'ജയിക്കുമെന്ന് ഉറപ്പില്ല'; രാഹുൽ ഗാന്ധിയിൽ 'അവിശ്വാസം' രേഖപ്പെടുത്തി നേതാക്കൾ

By Web TeamFirst Published Aug 29, 2020, 11:24 AM IST
Highlights

തർക്കം വ്യക്തികൾ തമ്മിലല്ലെന്നും പ്രശ്നാധിഷ്ഠിതമാണെന്നും അദ്ദേഹം നിലപാടെടുത്തു. തങ്ങൾ ഉന്നയിച്ച വിഷയങ്ങൾ ബിജെപിയെ മറികടക്കാൻ സഹായിക്കുന്നതാണ്

ദില്ലി: രാഹുല്‍ ഗാന്ധിക്കെതിരെ നിലപാട് കടുപ്പിച്ച് കത്തെഴുതിയ നേതാക്കള്‍. അടുത്ത പൊതു തെരഞ്ഞെടുപ്പില്‍ രാഹുല്‍ നയിച്ചാല്‍ വിജയം ഉറപ്പിക്കാനാവില്ലെന്ന് നേതാക്കള്‍ വിലയിരുത്തി. അധ്യക്ഷ സ്ഥാനത്തേക്ക് രാഹുല്‍ ഗാന്ധിക്കെതിരെ മത്സരിച്ചേക്കുമെന്ന സൂചനയും നേതാക്കള്‍ നല്‍കുന്നുണ്ട്. 

ഗാന്ധി കുടംബത്തിനെതിരെയല്ല നീക്കമെന്ന് നേതാക്കള്‍ ആവര്‍ത്തിക്കുമ്പോഴും ഉന്നം രാഹുല്‍ഗാന്ധി തന്നെയാണ്.  24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നേതാവായിരിക്കണം പാര്‍ട്ടി അധ്യക്ഷനെന്ന് കപില്‍ സിബല്‍ വ്യക്തമാക്കിയതിന് പിന്നാലെയാണ് വരാന്‍ പോകുന്ന തെര‍ഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള നേതാക്കളുടെ നീക്കം. നിലവിലെ സാഹചര്യത്തില്‍ രാഹുല്‍ നയിച്ചാല്‍ അടുത്ത തെരഞ്ഞെടുപ്പിലും കാര്യമായ നേട്ടം പാര്‍ട്ടിക്ക് കൈവരിക്കാനാവില്ലെന്നാണ് നേതാക്കളുടെ പക്ഷം. 2014ലേയും, 2019ലേയും തെര‍ഞ്ഞെടുപ്പുകളില്‍ സംഭവിച്ചതെന്തെന്ന്  വ്യക്തമാണ്. അതിനാല്‍ പാര്‍ട്ടിയുടെ ഇപ്പോഴത്തെ  സാഹചര്യം കൂടി പരിഗണിച്ച് വേണം നിര്‍ണ്ണായ തീരുമാനങ്ങളെടുക്കാനെന്നാണ് നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നത്. 

എഐസിസി സമ്മേളനത്തോടെ സോണിയ ഗാന്ധി അധ്യക്ഷ പദം വിടുമെന്ന് വ്യക്തമാക്കിയ സാഹചര്യത്തില്‍ പുതിയ അധ്യക്ഷനെ കുറിച്ചുള്ള ചര്‍ച്ചകള്‍ ഇപ്പോഴേ തുടങ്ങണമെന്നാണ് നേതാക്കള്‍ പറഞ്ഞു വയ്ക്കുന്നത്. സോണിയഗാന്ധിക്ക്  പകരം ആരെന്നതില്‍  നിര്‍ദ്ദേശങ്ങളൊന്നും നേതാക്കള്‍ മുന്‍പോട്ട് വയ്ക്കുന്നില്ല. രാഹുല്‍ വീണ്ടും അധ്യക്ഷ പദവിയിലേക്ക് വന്നാല്‍ അദ്ദേഹത്തിനെതിരെ  മത്സരിച്ചേക്കുമെന്ന സൂചനയും  നേതാക്കള്‍ മുന്‍പോട്ട്  വയ്ക്കുന്നുണ്ട്.  സംഘടന തെരഞ്ഞെടുപ്പ് നടത്തണമെന്ന ആവശ്യം കത്തെഴുതിയ നേതാക്കള്‍ ഉന്നയിച്ചെങ്കിലും   അതേ കുറിച്ചുള്ള ആലോചനകള്‍ തത്കാലമില്ലെന്നാണ്  ഒരു മുതിര്‍ന്ന നേതാവ് വ്യക്തമാക്കിയത്.  അതേ സമയം വിമത സ്വരമുയര്‍ത്തിയ നേതാക്കളെ പാര്‍ലമെന്‍ററി സമിതികളില്‍ നിന്ന് ഒഴിവാക്കിയതിലും മുറുമുറുപ്പ് ഉയരുന്നുണ്ട്. 

click me!