ബിഹാറിലെ നീറ്റ് പരീക്ഷാ പ്രതിഷേധത്തിൽ പോലീസ് അമിതാധികാരം പ്രയോഗിച്ചിട്ടില്ലെന്ന് സർക്കാർ സുപ്രീംകോടതിയെ അറിയിച്ചു. AK-47 ഉപയോഗിച്ച് ആകാശത്തേക്ക് വെടിവെച്ചെങ്കിലും ആർക്കും പരിക്കില്ലെന്നും, എന്നാൽ അക്രമങ്ങളിൽ 157 പോലീസുകാർക്ക് പരിക്കേറ്റെന്നും സർക്കാർ വ്യക്തമാക്കി.
ന്യൂഡൽഹി: ബിഹാറിൽ നീറ്റ് പരീക്ഷയ്ക്കെതിരെ നടന്ന വിദ്യാർഥി പ്രതിഷേധത്തിന് നേരെ പോലീസ് അമിതാധികാരം പ്രയോഗിച്ചിട്ടില്ലെന്ന് ബിഹാർ സർക്കാർ സുപ്രീംകോടതിയെ അറിയിച്ചു. സംഭവത്തിനിടയിൽ AK-47 തോക്ക് ഉപയോഗിച്ച് ആകാശത്തേക്ക് വെടിയുതിർക്കുകയാണ് ചെയ്തതെന്നും എന്നാൽ വെടിവെയ്പ്പിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നും സർക്കാർ കോടതിയിൽ വ്യക്തമാക്കി.
അതേസമയം, പ്രതിഷേധവുമായി ബന്ധപ്പെട്ട അക്രമങ്ങളിൽ 157 പോലീസുകാർക്കും 7 സർക്കാർ ജീവനക്കാർക്കും പരിക്കേറ്റിട്ടുണ്ട്. സംഭവത്തിൽ ആകെ 69 എഫ്.ഐ.ആറുകൾ (FIR) രജിസ്റ്റർ ചെയ്യുകയും 500 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇതിൽ 222 വിദ്യാർഥികളെ ജാമ്യത്തിൽ വിട്ടിട്ടുണ്ടെന്നും ബിഹാർ സർക്കാർ സുപ്രീംകോടതിയിൽ വ്യക്തമാക്കി. പ്രതിഷേധത്തിനിടെ AK-47 തോക്ക് ഉപയോഗിച്ച പോലീസുകാരനെ സസ്പെൻഡ് ചെയ്തിട്ടുണ്ടെന്നും ഇയാൾക്കെതിരെയുള്ള വകുപ്പുതല നടപടികൾ തുടർന്നു വരികയാണെന്നും സർക്കാർ കോടതിയെ അറിയിച്ചിട്ടുണ്ട്.


