
ദില്ലി: രാജ്യത്ത് കൊവിഡ് മുക്തി നേടുന്നവരുടെ നിരക്ക് 76.28 ആയി ഉയർന്നു എന്നും എന്നാൽ മഹാമാരിയെ നിസ്സാരമായി കരുതരുതെന്നും കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർദ്ധൻ. കൊവിഡ് ബാധയുടെ കാര്യത്തിലും രോഗബാധ മൂലം മരിച്ചവരുടെ എണ്ണത്തിലും മുന്നിൽ നിൽക്കുന്ന സംസ്ഥാനങ്ങളിലൊന്നായ മധ്യപ്രദേശിലെ ഇൻഡോറിൽ സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ ഉദ്ഘാടനം ചെയ്ത അവസരത്തിലാണ് മന്ത്രി ഇങ്ങനെ പറഞ്ഞത്. 237 കോടി രൂപയുടെ ആശുപത്രിയുടെ വിർച്വൽ ഉദ്ഘാടനമാണ് മന്ത്രി നിർവ്വഹിച്ചത്.
കൊവിഡ് രോഗമുക്തി നിരക്ക് ദേശീയ തലത്തിൽ 76.28 ശതമാനത്തിലെത്തി. അതേ സമയം മരണനിരക്ക് 1.82 ആയി കുറഞ്ഞിട്ടുണ്ട്. ഏകദേശം നാലു കോടി ജനങ്ങളിൽ കൊവിഡ് പരിശോധന നടത്തിയിട്ടുണ്ട്. ഇവയിൽ വ്യാഴാഴ്ച മാത്രം ഒൻപത് ലക്ഷം പേരിലാണ് കൊവിഡ് പരിശോധന നടത്തിയത്. 'ലോകത്തിന്റെ മറ്റു ഭാഗങ്ങളെ അപേക്ഷിച്ച് നമ്മുടെ രാജ്യം കൊവഡിനെ പ്രതിരോധിക്കാൻ സജ്ജമാണ്. എന്നാൽ കൊറോണ വൈറസിനെ നിസ്സാരമായി കാണരുത്.' മന്ത്രി പറഞ്ഞു.
വീഡിയോ കോൺഫറൻസിലൂടെ പ്രദേശങ്ങളിലെ ജനങ്ങളെ കൊവിഡ് രോഗത്തെക്കുറിച്ച് ബോധവാൻമാരാക്കാനും രോഗം പടരാതിരിക്കാൻ സർക്കാർ മാർഗനിർദ്ദേശങ്ങൾ പാലിക്കാൻ അവരെ പ്രേരിപ്പാക്കാനും നേതാക്കളോട് മന്ത്രി നിർദ്ദേശിച്ചു. 'പ്രധാനമന്ത്രിയുടെ മോദിയുടെ നേതൃത്വത്തിൻ കീഴിൽ നാം എല്ലാവരും ഐക്യത്തോടെ പ്രവർത്തിച്ചാൽ കൊറോണ വൈറസിനെതിരെയുള്ള പോരാട്ടം ജയിക്കാൻ സാധിക്കുമെന്ന് എനിക്കുറപ്പുണ്ട്.' മന്ത്രി കൂട്ടിച്ചേർത്തു.
രാജ്യത്ത് 75 സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികൾ നിർമ്മിക്കാനുള്ള തയ്യാറെടുപ്പുകൾ നടന്നു കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. മധ്യപ്രദേശിലെ നാലഞ്ച് സ്ഥലങ്ങളിൽ കൊവിഡ് ബാധ വളരെ കൂടുതലാണെന്നും അവിടങ്ങളിൽ സർക്കാർ പ്രത്യേക ശ്രദ്ധ നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ വർഷം ഭോപ്പാലിൽ നാഷണൽ സെന്റർ ഫോർ ഡിസീസ് കൺട്രോൾ ബ്രാഞ്ച് ആരംഭിക്കും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam