
ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌ക്കെതിരെ (നടൻ വിജയ്) പൊതുവേദിയിൽ അപകീർത്തികരമായ പരാമർശം നടത്തിയ കേസിൽ ഡിഎംകെ എംഎൽഎയും മുൻ മന്ത്രിയുമായ അനിത ആർ. രാധാകൃഷ്ണനെ തൂത്തുക്കുടി പോലീസ് അറസ്റ്റ് ചെയ്തു. മുൻകൂർ ജാമ്യാപേക്ഷ മദ്രാസ് ഹൈക്കോടതി തള്ളിയതിന് തൊട്ടുപിന്നാലെയായിരുന്നു അറസ്റ്റ്. ജൂൺ 20-ന് ആത്തൂരിൽ നടന്ന ഒരു പൊതുയോഗത്തിലാണ് തിരുച്ചെന്തൂർ മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയായ അനിത രാധാകൃഷ്ണൻ മുഖ്യമന്ത്രിക്കെതിരെ വിവാദ പ്രസംഗം നടത്തിയത്.
തമിഴക വെട്രി കഴകം (TVK) ഭാരവാഹിയുടെ പരാതിയിൽ പോലീസ് കേസെടുക്കുകയായിരുന്നു. അനിത രാധാകൃഷ്ണന്റെ പ്രസംഗത്തിന്റെ പകർപ്പ് പരിശോധിച്ച ജസ്റ്റിസ് ജി.കെ. ഇളന്തിരയ്യൻ, എംഎൽഎയുടെ ഭാഷാപ്രയോഗത്തിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തി. ഒരു മുൻ മന്ത്രിയും നിലവിലെ നിയമസഭാംഗവുമായ വ്യക്തി എങ്ങനെയാണ് തിരഞ്ഞെടുക്കപ്പെട്ട ഒരു മുഖ്യമന്ത്രിക്കെതിരെ ഇത്തരമൊരു മോശം ഭാഷ ഉപയോഗിക്കുകയെന്ന് കോടതി ചോദിച്ചു. അദ്ദേഹം ഒരു സാധാരണക്കാരനല്ലെന്നും, മുഖ്യമന്ത്രി എന്ന പദവിയെ ബഹുമാനിക്കാൻ ബാധ്യസ്ഥനാണെന്നും കോടതി ഓർമ്മിപ്പിച്ചു.
തമിഴ്‌നാട്ടിൽ 1967 മുതൽ സിനിമാ രംഗത്തുനിന്നുള്ള നേതാക്കളെ ജനങ്ങൾ വോട്ട് ചെയ്ത് തിരഞ്ഞെടുക്കുന്നുണ്ടെന്നും, അങ്ങനെയുള്ളപ്പോൾ മുഖ്യമന്ത്രിയുടെ സിനിമാ പശ്ചാത്തലത്തെക്കുറിച്ച് ഇത്തരം അനാവശ്യ പരാമർശങ്ങൾ നടത്തേണ്ടതില്ലെന്നും കോടതി വാക്കാൽ നിരീക്ഷിച്ചു. അനിത രാധാകൃഷ്ണന്റെ വാക്കുകൾ അപകീർത്തികരമായിരിക്കാം, എന്നാൽ പോലീസ് ചുമത്തിയിരിക്കുന്നതുപോലെയുള്ള ഗുരുതരമായ വകുപ്പുകൾ ഇതിൽ നിലനിൽക്കില്ലെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ വാദിച്ചു. പ്രസംഗം അങ്ങേയറ്റം ആക്ഷേപകരമായിരുന്നുവെന്നും, പോലീസ് കേസെടുത്തില്ലായിരുന്നെങ്കിൽ ഭരണകക്ഷിയായ ടിവികെ പ്രവർത്തകരും ഡിഎംകെ പ്രവർത്തകരും തമ്മിൽ വലിയ സംഘർഷത്തിന് ഇത് കാരണമാകുമായിരുന്നുവെന്നും സർക്കാർ അഭിഭാഷകൻ ചൂണ്ടിക്കാട്ടി. ഏഴുതവണ എംഎൽഎയായ ഒരാളിൽ നിന്ന് ഇങ്ങനെയൊരു പെരുമാറ്റം പ്രതീക്ഷിക്കുന്നില്ലെന്നും സർക്കാർ വാദിച്ചു.
അനിത രാധാകൃഷ്ണന്റെ അറസ്റ്റിനെ ഡിഎംകെ അധ്യക്ഷനും മുൻ മുഖ്യമന്ത്രിയുമായ എം.കെ. സ്റ്റാലിൻ കടുത്ത ഭാഷയിൽ അപലപിച്ചു. മുഖ്യമന്ത്രി വിജയ് തമിഴ്‌നാട്ടിൽ സിനിമാ സ്റ്റൈലിൽ പോലീസ് രാജ് ആണ് നടത്തുന്നതെന്ന് അദ്ദേഹം ആരോപിച്ചു. പ്രതിപക്ഷ നേതാക്കളെ അടിച്ചമർത്താനുള്ള ശ്രമങ്ങൾക്ക് ഡിഎംകെ ഒരിക്കലും വഴങ്ങില്ലെന്ന് പാർട്ടി എംപി കനിമൊഴിയും വ്യക്തമാക്കി. അറസ്റ്റിന് പിന്നാലെ തൂത്തുക്കുടിയിൽ ഡിഎംകെ പ്രവർത്തകർ പോലീസിനെതിരെ പ്രതിഷേധവുമായി രംഗത്തിറങ്ങിയിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam