
ദില്ലി: തീവ്രവോട്ടർ പട്ടിക പരിഷ്കരണത്തെ ചൊല്ലി തൃണമൂൽ കോൺഗ്രസും തെരഞ്ഞെടുപ്പ് കമ്മീഷനും തമ്മിൽ വാക്പോര്. തെരഞ്ഞെടുപ്പ് കമ്മീഷൻ പക്ഷപാതപരമായി പ്രവർത്തിക്കുന്നുവെന്നും കള്ളം പറയുന്നുവെന്നും ടിഎംസി ജനറൽ സെക്രട്ടറി അഭിഷേക് ബാനർജി വിമർശിച്ചു. ബിഎൽഒമാരെ ഭീഷണിപ്പെടുത്തരുതെന്ന് തൃണമൂൽ കോൺഗ്രസിന് മുന്നറിയിപ്പ് നൽകിയ കമ്മീഷൻ ബംഗാളിൽ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്കുൾപ്പടെ സുരക്ഷ ശക്തമാക്കാൻ പൊലീസിന് നിർദേശം നൽകി.
മുഖ്യമന്ത്രി മമത ബാനർജിയുടെ നേതൃത്വത്തിൽ എസ്ഐആർ വിരുദ്ധ റാലിയടക്കം നടത്തി ബംഗാളിൽ ടിഎംസി പ്രതിഷേധം കടുപ്പിക്കുകയാണ്. ഇന്നലെ ഡെറക് ഒബ്രിയാന്റെ നേതൃത്വത്തിൽ തൃണമൂൽ കോൺഗസിന്റെ പത്ത് എംപിമാർ ദില്ലിയിൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ജോലിഭാരം സംബന്ധിച്ച് ബിഎൽഒമാർ ഉയർത്തിയ ആശങ്കകളും ബിജെപി നേതാക്കളോടുള്ള കമ്മീഷന്റെ മൃദു നയവും അടക്കം അഞ്ച് ചോദ്യങ്ങളാണ് കമ്മീഷന് മുന്നിൽ ഉയർത്തിയതെന്ന് ടിഎംസി നേതാക്കൾ പറഞ്ഞു. ഇതിനൊന്നും കൃത്യമായ ഒരു മറുപടിയും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ നൽകിയില്ലെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം ടിഎംസി ആരോപിച്ചു.
ടിഎംസി ആരോപണത്തോട് കമ്മീഷൻ വൃത്തങ്ങൾ രൂക്ഷമായാണ് പ്രതികരിച്ചത്. ടിഎംസി പ്രതിനിധി സംഘത്തിന്റെ എല്ലാ ചോദ്യങ്ങൾക്കും അടിസ്ഥാനമില്ലാത്ത ആരോപണങ്ങൾക്കും തക്കതായ മറുപടി നൽകിയെന്നും പരാതി പറയാൻ ഡിസംബർ 9ന് കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിക്കും വരെ കാത്തിരിക്കാൻ നിർദേശിച്ചതായും തെരഞ്ഞെടുപ്പ് കമ്മീഷൻ വൃത്തങ്ങൾ പറഞ്ഞു. കൂടാതെ എസ്ഐആർ നടപടികളിലേർപ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥരെ സ്വാധീനിക്കാനോ അനർഹരെ വോട്ടർ പട്ടികയിൽനിന്നും ഒഴിവാക്കുന്നതിന് ഭീഷണിപ്പെടുത്താനോ പാടില്ലെന്നും ടിഎംസിക്ക് കമ്മീഷൻ മുന്നറിയിപ്പ് നൽകി. ഇന്ത്യൻ പൗരന്മാരല്ലാത്തവർക്ക് വോട്ടവകാശം ഇല്ലെന്നും കമ്മീഷൻ ഓർമപ്പെടുത്തി. പിന്നാലെയാണ് കമ്മീഷൻ ആളുകളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും കൂടിക്കാഴ്ചയിലെ ചില വിവരങ്ങൾ മാത്രം മനപ്പൂർവം ചോർത്തി നൽകുകയാണെന്നും അഭിഷേക് ബാനർജി പറഞ്ഞത്. ബിഎൽഒമാർ കൊൽക്കത്തയിൽ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ ആസ്ഥാനമടക്കം ഖരാവോ ചെയ്ത പശ്ചാത്തലത്തിലാണ് സുരക്ഷിത കേന്ദ്രത്തേക്ക് ഓഫീസ് മാറ്റാൻ കമ്മീഷൻ നിർദേശിച്ചത്. കേന്ദ്ര സേനയുടെ അടക്കം സുരക്ഷ പുതിയ ഓഫീസിന് ഏർപ്പെടുത്താനാണ് കമ്മീഷൻ തീരുമാനം.