
ലഖ്നൌ: ഉത്തർപ്രദേശിലെ (Uttar Pradesh) കുശിനഗറിൽ വിഷം കലര്‍ന്ന മിഠായി കഴിച്ച് നാല് കുട്ടികൾ മരിച്ചു. സിൻസായി ഗ്രാമത്തിലുള്ള ദളിത് കുടുംബങ്ങളിലെ കുട്ടികളാണ് മരിച്ച്. മരിച്ച നാല് കുട്ടികൾക്കും ഏഴ് വയസ്സിന് താഴെയാണ് പ്രായം. മഞ്ജന, സ്വീറ്റി, സമർ,അരുണ്‍ എന്നീ കുട്ടികളാണ് മരിച്ചത്. വീടിന് മുന്നിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ മിഠായി കുട്ടികൾ കഴിക്കുകയായിരുന്നു. മൂന്നുപേർ കഴിച്ചയുടൻ ബോധരഹിതരായി. നാലാമത്തെയാൾ ആശുപത്രിയിലെത്തിയ ശേഷമാണ് കുഴഞ്ഞു വീണത്. പിന്നീട് നാല് പേരുടെയും മരണം സ്ഥിരീകരിക്കുകയായിരുന്നു.
ഭക്ഷ്യ സുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥരും, ഫോറൻസിക് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി മിഠായി പൊതികളുടെ പരിശോധന തുടരുകയാണ്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിഷം കലർത്തിയ മിഠായികൾ ആരോ കുട്ടികളുടെ വീടിന് മുന്നിൽ ഉപേക്ഷിച്ചതാണ് എന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. രണ്ടുവർഷം മുമ്പ് ഇതേ കുടുംബത്തിലെ മറ്റ് രണ്ട് കുട്ടികൾ സമാന സാഹചര്യത്തിൽ മരിച്ചിട്ടുണ്ടെന്ന് ബന്ധുക്കൾ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. പോസ്റ്റുമോര്‍ട്ടം റിപ്പോർട്ട് ലഭിച്ച ശേഷം കൂടുതൽ നിഗമനങ്ങളിലെത്താൻ കഴിയുകയുള്ളുവെന്ന് പൊലീസ് അറിയിച്ചു.
ഹൈദരാബാദ്: തെലങ്കാനയിലെ (Telangana) സെക്കന്തരാബാദിലെ (Secunderabad) തടി ഗോഡൗണിലുണ്ടായ തീപിടിത്തത്തില്‍ പതിനൊന്ന് തൊഴിലാളികള്‍ പൊള്ളലേറ്റ് മരിച്ചു. ബീഹാര്‍ സ്വദേശികളാണ് മരിച്ചവര്‍. പുലര്‍ച്ചെ തൊഴിലാളികള്‍ ഉറക്കത്തിലായിരുന്ന സമയത്താണ് തീപിടിത്തമുണ്ടായത്. ഗോഡൗണിന്‍റെ ഒന്നാം നിലയിലായിരുന്ന തൊഴിലാളികള്‍ പുറത്തേക്ക് കടക്കാനാകാതെ കുടുങ്ങിപോയി. 12 പേരാണ് ഗോഡൗണിലുണ്ടായിരുന്നത്. 11 പേര്‍ സംഭവസ്ഥലത്ത് വെച്ചുതന്നെ പൊള്ളലേറ്റ് മരിച്ചു. ബീഹാര്‍ സ്വദേശി പ്രേം ജനാലയിലൂടെ പുറത്തേക്ക് ചാടി രക്ഷപ്പെട്ടു. ഗുരുതരമായി പൊള്ളലേറ്റ പ്രേം ചികിത്സയിലാണ്. ഷോര്‍ട്ട്സെര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണം. ഇലക്ട്രിക്കല്‍ സാധനങ്ങളും വയറുകളും അലക്ഷ്യമായി ഗൗഡൗണിലും സമീപത്തെ ആക്രികടയിലും കൂട്ടിയിട്ടിരുന്നു.
കെട്ടിക്കിടന്ന പ്ലാസ്റ്റിക് വസ്തുക്കളില്‍ തീപടര്‍ന്നത് വന്‍ അഗ്നിബാധയ്ക്ക് വഴിവച്ചു. നാല് ഫയര്‍ എഞ്ചിനുകള്‍ മണിക്കൂറുകളോളം നീണ്ട പരിശ്രമത്തിന് ഒടുവിലാണ് തീയണച്ചത്. തൊഴിലാളികള്‍ക്ക് പ്രത്യേക താമസ സൗകര്യവും ഒരുക്കിയിരുന്നില്ല. ഗോഡൗണ്‍ ഉടമയ്ക്ക് എതിരെ പൊലീസ് അന്വേഷണം തുടങ്ങി. പ്രധാനമന്ത്രി നരേന്ദ്രമോദി അപകടത്തില്‍ അതീവദുഖം രേഖപ്പെടുത്തി. രണ്ട് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. തെലങ്കാന സര്‍ക്കാരും അഞ്ച് ലക്ഷം രൂപ കുടുംബാംഗങ്ങള്‍ക്ക് ധനസഹായം നല്‍കുമെന്ന് അറിയിച്ചു. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് എതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് പൊലീസ് വ്യക്തമാക്കി.