'ഞങ്ങളുടെ രോഗികളെ പരിശോധിക്കേണ്ട', ഞങ്ങളോട് സംസാരിക്കൂ, ആവശ്യങ്ങൾ അംഗീകരിക്കൂ എന്ന് കർഷകർ

By Web TeamFirst Published May 20, 2021, 3:25 PM IST
Highlights

''കർഷക പ്രതിഷേധത്തിൽ ഇതുവരെ 470 പേർ രക്തസാക്ഷികളായി. നിരവധി പേർക്ക് ജോലി ഉപേക്ഷിക്കേണ്ടിവന്നു. സ്വന്തം പൗരന്മാരോട് എത്ര മനുഷ്യത്വ രഹിതമായാണ് സർക്കാർ പെരുമാറുന്നത്...''

ദില്ലി: കാർഷിക നിയമത്തിനെതിരെ കഴിഞ്ഞ ആറ് മാസത്തോളമായി ദില്ലി അതിർത്തികളിൽ തുടരുന്ന സമരം ഈ കൊവിഡ് മഹാമാരി കാലത്തും അവസാനിപ്പിച്ചിട്ടില്ല കർഷകർ. ദില്ലിയിൽ ശക്തമായ മഴ തുടരുമ്പോഴും കർഷകർ സമരത്തിൽ തന്നെയാണ്. ഇതിനിടെ ഞങ്ങളുടെ രോ​ഗികളെ പരിശോധിക്കേണ്ട, ഞങ്ങളോട് സംസാരിക്കൂ, ഞങ്ങളുടെ ആവശ്യങ്ങൾ അം​ഗീകരിക്കൂ - കർഷകർ പറ‍ഞ്ഞു. 

കർഷക പ്രതിഷേധത്തിൽ ഇതുവരെ 470 പേർ രക്തസാക്ഷികളായി. നിരവധി പേർക്ക് ജോലി ഉപേക്ഷിക്കേണ്ടിവന്നു. സ്വന്തം പൗരന്മാരോട് എത്ര മനുഷ്യത്വ രഹിതമായാണ് സർക്കാർ പെരുമാറുന്നത്. രാജ്യത്തെ കർഷകരുടെ ക്ഷേമം സർക്കാരിന് പ്രധാനമാണെങ്കിൽ അവരോട് സംസാരിക്കാൻ തയ്യാറാവണം. അവരുടെ ആവശ്യങ്ങൾ അം​ഗീകരിക്കണം. - സംയുക്ത കിസാൻ മോർച്ച (എസ്കെ എം) ആവശ്യപ്പെട്ടു. 

പഞ്ചാബ്, ഹരിയാന, പശ്ചിമ ബം​ഗാൾ, പശ്ചിമ ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ നിന്നുള്ള ആയിരക്കണക്കിന് കർഷകരാണ് ദില്ലിയിലെ അതിർത്തിയിൽ പ്രതിഷേധിക്കാനെത്തിയത്. സിങ്ഘു, തിക്രി, ​​ഗാസിയാബാദ് എന്നീ അതിർത്തികളിൽ ആറ് മാസമായി ഇവർ പ്രതിഷേധിക്കുകയാണ്.

11 തവണ സർക്കാരും കർഷകരും തമ്മിൽ ചർച്ച നടന്നു. ഇരുഭാ​ഗങ്ങളിൽ നിന്നും വിട്ടുവീഴ്ചയും ഉണ്ടാകാതെ ആവശ്യങ്ങളിൽ ഉറച്ച് നിന്നു. 12 മുതൽ 18 മാസങ്ങൾക്കുള്ളിൽ പുതിയ കാർഷിക നിയമം ഉപേക്ഷിക്കാമെന്ന് ജനുവരിയിൽ കേന്ദ്രം മുന്നോട്ട് വച്ചെങ്കിലും കർഷകർ അം​ഗീകരിച്ചില്ല. 

click me!