ശവസംസ്കാരത്തിന് ആധാർ ആവശ്യപ്പെടരുതെന്ന് ശ്മശാനം അധികൃതരോട് ബെംഗളൂരു കോർപ്പറേഷൻ

By Web TeamFirst Published Feb 11, 2020, 3:34 PM IST
Highlights

മൃതദേഹം സംസ്കരിക്കണമെങ്കിൽ ആധാർകാർഡ് നിർബന്ധമാക്കണമെന്ന നിർദ്ദേശം ശ്മശാനം അധികൃതർക്ക് നൽകിയിട്ടില്ലെന്ന്...

ബെംഗളൂരു: മൃതദേഹം സംസ്കരിക്കുന്നതിനായി ശ്മശാനങ്ങളിലെത്തുന്നവരോട് രേഖയായി പരേതന്‍റെ ആധാർ കാർഡ് ആവശ്യപ്പെടരുതെന്ന് ശ്മശാനം നടത്തിപ്പുകാർക്ക് ബെംഗളൂരു കോർപ്പറേഷൻ(ബിബിഎംപി) താക്കീത് നൽകി.  ഇതു സംബന്ധിച്ച് കഴിഞ്ഞ ദിവസം ബിബിഎംപി സ്പെഷ്യൽ കമ്മീഷണർ സർക്കുലർ ഇറക്കിയിരുന്നു. രേഖയായി ആധാർ കാർഡ് ആവശ്യപ്പെടുന്ന ശ്മശാനം ജീവനക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് സർക്കുലറിൽ പറയുന്നു.

മൃതദേഹം സംസ്കരിക്കണമെങ്കിൽ ആധാർകാർഡ് നിർബന്ധമാക്കണമെന്ന നിർദ്ദേശം ശ്മശാനം അധികൃതർക്ക് നൽകിയിട്ടില്ലെന്നും ആധാർ ലഭ്യമല്ലെങ്കിൽ മരണം ഉറപ്പുവരുത്തിക്കൊണ്ടുള്ള ഡോക്ടറുടെ സർട്ടിഫിക്കറ്റും പരേതന്റെ ഫോട്ടോയും മതിയെന്നും സർക്കുലർ വ്യക്തമാക്കുന്നു. ഇവയൊന്നും ലഭ്യമല്ലാത്തപക്ഷം മരണം സ്ഥാപിച്ചുകൊണ്ട് പരേതന്റെ അടുത്തബന്ധു ശ്മശാനം അധികൃതർക്ക് കത്തു നൽകിയാൽ മതിയെന്നും സർക്കുലറിൽ പറയുന്നുണ്ട്. പരേതന്റെ ഫോട്ടോ സഹിതമാണ് കത്ത് നൽകേണ്ടത് .

മൃതദേഹങ്ങൾ സംസ്കരിക്കുന്നതിനായി നഗരത്തിലെ ശ്മശാനങ്ങളിലെത്തുന്നവരോട് ജീവനക്കാർ പരേതന്റെ ആധാർ ആവശ്യപ്പെടുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ആധാർ നഷ്ടപ്പെട്ട ഒരു സ്ത്രീയുടെ മൃതദേഹം സംസ്ക്കരിക്കുന്നതുബന്ധപ്പെട്ട് വിഷമതകൾ നേരിട്ടതായി ബന്ധുക്കൾ മാധ്യമങ്ങളെ അറിയിച്ചതിനെ തുടർന്നായിരുന്നു ഇത്. 

ഈ റിപ്പോർട്ടുകൾ ബിബിഎംപി അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് സർക്കുലർ പുറത്തിറക്കിയത്. ബെംഗളൂരു നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി 12 വൈദ്യുത ശ്മശാനങ്ങളുൾപ്പെടെ 58 ശ്മശാനങ്ങളാണുള്ളത്. 

click me!