
ചെന്നൈ: തമിഴ്നാട്ടിൽ സ്റ്റാലിൻ 2.0 അധികാരത്തിലേറുമെന്ന് ഉറപ്പിച്ച് ഡി എം കെ പ്രകടന പത്രിക മുഖ്യമന്ത്രി എം കെ സ്റ്റാലിൻ പുറത്തിറക്കി. സ്ത്രീകൾക്കും വിദ്യാർത്ഥികൾക്കും വാഗ്ദാന പെരുമഴയുമായാണ് പ്രകടന പത്രിക സ്റ്റാലിൻ പുറത്തിറക്കിയത്. സ്ത്രീകൾക്ക് പ്രതിമാസം നൽകുന്ന ധനസഹായം 1000 രൂപയിൽ നിന്ന് 2000 രൂപയായി ഉയർത്തുമെന്നതാണ് പ്രധാന വാഗ്ദാനം. നിലവിലെ സർക്കാരിന്റെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ സ്റ്റാലിൻ, ബി ജെ പിയുടെ രാഷ്ട്രീയ നീക്കങ്ങളെ മുൻകൂട്ടി കണ്ട് സ്ത്രീകൾക്കായി പ്രത്യേക പദ്ധതികൾ നടപ്പിലാക്കിയെന്നും അഭിപ്രായപ്പെട്ടു. ബി ജെ പിയുടെ ചതി മുൻകൂട്ടി കണ്ട് 5000 രൂപ സ്ത്രീകളുടെ അക്കൗണ്ടിൽ എത്തിച്ചെന്നും സ്റ്റാലിൻ വിവരിച്ചു. ഡി എം കെ തന്നെ വീണ്ടും അധികാരത്തിൽ വരുമെന്നും സ്റ്റാലിൻ 2.0 ഉറപ്പാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. പ്രകടനപത്രിക സമിതി അധ്യക്ഷ കനിമൊഴിയും വേദിയിലുണ്ടായിരുന്നു.
ക്ഷേമപദ്ധതികളിൽ വലിയ വിപുലീകരണമാണ് പ്രകടനപത്രികയിൽ വിഭാവനം ചെയ്യുന്നത്. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ പത്ത് ലക്ഷം പുതിയ വീടുകൾ നിർമ്മിച്ചു നൽകും. സ്കൂളുകളിലെ പ്രഭാതഭക്ഷണ പദ്ധതി എട്ടാം ക്ലാസ് വരെ വ്യാപിപ്പിക്കുമെന്നും കോളേജ് വിദ്യാർത്ഥിനികൾക്കുള്ള പുതുമൈ പെൺ പദ്ധതി പ്രകാരം പ്രതിമാസം നൽകുന്ന തുക 1500 രൂപയായി വർധിപ്പിക്കുമെന്നും പ്രകടനപത്രികയിൽ പറയുന്നു. മുഖ്യമന്ത്രിയുടെ മെഡിക്കൽ ഇൻഷുറൻസ് പദ്ധതിയുടെ പരിധി അഞ്ച് ലക്ഷം രൂപയാക്കി ഉയർത്തുന്നതിനൊപ്പം വാർദ്ധക്യകാല പെൻഷൻ 1200 രൂപയിൽ നിന്ന് 2000 രൂപയാക്കി വർധിപ്പിക്കുമെന്നും ഡി എം കെ വാഗ്ദാനം ചെയ്യുന്നു.
സാമ്പത്തിക, വിദ്യാഭ്യാസ മേഖലകളിലും വൻ പദ്ധതികളാണ് പാർട്ടി ലക്ഷ്യമിടുന്നത്. 35 ലക്ഷം വിദ്യാർത്ഥികൾക്ക് സൗജന്യ ലാപ്ടോപ്പുകൾ നൽകുന്നതിനൊപ്പം 18 ലക്ഷം കോടിയുടെ വിദേശ നിക്ഷേപം സംസ്ഥാനത്തേക്ക് എത്തിക്കുമെന്നും പ്രകടനപത്രിക ഉറപ്പുനൽകുന്നു. ആദായനികുതി അടയ്ക്കാത്ത കുടുംബങ്ങളിലെ സ്ത്രീകൾക്ക് ഗൃഹോപകരണങ്ങൾ വാങ്ങുന്നതിനായി 8000 രൂപയുടെ കൂപ്പൺ നൽകുമെന്നതാണ് മറ്റൊരു ആകർഷകമായ പ്രഖ്യാപനം. വാഷിംഗ് മെഷീൻ, ഫ്രിഡ്ജ്, ടിവി തുടങ്ങിയവ വാങ്ങാൻ ഈ കൂപ്പൺ ഉപയോഗിക്കാം. കൂടാതെ 5000 ക്ഷേത്രങ്ങളിൽ കുംഭാഭിഷേകം നടത്തുമെന്നും ഡി എം കെ പ്രഖ്യാപിച്ചിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam