ് കൊലപാതകമെന്നാണ് ബിജെപി ആരോപിക്കുന്നത്. അഞ്ച് ദിവസം മുമ്പ് കാസര്‍കോട് സ്വദേശിയായ മസൂദ് എന്ന 19 കാരന്‍ മംഗ്ലൂരുവില്‍ കൊല്ലപ്പെട്ടിരുന്നു. 

ഇതിന്‍റെ പ്രതികാരമായാണോ കൊലപാതകമെന്ന് പൊലീസ് അന്വേഷിക്കുകയാണ്. യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കൂട്ടരാജിക്കത്ത് അയച്ചതോടെ കേന്ദ്രം, സംസ്ഥാന നേതൃത്വത്തോട് വിശദീകരണം തേടിയിരുന്നു. എസ്ഡിപിഐ പോപ്പുലര്‍ ഫ്രണ്ട് സംഘടനകള്‍ക്ക് എതിരെ കര്‍ണാടക കേന്ദ്രത്തിന് റിപ്പോര്‍ട്ട് നല്‍കി. ഈ സംഘടനകള്‍ക്ക് എതിരെ യുപി മോഡല്‍ നടപ്പാക്കാന്‍ മടിക്കില്ലെന്ന് ബസവരാജ് ബൊമ്മൈ ഇന്നലെ പറഞ്ഞു.  ആസൂത്രിത നീക്കങ്ങള്‍ തടയാന്‍ സ്വതന്ത്ര ചുമതലയുള്ള കമ്മാന്‍ഡ് സ്ക്വാഡിന് കര്‍ണാടക സര്‍ക്കാര്‍ രൂപം നല്‍കി.

PREV
click me!

Recommended Stories

ടോൾ പിരിച്ച മുഴുവൻ തുകയും തിരികെ നൽകണം, ഇനി ടോൾ പിരിക്കാൻ പാടില്ല; ഇ വി ഉടമകൾക്ക് സന്തോഷ വാർത്ത, മഹാരാഷ്ട്രയിൽ നിർദേശം
മഹാരാഷ്ട്രയില്‍ ജനവാസ മേഖലയില്‍ പുള്ളിപ്പുലി, 7 പേരെ ആക്രമിച്ചു; ഭീകരാന്തരീക്ഷം സൃഷ്ടിച്ചത് 10 മണിക്കൂര്‍, ഒടുവില്‍ പിടികൂടി