
ദില്ലി: നീണ്ട കാലത്തെ ദാമ്പത്യ തർക്കത്തിൽ അസാധാരണമായ ഒത്തുതീർപ്പ് പ്രഖ്യാപിച്ചതിന് ഭാര്യയെ പ്രശംസിച്ച് സുപ്രീം കോടതി. ഭർത്താവിൽ നിന്നും ജീവനാംശമോ സംരക്ഷണ ചെലവോ ആവശ്യമില്ലെന്ന് വ്യക്തമാക്കുകയും, ഭർതൃവീട്ടിൽ നിന്ന് ലഭിച്ച സമ്മാനങ്ങൾ തിരികെ നൽകാൻ തയ്യാറാവുകയും ചെയ്ത 'അപൂർവ്വമായ ഒത്തുതീർപ്പാണിത്' എന്ന് കോടതി നിരീക്ഷിച്ചു. ജസ്റ്റിസുമാരായ ജെ ബി പർദിവാല, കെ വി വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ച്, ഒത്തുതീർപ്പ് വ്യവസ്ഥകൾക്ക് ഇരു കക്ഷികളും സമ്മതം അറിയിച്ചതായി രേഖപ്പെടുത്തി. ഭാര്യ ഭർത്താവിനോട് ഒരു സാമ്പത്തിക ക്ലെയിമുകളും ആവശ്യപ്പെടാത്തത് ഇത്തരം കേസുകളിൽ അപൂർവമാണ് എന്നും ബെഞ്ച് ചൂണ്ടിക്കാട്ടി.
ദമ്പതികൾ ആദ്യം കോടതിയെ സമീപിച്ചപ്പോൾ, സുപ്രീം കോടതി മധ്യസ്ഥതാ കേന്ദ്രത്തിൽ ചർച്ചകൾ പരിഗണിക്കാൻ ബെഞ്ച് നിർദ്ദേശിച്ചിരുന്നു. തുടർന്ന്, മധ്യസ്ഥത വിജയിച്ചതായി കോടതിയെ അറിയിച്ചു. സൗഹൃദപരമായ ഈ ഒത്തുതീർപ്പിന്‍റെ ഭാഗമായി, ഭർത്താവിന്‍റെ അമ്മയുടേതായിരുന്നതും വിവാഹ സമയത്ത് സമ്മാനമായി ലഭിച്ചതുമായ സ്വർണ്ണ വളകൾ ഭാര്യ തിരികെ നൽകിയിരുന്നു.
ഒത്തുതീർപ്പിന്‍റെ ഭാഗമായി ഭർത്താവിൽ നിന്ന് ഒന്നും ആവശ്യപ്പെടാത്ത അപൂർവ സന്ദർഭമാണിതെന്ന് ബെഞ്ച് തങ്ങളുടെ ഉത്തരവിൽ എടുത്തുപറഞ്ഞു. "കുറഞ്ഞ കാലയളവിനുള്ളിൽ ഞങ്ങൾ കണ്ടുവരുന്ന അപൂർവമായ ഒത്തുതീർപ്പുകളിൽ ഒന്നാണിത്, കാരണം ഭാര്യ ഭർത്താവിൽ നിന്ന് ഒന്നും ആവശ്യപ്പെട്ടിട്ടില്ല" ബെഞ്ച് പറഞ്ഞത് ഇങ്ങനെയാണ്. ഈ ദിവസങ്ങളിൽ കാണാൻ വളരെ പ്രയാസമുള്ള ഈ നല്ല മനസ്സിനെ ഞങ്ങൾ അഭിനന്ദിക്കുന്നുവെന്നും കോടതി പറഞ്ഞു. ഭരണഘടനയുടെ ആർട്ടിക്കിൾ 142 പ്രകാരമുള്ള അധികാരം ഉപയോഗിച്ച് വിവാഹബന്ധം വേർപെടുത്തിക്കൊണ്ടാണ് കോടതിയുടെ ഈ നിരീക്ഷണങ്ങൾ.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam