
ചെന്നൈ: പൗരത്വ നിയമഭേദഗതിക്കും ദേശീയ പൗരത്വ രജിസ്റ്ററിനുമെതിരെ ചെന്നൈയില്‍ ഡിഎംകെയുടെ നേതൃത്വത്തില്‍ ചെന്നൈയില്‍ മഹാറാലി. ഡിഎംകെയെ കൂടാതെ സഖ്യകക്ഷികളായ കോണ്‍ഗ്രസ്, മുസ്ലീംലീഗ്, സിപിഎം, സിപിഐ, വിസികെ തുടങ്ങിയ പാര്‍ട്ടികളും വിവിധ മുസ്ലീം-ദളിത് സംഘടനകളും റാലിയില്‍ പങ്കെടുക്കുന്നുണ്ട്.
നടന്‍ കമല്‍ഹാസന്‍റെ പാര്‍ട്ടിയായ മക്കള്‍ നീതി മെയ്യവും റാലിയുമായി സഹകരിക്കുന്നുണ്ടെങ്കിലും കമല്‍ ഹാസന്‍ റാലിക്കെത്തിയില്ല. ചികിത്സയ്ക്കായി അദ്ദേഹം വിദേശത്തേക്ക് പോയെന്നാണ് മക്കള്‍ നീതി മെയ്യം നേതൃത്വം ഡിഎംകെയെ അറിയിച്ചിട്ടുള്ളത്. നഗരത്തില്‍ റാലി നടത്താന്‍ സര്‍ക്കാര്‍ അനുമതി നിഷേധിച്ചിരുന്നുവെങ്കിലും ഹൈക്കോടതിയില്‍ രാത്രി വരെ നീണ്ട വാദത്തിനൊടുവിലാണ് റാലി നടത്താനുള്ള അനുവാദം ഡിഎംകെ നേടിയെടുത്തത്.
ചെന്നൈ നഗരത്തിലെ എഗ്മോറില്‍ സംഘടിപ്പിച്ച റാലിക്ക് വന്‍ പൊലീസ് സന്നാഹമാണ് വിന്യസിക്കപ്പട്ടിരിക്കുന്നത്. ഡ്രോണ്‍ ക്യാമറകളും ജലപിരങ്കിയുമടക്കം എല്ലാ സജ്ജീകരണങ്ങളും പൊലീസ് ഒരുക്കിയിട്ടുണ്ട്. ഇതോടൊപ്പം റാലി മുഴുവനായും പൊലീസ് വീഡിയോയില്‍ പകര്‍ത്തുന്നുമുണ്ട്. പ്രദേശത്തേക്കുള്ള വഴികളില്‍ മൊത്തം പൊലീസിന്‍റേയും റാലിക്കെത്തിയവരുടേയും വാഹനങ്ങള്‍ നിറഞ്ഞിരിക്കുകയാണെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഡിഎംകെ അധ്യക്ഷന്‍ എംകെ സ്റ്റാലിനൊപ്പം തമിഴ്‍നാട് പിസിസി പ്രസിഡന്‍റ് കെഎസ് അളിഗിരി, മുന്‍കേന്ദ്രമന്ത്രി പി.ചിദംബരം, എംഡിഎംകെ അധ്യക്ഷന്‍ വൈക്കോ, സിപിഎം സംസ്ഥാന സെക്രട്ടറി കെ.ബാലകൃഷ്ണന്‍, സിപിഐ സംസ്ഥാന സെക്രട്ടറി ആര്‍.മുത്തരശന്‍, വിസികെ നേതാവ് തോല്‍ തിരുമാളവന്‍,മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷന്‍ ഖാദര്‍ മൊയ്തീന്, എംഎംകെ അധ്യക്ഷന്‍ ജവൈറുള്ള എന്നിവരാണ് റാലി നയിക്കുന്നത്.
റാലി കടന്നു പോകുന്ന വഴികളില്‍ പൊലീസ് ഗതാഗതം തടഞ്ഞിരിക്കുകയാണ്. എഗ്മോറില്‍ കനത്ത ഗതാഗതക്കുരുക്കാണ് റാലിയെ തുടര്‍ന്ന് ഉണ്ടായത്. കാല്‍ലക്ഷത്തോളം പേര്‍ റാലിക്കെത്തിയിട്ടുണ്ടാവും എന്നാണ് പ്രാഥമിക വിലയിരുത്തല്‍. ദേശീയമാധ്യമങ്ങളടക്കം വന്‍സംഘമാണ് റാലി റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയിട്ടുണ്ട്. പൗരത്വ നിയമത്തിനെതിരെ നടക്കുന്ന രാജ്യത്തെ ഏറ്റവും വലിയ റാലിയാണിതെന്നാണ് ഡിഎംകെ നേതൃത്വം അവകാശപ്പെടുന്നത്. ഡിഎംകെയുടെ ചെന്നൈ, കാഞ്ചീപുരം, ചെങ്കല്‍പ്പേട്ട് ജില്ലകളിലെ മുഴുവന്‍ കേഡര്‍മാരോടും റാലിക്കെത്താന്‍ നേതൃത്വം ആവശ്യപ്പെട്ടിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam