വിവാഹം കഴിഞ്ഞിട്ട് രണ്ടു ദിവസം മാത്രം; ഡിആർഡിഒ ശാസ്ത്രജ്ഞനെ വീട്ടിലെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

Published : Nov 29, 2025, 03:27 PM IST
 DRDO scientist found dead

Synopsis

വിവാഹം കഴിഞ്ഞ് രണ്ട് ദിവസത്തിന് ശേഷം ഡിആർഡിഒ ശാസ്ത്രജ്ഞനായ ആദിത്യ വർമ്മയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. മരണ കാരണം വ്യക്തമല്ലെന്നും പൊലീസ് അന്വേഷണം ആരംഭിച്ചെന്നും അധികൃതർ അറിയിച്ചു.

ജയ്പൂർ: വിവാഹം കഴിഞ്ഞ് രണ്ട് ദിവസത്തിന് ശേഷം ഡിആർഡിഒ ശാസ്ത്രജ്ഞനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ശാസ്ത്രജ്ഞനായ ആദിത്യ വർമ്മയെ രാജസ്ഥാനിലെ ആൽവാറിലെ വീട്ടിലെ ശുചിമുറിയിലാണ് മരിച്ച നിലയിൽ കണ്ടത്.

മൈസൂരുവിലെ ഡിഫൻസ് റിസർച്ച് ആന്‍റ് ഡെവലപ്മെന്‍റ് ഓർഗനൈസേഷനിലെ ജോയിന്‍റ് ഡയറക്ടറായ ആദിത്യ വർമ്മ നവംബർ 25 നാണ് വിവാഹിതനായത്. നവംബർ 27 ന് രാവിലെ വീട്ടിലെ ടോയ്‌ലറ്റിൽ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു. വീട്ടുകാർ ഉടനെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

നവംബർ 27 ന് പുലർച്ചെ 5.30 ന് ടോയ്‌ലറ്റിൽ പോയ ആദിത്യ രാവിലെ 6 മണി വരെ പുറത്തിറങ്ങിയില്ലെന്ന് കുടുംബം പറഞ്ഞതായി ആൽവാറിലെ ശിവാജി പാർക്ക് പൊലീസ് സ്റ്റേഷനിലെ അസിസ്റ്റൻ്റ് സബ് ഇൻസ്പെക്ടർ സമയ് ഖാൻ പറഞ്ഞു. പോസ്റ്റ്‌മോർട്ടം നടത്തണമെന്ന് കുടുംബം ആവശ്യപ്പെട്ടു.

"ശുചിമുറി അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു. കുടുംബം വാതിൽ തകർത്ത് അകത്ത് കയറിയാണ് അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചത്. ആദിത്യ ഡിആർഡിഒയിലെ ശാസ്ത്രജ്ഞനായിരുന്നു. പൊലീസ് ഉദ്യോഗസ്ഥൻ്റെ മകളെയാണ് വിവാഹം കഴിച്ചത്. പോസ്റ്റ്‌മോർട്ടം പൂർത്തിയാക്കി. സാംപിൾ ഫോറൻസിക് സയൻസ് ലബോറട്ടറിയിലേക്ക് അയച്ചു. ആരെയെങ്കിലും സംശയമുളളതായി മാതാപിതാക്കൾ പറഞ്ഞിട്ടില്ല"- പൊലീസ് ഓഫീസർ പറഞ്ഞു. മരണ കാരണം ഇപ്പോൾ വ്യക്തമല്ലെന്ന് ഡോക്ടർമാർ അറിയിച്ചു.

PREV
Read more Articles on
click me!

Recommended Stories

യാത്രാ പ്രതിസന്ധി; ഇൻഡിഗോ സിഇഒയ്ക്ക് കാരണം കാണിക്കൽ നോട്ടീസ് നല്‍കി ഡിജിസിഎ, ഇന്ന് മറുപടി നൽകണം
ഗോവയിലെ പ്രമുഖ ക്ലബ്ബിൽ അഗ്നിബാധ, 23 പേർ കൊല്ലപ്പെട്ടു, ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതെന്ന് വിലയിരുത്തൽ