Birbhum Vilence: ക്രിമിനലുകളെ പ്രോത്സാഹിപ്പിക്കുന്നവർക്ക് മാപ്പ് നൽകരുത്; 'ബംഗാൾ സംഘർഷ'ത്തിൽ പ്രധാനമന്ത്രി

Published : Mar 23, 2022, 07:53 PM IST
Birbhum Vilence: ക്രിമിനലുകളെ പ്രോത്സാഹിപ്പിക്കുന്നവർക്ക് മാപ്പ് നൽകരുത്; 'ബംഗാൾ സംഘർഷ'ത്തിൽ പ്രധാനമന്ത്രി

Synopsis

പ്രതികളെ പിടികൂടാൻ കേന്ദ്രത്തിൽ  നിന്ന് സംസ്ഥാനത്തിന് സാധ്യമായ എല്ലാ സഹായവും ലഭ്യമാക്കുമെന്ന് അദ്ദേഹം പറഞ്ഞു. പ്രതികൾക്കെതിരെ സംസ്ഥാന സർക്കാർ കർശന നടപടി എടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. ക്രിമിനലുകളെ പ്രോത്സാഹിപ്പിക്കുന്നവർക്ക് മാപ്പ് നൽകരുതെന്നും മോദി പറഞ്ഞു.  

ദില്ലി: ബംഗാൾ സംഘർഷത്തിൽ (Birbhum Violence)  പ്രതികരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി (PM Modi) . പ്രതികളെ പിടികൂടാൻ കേന്ദ്രത്തിൽ  നിന്ന് സംസ്ഥാനത്തിന് സാധ്യമായ എല്ലാ സഹായവും ലഭ്യമാക്കുമെന്ന് അദ്ദേഹം പറഞ്ഞു. പ്രതികൾക്കെതിരെ സംസ്ഥാന സർക്കാർ കർശന നടപടി എടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. ക്രിമിനലുകളെ പ്രോത്സാഹിപ്പിക്കുന്നവർക്ക് മാപ്പ് നൽകരുതെന്നും മോദി പറഞ്ഞു.

പശ്ചിമബം​ഗാളിലെ രാംപൂര്‍ഹാട്ട് സംഘർഷത്തിന്‍റെ അന്വേഷണ റിപ്പോർട്ട് സമ‍ർപ്പിക്കാന്‍ ബംഗാള്‍ പൊലീസിന് കല്‍ക്കട്ട ഹൈക്കോടതി നിര്‍ദേശം നൽകിയിട്ടുണ്ട്. തെളിവുകള്‍ സംരക്ഷിക്കാന്‍ ക്യാമറകള്‍ സ്ഥാപിക്കണമെന്നും സാക്ഷിക്ക് സുരക്ഷ ഏര്‍പ്പെടുത്തണമെന്നും കോടതി ആവശ്യപ്പെട്ടു. സംഭവത്തിൽ ബിജെപി സിപിഎം വിമർശനം തുടരുന്നതിനിടെ  മുഖ്യമന്ത്രി മമത ബാനർജി നാളെ രാംപൂര്‍ഹാട്ട് സന്ദര്‍ശിക്കും. 

രാംപൂര്‍ഹാട്ടിലെ സംഘർഷത്തിലും എട്ട് പേരുടെ കൊലപാതകത്തിലും മമത സർക്കാരിനെതിരായ വിമ‌ർശനം ശക്തമാക്കുകയാണ് പ്രതിപക്ഷം . രാവിലെ  ബംഗാള്‍ സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലീമിന്‍റെ നേതൃത്വത്തിലുള്ള സിപിഎം സംഘം സംഘർഷ സ്ഥലം സന്ദര്‍ശിച്ചു. പ്രദേശത്ത് സിപിഎം സമാധാന റാലിയും നടത്തി. വൈകിട്ട് പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള ബിജെപി സംഘവും സ്ഥലത്ത് സന്ദര്‍ശനം നടത്തി. എന്നാല്‍ വീടുകള്‍ തീവെച്ച സ്ഥലത്തേക്ക് പാർട്ടി പ്രതിനിധികളെയൊന്നും പൊലീസ് പ്രവേശിപ്പിച്ചില്ല.

സംഭവത്തെ ന്യായീകരിക്കുന്നില്ലെന്നും ശക്തമായ നടപടി ഉണ്ടാകുമെന്നുമായിരുന്നു മുഖ്യമന്ത്രി മമത ബാനർജിയുടെ പ്രതികരണം. വിഷയത്തില്‍ പ്രതിപക്ഷം മേല്‍ക്കൈ നേടാനുള്ള സാഹചര്യം ഒഴിവാക്കാന്‍ മമത തന്നെ നേരിട്ട് രാംപൂർഹട്ടിലേക്ക് പോകുകുയാണ്. മമതയോട് മൃദു സമീപനത്തിലേക്ക് മാറിയ കോണ്‍ഗ്രസും വിഷയത്തില്‍ സർക്കാരിനെതിരെ തിരിഞ്ഞിട്ടുണ്ട്. സംഘര്‍ഷത്തില്‍ ഇന്ന് സ്വമേധയ കേസെടുത്താണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച്  സംഘർഷ കേസ് പരിഗണിച്ചത്. പ്രത്യേക അന്വേഷണസംഘത്തില്‍ അവിശ്വാസമുണ്ടെന്ന വാദം ഉയര്‍ന്നതോടെ  അന്വേഷണം ആരംഭിക്കുമ്പോൾ തന്നെ അന്വേഷണ ഏജൻസിയെ മാറ്റരുതെന്ന് സർക്കാ‍ർ വാദിച്ചു. കേസ് ഏറ്റെടുക്കാൻ തയ്യാറാണെന്നായിരുന്നു സിബിഐ നിലപാട്. എന്നാല്‍ സത്യം കണ്ടെത്താനാകണം അന്വേഷണമെന്ന് പറഞ്ഞ് കോടതി നാളെ റിപ്പോര്‍ട്ട് കൈമാറാന്‍ ആവശ്യപ്പെടുകയായിരുന്നു. തെളിവുകള്‍ നഷ്ടപ്പെടാതിരിക്കാന്‍ ജില്ലാ ജഡ്ജിയുടെ സാന്നിധ്യത്തില്‍ പ്രദേശത്ത് നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു. പ്രായപൂർത്തിയാകാത്ത സാക്ഷിക്ക് എല്ലാവിധ സുരക്ഷയും ഏർപ്പെടുത്തണമെന്നും കോടതി നിര്‍ദേശിച്ചുണ്ട്. സെന്‍ട്രല്‍ ഫോറന്‍സിക് സയന്‍സ് ബ്യൂറോയോട് സ്ഥലത്ത് പരിശോധന നടത്തി തെളിവ് ശേഖരിക്കാനും കോടതി ഉത്തരവിട്ടു. 

ഇതിനിടെ, സ്ഥലത്തെ സംഘര്‍ഷ സാഹചര്യത്തെ തുടര്‍ന്ന് പ്രദേശവാസികള്‍ പലരും വീടൊഴിഞ്ഞ് പോകുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. അക്രമം ഉണ്ടായ സ്ഥലത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.

PREV
Read more Articles on
click me!

Recommended Stories

1.5 കോടി ലോട്ടറി അടിച്ചു, പിന്നാലെ ഭയന്ന ദമ്പതികൾ ഒളിവിൽ പോയി; സുരക്ഷ ഉറപ്പ് നൽകി പോലീസ്
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഫോണിൽ വിളിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു, നിര്‍ണായക സംഭാഷണം മോദി ജോര്‍ദാൻ സന്ദര്‍ശിക്കാനിരിക്കെ